തിരുവനന്തപുരം: തീരദേശപരിപാലന പദ്ധതി സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ 175 പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിച്ചേക്കും. നഗരസ്വഭാവമുള്ളവയായി വിജ്ഞാപനം ചെയ്ത 175 പഞ്ചായത്തുകള്‍ സിആര്‍ഇസെഡ് സോണ്‍ മൂന്നില്‍ നിന്ന് കൂടുതല്‍ ഇളവുകളുള്ള സോണ്‍ രണ്ടിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും അംഗീകാരമായി.
തീരദേശപരിപാലന പദ്ധതി സംബന്ധിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ധസമിതിയുടെ ശിപാര്‍ശകള്‍ക്കാണ് അംഗീകാരം നല്‍കിയത്. വിദഗ്ധസമിതിയുടെ ശിപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാരിന് തീരപരിപാലന അതോറിറ്റി സമര്‍പ്പിച്ചിരുന്നു. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. നടപടിക്രമം എന്ന നിലയിലാണ് മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കിയത്.
പൊക്കാളിപ്പാടങ്ങളുടെ കാര്യത്തില്‍ വേലിയേറ്റരേഖ ബണ്ടുകള്‍ക്ക് പുറത്തേക്ക് പോകാതെ നിജപ്പെടുത്തുക, ബണ്ടുകളില്‍ 1991ന് മുമ്പ് നിര്‍മിച്ച നീര്ച്ചാലുണ്ടെങ്കില് ആ ഭാഗത്തെ സിആര്‍ഇസെഡ് നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുക, എല്ലാ ചെറിയ ദ്വീപുകളെയും സോണില്‍ അടയാളപ്പെടുത്തുന്നതിനു പകരം സര്‍വെ ഒാഫ് ഇന്ത്യയുടെ നിബന്ധനയനുസരിച്ചുള്ള അടയാളപ്പെടുത്തല്‍ മതി തുടങ്ങിയ ശിപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ പുറപ്പെടുവിച്ച തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് പ്ലാനിലെ അപാകതകള്‍ പരിശോധിച്ച് പരിഹാരനിര്ദേശങ്ങള് സമര്‍പ്പിക്കാനാണ് പരിസ്ഥിതി അഡീഷനല്‍ ചീഫ് സെക്രട്ടറിയായ വേണുവിന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: