ചൈനയുടെ രാഷ്ട്രീയ ചതുരംഗപ്പലകയിലെ നിര്‍ണ്ണായക കരുക്കളാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും രാഹുല്‍ ഗാന്ധിയും. ദേശീയതയെ തളര്‍ത്തി കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ-അധിനിവേശ അജണ്ട നടപ്പാക്കി പ്രതിഫലം വാങ്ങാന്‍ കൈയും മെയ്യും മറന്ന് പണിയെടുക്കാന്‍ ഒരമ്മ പെറ്റ മക്കളെപോലെ ഒരുമിച്ചു നില്‍ക്കുന്നവരാണ് അവരിരുവരും. പക്ഷേ കാലക്കേട് ബാധിച്ച ഇമ്രാന്‍ഖാനെ പാകിസ്ഥാനു വേണ്ടാതെയായി. രാഹുലിനെയാണെങ്കില്‍ ഭാരതം അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാറിയ അന്തരീക്ഷത്തില്‍, രാഹുലും ഇമ്രാനും അതാത് രാജ്യങ്ങളില്‍ സ്വയം അപ്രസക്തരാകും വരെ കാത്തിരിക്കുമോ അതോ പകരക്കാരെ ഉടനെ കണ്ടെത്തി ചൈന അവരുടെ സാമ്രാജ്യത്വ ലക്ഷ്യത്തിന് പുതിയ രണതന്ത്രം മെനഞ്ഞ് രണ്ടു പേരെയും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമോയെന്നതാണ് ഇനിയിപ്പോള്‍ അറിയാനുള്ളത്.
പാക് രാഷ്ട്രീയത്തില്‍ വെറുക്കപ്പെട്ടവനായി മാറിയ ഇമ്രാന് ഖാന് അവരുടെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം നേരിടുകയാണ്. ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥ പാങ് ചുന്‍ഗ്സ്വേ, പാകിസ്ഥാന് മുസ്ലീം ലീഗുള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിളിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് ദിവസങ്ങളായി. സമാന്തരമായി പല ചെറു പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തിന് അനുകൂലമാകുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. ഭരണം തുടരാന്‍ 172പേരുടെ പിന്തുണ വേണ്ടിടത്ത് സ്വന്തം പാര്‍ട്ടിയിലെ 155പേരില്‍ 24 പേര് വിമതശബ്ദം ഉയര്‍ത്തിയും കഴിഞ്ഞു. പാക് ഭരണകൂടത്തെ എന്നും മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ചിട്ടുള്ള അവിടത്തെ സൈനിക നേതൃത്വവും ഐഎസ്ഐയും ഇമ്രാനോട് അത്ര സൗഹൃദത്തിലല്ലായെന്നതാണ് ലഭ്യമായ വാര്‍ത്തകളും വിശകലനങ്ങളും സൂചിപ്പിക്കുന്നത്. അമേരിക്കയുടെയും ചൈനയുടെയും പിന്നാലെ കൂടുകയും പലപ്പോഴും അവര്‍ തമ്മിലുള്ള ഇടപാടുകളില്‍ ഇടനിലക്കാരായി നില്‍ക്കുകയും ചെയ്താണ് പാക് രാഷ്ട്രീയത്തിലെയും സൈന്യത്തിലെയും സ്ഥാപിത തല്‍പ്പരരായ വരേണ്യവര്‍ഗം അവരുടെ കീശകള്‍ നിറച്ചിരുന്നത്. അതില്‍ത്തന്നെ അമേരിക്കയുമായുള്ള ആയുധവ്യാപാരം അവര്‍ക്കൊക്കെ അക്ഷയഖനികളായിരുന്നു. ഇമ്രാന്റെ ഭരണം അമേരിക്കയില്‍ നിന്ന് അകന്നുമാറി ചൈനയുടെ പക്ഷത്തേക്ക് പൂര്‍ണ്ണമായി ചാഞ്ഞപ്പോള്‍ പാക്ക് അധികാരികളില്‍ പലരുടെയും ഭാഗ്യരേഖ മുറിഞ്ഞു. ഒപ്പം തന്നെ അമേരിക്കന്‍ പ്രതിരോധ സാമഗ്രികള്‍ക്കുപകരം ചൈനയില്‍ നിന്നുമാത്രമുള്ള കച്ചവടത്തിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ കടമായി വാങ്ങിക്കൂട്ടുന്നതൊക്കെ കാര്യത്തിന് കൊള്ളാവുന്നതാണോയെന്ന സന്ദേഹവും സൈന്യത്തിന്റെ തലപ്പത്തുള്ളവരുടെ ഉറക്കം കെടുത്തി. പാക് സാമ്പത്തിക രംഗമാണെങ്കില്‍ തകര്‍ച്ചയുടെ വക്കത്തും. അവിടെ ചൈന, തങ്ങളുടെ അധീനതയിലുള്ള പാക് പാവ ഭരണകൂടത്തിന്റെ പദവി ഇമ്രാനു തന്നെ നല്‍കുമോ അതോ പുതിയ കൂട്ടാളിയെ കണ്ടെത്തുമോയെന്നതാണ് ചോദ്യം.മറുഭാഗത്ത് ചൈനയുടെയും പാകിസ്ഥാന്റെയും പൊതുശത്രുവായ ഭാരതമാണെങ്കില്‍ ശക്തിയാര്‍ജ്ജിക്കുന്നു. ‘ആത്മനിര്‍ഭര ഭാരതത്തിലൂടെ’ പ്രതിരോധ അടിസ്ഥാനമേഖലയില്‍ സ്വാശ്രയത്വത്തിലൂന്നിയ ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് ചുവടുകള്‍ തെറ്റാത്ത മുന്നേറ്റവും തുടങ്ങിക്കഴിഞ്ഞു. ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനു ശേഷം ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യത്തിലും ഭാരതം അതിന്റെ താത്പര്യങ്ങള്‍ ബലി കഴിക്കാതെ അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കരുത്തും കാര്യക്ഷമതയും പ്രകടമാക്കി. അങ്ങനെ ഭാരതം ശക്തമാകുകയും പാക്കിസ്ഥാന് ദുര്‍ബലമാകുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ചൈനയുടെ ഭാരതവിരുദ്ധ രണതന്ത്രത്തില്‍ വിള്ളല്‍ വീഴുന്നത് വ്യക്തമാകുന്നത്. നരേന്ദ്രമോദിക്ക് ബദലായി ഇവിടെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ചൈനയും പാകിസ്ഥാനും ശ്രമിച്ചു നോക്കിയ രാഷ്ട്രീയ ബദലായ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്സ്, നാടന്‍ നക്സല്‍, കാടന്‍ നക്സല്‍, മത തീവ്രവാദ, മതപരിവര്‍ത്തനവാദ കൂട്ടായ്മയും തകരുവാന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍, ഇന്ന്, പ്രകടമാണ്. അതിന് ചൈന മുടക്കിയ മുതലൊക്കയും മുടിഞ്ഞുപോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആ കൂട്ടായ്മയെ മുമ്പില്‍ നിന്നു നയിക്കാന്‍ അവര്‍ കണ്ടെത്തിയ രാഹുലിന്റെ പിടിപ്പുകേടാണ്, ഭാരതീയ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ തന്നെ അപ്രസക്തമാക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുന്നു.
ഇമ്രാനെതിരെയുള്ള അവിശ്വാസം പാക് നിയമനിര്‍മ്മാണ സഭയുടെ പരിഗണനയിലാണെങ്കില്‍ രാഹുലിനെതിരെയുള്ള അവിശ്വാസം ഭാരതീയ പ്രതിപക്ഷത്തിന്റെ കൂട്ടായ്മകള്‍ക്കുള്ളില്‍ സജീവമായി പരിഗണിക്കപ്പെടുകയാണ്. ഇമ്രാനെ കൂട്ടുകക്ഷികള്‍ ഓരോന്നും കൈയൊഴിയുകയാണ്. രാഹുലിനോടും കൂട്ടുകക്ഷികള്‍ താത്പര്യക്കുറവ് പ്രകടമാക്കിക്കഴിഞ്ഞു. കണ്ടതും കേട്ടതുമായ തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ ചൈന തന്നെയാകും പരോക്ഷമായ ഇടപെടലിലൂടെ, നരേന്ദ്രമോദിയുടെ എതിരാളിയെ കണ്ടെത്താന്‍ പോകുന്നതെന്നതില്‍ സംശയം തോന്നേണ്ട കാര്യമില്ല. പക്ഷേ, ചൈനയുടെയും പാകിസ്ഥാന്റെയും പാശ്ചാത്യശക്തികളുടെയും താത്പര്യം സംരക്ഷിക്കാന്‍ നറുക്ക് വീഴുന്ന ആ ‘അവതാരത്തിനെതിരെ’, നിലയുറപ്പിക്കാന്‍ ഭാരതം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ സന്നദ്ധരാണെന്ന സൂചന ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് ഇമ്രാനെയും രാഹുലിനെയും അവരവരുടെ ഇടങ്ങളില്‍ ചൈനീസ് യജമാനന്മാര് പുനര്‍വിനിയോഗിച്ചാലും പകരക്കാരെ കണ്ടെത്തിയാലും ഭാരതത്തിന് അതൊന്നും ഭീഷണിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: