ന്യൂദല്‍ഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കാന്‍ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തിയിലെ ചൈനീസ് സേനാ പിന്മാറ്റത്തിന്റെ വേഗം പോരെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളിലെ പിരിമുറുക്കത്തിന്റെ ആഘാതം കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ദൃശ്യമാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനം സുസ്ഥിരവും സഹകരണപരവുമായ ബന്ധങ്ങളുടെ അടിത്തറയാണ്. ബന്ധം നല്ലരീതിയിലാക്കാന്‍ കരാറുകള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.
ഇതിനായി നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ തുടരും. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകണം. പാംഗോംങ് അടക്കമുള്ള മേഖലയില്‍ സംഘര്‍ഷാവസ്ഥയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെങ്കില്‍ സൈന്യം പ്രദേശത്ത് നിന്നും പൂര്‍ണ്ണമായും പിന്മാറേണ്ടതായുണ്ടെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
2020ന് ശേഷം പ്രദേശത്ത് വലിയ സംഘര്‍ഷമാണ് ചൈനീസ് സൈന്യം സൃഷ്ടിച്ചത്. നിര്‍ഭാഗ്യകരമായ ഒരുപാട് കാര്യങ്ങള്‍ അതിര്‍ത്തിയില്‍ അരങ്ങേറി. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഇനി ഉണ്ടാകരുതെന്ന മുന്നറിയിപ്പും അതൃപ്തിയും വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചു. മൂന്ന് മണിക്കൂറോളം വാങ് യിയുമായി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തി.
അഫ്ഗാന്‍, യുക്രെയ്ന്‍ വിഷയങ്ങളും കൂടിക്കാഴ്‌ച്ചയില്‍ ചര്‍ച്ച ചെയ്തതായി ജയ്ശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൈനയില്‍ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥയും യോഗത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി യുവാക്കളുടെ ഭാവി ഉള്‍പ്പെടുന്നതിനാല്‍ ചൈന വിവേചനരഹിതമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയ്ശങ്കര്‍ വ്യക്തമാക്കി. ചൈന ആതിഥ്യമരുളുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്നും ജയശങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: