ബെംഗളൂരു: യൂണിഫോമിന്റെ നിറത്തിലുളള ഹിജാബുകള്‍ ധരിച്ച് പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് യു.ടി ഖാദര്‍. നിയമസഭയിലാണ് അദേഹം ആവശ്യം ഉന്നയിച്ചത്. അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥിനികളുടെ ഭാവിയെ ബാധിക്കുമെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപ നേതാവ് കൂടിയായ യുടി ഖാദര്‍ ആവശ്യപ്പെട്ടു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യയും ഖാദറിന്റെ അഭിപ്രായത്തെ അനുകൂലിച്ചു. എന്നാല്‍ തങ്ങള്‍ ഹൈക്കോടതി വിധിക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാഗേഷ് മറുപടി നല്കി.
കോളേജുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. യൂണിഫോം ന്യായമായ നിയന്ത്രണമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ 11 ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ എല്ലാ വിദ്യാര്‍ത്ഥികളും മതചിഹ്നങ്ങള്‍ ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഫെബ്രുവരി 10 ലെ ഇടക്കാല ഉത്തരവിനെ പെണ്‍കുട്ടികള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
ജനുവരി ഒന്നിന് ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റി കോളേജിലെ അധികാരികള്‍ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് ആറ് മുസ്ലീം പെണ്‍കുട്ടികളെ കോളേജ് യൂണിഫോം അടിസ്ഥാനത്തില്‍ വിലക്കിയതോടെയാണ് ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വിവാദം പിന്നീട് കര്‍ണാടകയിലെ മറ്റ് കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: