കോഴിക്കോട്: ജീവിതത്തിരക്കില്‍ നഷ്ടപ്പെട്ടു പോകുന്ന കുടുംബ ബന്ധത്തെക്കുറിച്ച് ഇരുത്തിചിന്തിപ്പിക്കുന്ന, ഡോ.മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച, ‘അമ്മയുടെ കുട’ എന്ന് ഷോര്‍ട് ഫിലിം കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളില്‍ പ്രദര്‍ശിപ്പിച്ചു. ജീവിതത്തിലെ നേരനുഭവങ്ങളാണ് മധു മീനച്ചില്‍ സിനിമയാക്കിയത്. കേസരി വാരികയില്‍ എഴുതിയ ‘മുലപ്പാല്‍ മണമുള്ള ചന്ദനത്തിരികള്‍ ‘എന്ന കഥയാണ് സിനിമയായി മാറിയത്. മാറിവരുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ രക്ഷിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളാന്‍ നിര്ബ്ബന്ധിതരാവുന്നവരുടെ ധര്‍മ്മസങ്കടത്തിലേക്കാണ് സിനിമ പ്രേക്ഷകരെയെത്തിക്കുന്നത്.
അതേസമയം ഭാരതീയ കുടുംബസങ്കല്‍പ്പത്തിന്റെ മഹത്വവും സിനിമ ഊന്നിപ്പറയുന്നു. ഡോ. മുകുന്ദന്റെയും ഡോ. സഞ്ജയന്റെയും അവരുടെ കുടുംബത്തിന്റെയും കഥയാണ് സിനിമയിലൂടെ ഡോ. മധു അവതരിപ്പിക്കുന്നത്. രണ്ടു പേരും സഹപാഠികളും കുടുംബ സുഹൃത്തുക്കളുമാണ്. ഒരാള്‍ ഭാര്യയുടെ സമ്മര്‍ദ്ദം സഹിക്കാനാവാതെ അമ്മയെ വൃദ്ധസദനത്തിലേക്ക് തള്ളാന്‍ നിര്‍ബ്ബന്ധിതനാവുന്നു. അമ്മയെ ശുശ്രൂഷിക്കാന്‍ വേണ്ടി മാത്രം അമേരിക്കയിലെ സമ്പന്ന ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുകയാണ് മറ്റൊരു കുടുംബം.
ഇവരുടെ ജീവിതത്തിലെ സങ്കീര്‍ണ്ണമായ വഴിത്തിരിവുകളിലൂടെയാണ് സിനിമ മുന്നേറുന്നത്. അമ്മയുടെ മഹത്വം തിരിച്ചറിഞ്ഞ് തിരിച്ചെത്തുന്ന മകനെ കാത്തിരുന്നത് അമ്മ എല്‍പ്പിച്ചു പോയ കുടയാണ്. അമ്മയുടെ ഓര്‍മ്മകള്‍ തുടിക്കുന്ന കുട ഏറ്റു വാങ്ങിക്കരയുന്ന അമ്മ നമുക്കിടയില്‍ പലപ്പോഴും കണ്ടുമുട്ടുന്ന മക്കളിലൊരാളാണ്. ജീവിത സായാഹ്നത്തില്‍ തളര്‍ന്നു പോയ അമ്മയെ ചേര്‍ത്തു പിടിക്കുന്നവരുടെ ദൃശ്യങ്ങളോടെ സിനിമ വര്‍ത്തമാനകാല അനുഭവങ്ങളാണ് പ്രേക്ഷകനിലേക്ക് പകരുന്നത്.
ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആറാമത് ഷോര്‍ട്ട് ഫിലിമാണ് അമ്മയുടെ കുട. ഉണ്ണി നീലഗിരിയാണ് ക്യാമറയും എഡിറ്റിങ്ങും. വിധുബാല, പി.ആര്.നാഥന്, സ്വാമി നരസിംഹാനന്ദ എന്നിവര്‍ പ്രദര്‍ശന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: