തിരുവനന്തപുരം: വനിതാ ക്ഷീര കർക്ഷകക്കെതിരെ ദ്രോഹ നടപടികളുമായി സർക്കാർ വകുപ്പുകൾ. മാലിന്യത്തിന്റെ കാര്യം പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഫാം ഹൗസ് അടച്ചുപൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭ നേമം സോണൽ ഓഫീസിന്റെ നോട്ടീസ്. സർക്കാർ സ്ത്രീകൾക്കൊപ്പമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും വനിതാ സംരംഭകർക്ക് വ്യവസായം തുടങ്ങാനും ഉള്ളവനിലനിർത്താനും നിരവധി ഇളവുകൾ നൽകുമെന്നും വിളിച്ച് കൂവുന്ന ഇടതു സർക്കാർ പ്രഖ്യാപിക്കുമ്പോൾ തന്നെയാണ് വനിതാ ക്ഷീരകർഷകയ്‌ക്കെതിരായ നീക്കവും.
തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡിൽ ഉഴുന്നുവിള ലെയ്നിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന സുധീഷ് കുമാറിന്റെ ഭാര്യ ശാലിനിക്കാണ് ഡയറി ഫാം തുടങ്ങിയതിന്റെ പേരിൽ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നത്. ശാസ്ത്രീയമായ രീതിയിൽ ഗോമൂത്രവും പശുവിനെ കുളിപ്പിക്കുന്ന വെള്ളവും അപ്പോഴപ്പോൾ തൊഴുത്തിനു സമീപമുള്ള ചെറിയ മാൻ ഹോളിൽ എത്തും. അവിടെ നിന്ന് പിവിസി പൈപ്പിലൂടെ നൂറ് മീറ്ററകലെ ശാലിനിയുടെ തന്നെ ഒരു പുരയിടത്തിൽ സ്ഥിച്ചിരിക്കുന്ന ഒരു ടാങ്കിൽ എത്തിച്ചേരും. ഗോമൂത്രവും മലിനജലവും ഉൾപ്പടെയുള്ളവ ഒരു തരത്തിലും ഭൂമിയിൽ താഴാതിരിക്കാൻ തക്ക രീതിയിലാണ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്.
പത്ത് അടി താഴ്ചയിൽ ഉറ ഇറക്കി തറ കോൺക്രീറ്റ് ചെയ്ത് ടാങ്കിന്റെ ഉൾവശം ലീക്ക് പ്രൂഫ് ചെയ്താണ് ടാങ്കിന്റെ നിർമ്മാണം. കൂടാതെ ടാങ്കിൽ ഓട്ടോമാറ്റിക്ക് സ്ലറി പമ്പ് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിൽ ഒരു പരിധിയിൽ അധികം വെള്ളം നിറയുമ്പോൾ പമ്പ് തനിയെ പ്രവർത്തിച്ച് വെളളം സമീപത്ത് നാലടി പൊക്കത്ത് സ്ഥാപിച്ചിട്ടുള്ള രണ്ടായിരം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിലേക്ക് നിറയ്‌ക്കും. ഇങ്ങനെ നിറയ്‌ക്കുന്ന വെള്ളം അഞ്ഞൂറ് ലിറ്റർ ടാങ്കുകളിലേക്ക് പകർന്ന് കുറച്ച് മാറി ശാലിനി തന്നെ ഒരേക്കർ സ്ഥലം ലീസിനെടുത്ത് തീറ്റപ്പുൽ കൃഷി ചെയ്യുന്ന സ്ഥലത്തേക്ക് ജീപ്പിൽ കൊണ്ടുപോയി അവിടത്തെ കൃഷിക്ക് ജലസേചനം ചെയ്യുകയാണ് പതിവ്. കൂടാതെ ചാണകം തൊഴുത്തിന് സമീപം ചാണകക്കുഴിയൊന്നും തന്നെയില്ലാതെ രാവിലെയും വൈകുന്നേരവും അവിടെ നിന്നും ഇരുന്നൂറ് മീറ്റർ മാറിയുള്ള മറ്റൊരു പുരയിടത്തിൽ എത്തിച്ച് അവിടെ നിർമ്മിച്ചിട്ടുള്ള ആയിരം സ്ക്വയർ ഫീറ്റ് യുവി ഷീറ്റ് കവർ ചെയ്ത ഷെഡിൽ ഉണക്കി മെഷീൻ ഉപയോഗിച്ച് പൊടിച്ച് കർഷകർക്ക് കൃഷി ആവശ്യത്തിനായി നൽകുന്നു.
ഇങ്ങനെ ഒരു തൊഴുത്തിൽ നിന്നും ഉണ്ടാകുന്ന എല്ലാ വേസ്റ്റുകളും ആ തൊഴുത്തിന് സമീപം ഭൂമിയിൽ കലരാതെ നോക്കുന്നതിൽ ശ്രദ്ധിക്കുന്നു. കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം ഒരു ബയോഗ്യാസ് പ്ലാൻറും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ഒരു ഡയറി ഫാമിലും ഇല്ലാത്ത രീതിയിലുള്ള വൃത്തിയും വെടിപ്പുമുള്ള ദുർഗന്ധമൊട്ടുമില്ലാത്ത ശാസ്ത്രീയമായ വേസ്റ്റ് മാനേജ്മെൻറ് രീതി സ്വീകരിക്കുന്ന ഡയറി ഫാം പൂട്ടിക്കാനാണ് നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. പതിനെട്ട് വലിയ പശുക്കളും നാല് ചെറിയ പശുക്കളും ഇരുപതിലധികം ആടുകളും ഉണ്ടായിരുന്ന ശാലിനി അധികൃതർ പറഞ്ഞതനുസരിച്ച് മുഴുവൻ ആടുകളെയും വിൽക്കുകയും പശുവിന്റെ എണ്ണം പതിനാലായി കുറയ്‌ക്കുകയും ചെയ്തു. എന്നിട്ടും നിയമത്തിന്റെ പേര് പറഞ്ഞ് ഇരുപത്തി നാല് മണിക്കൂറിനകം ഫാം പൂട്ടണമെന്ന് നോട്ടീസ് നൽകിയിരിക്കുകയാണ്.
അപൂർവ്വയിനത്തിൽപ്പെട്ട വെച്ചൂർ പശു ഉൾപ്പടെയുള്ള പശുക്കൾ ഉള്ള ഫാം പൂട്ടിച്ചാൽ ഇവയെ എങ്ങോട്ട് മാറ്റും എന്നും ശാലിനി ചോദിക്കുന്നു. പശു പരിപാലനത്തിനായി കേന്ദ്ര സർക്കാർ ലക്ഷകണക്കിന് രൂപ കിസാൻ ക്രഡിറ്റ് കാർഡ് വഴി കർഷകർക്ക് നൽകി അവരെ സഹായിക്കുകയും സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്തു സംവിധാനങ്ങളും ക്ഷീര കർഷകർക്ക് വേണ്ട പ്രോൽസാഹനം നൽകുമ്പോഴുമാണ് തിരുവനന്തപുരം കോർപ്പറേഷന്റെ ക്ഷീര കർഷകയോടുള്ള ഈ അനീതി.
പ്രതിഷേധവുമായി ബി ജെ പി രംഗത്ത്
വനിതാ ക്ഷീരകർഷകയുടെ സംരംഭത്തെ തകർക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ബിജെപി രംഗത്തെത്തി. നേമം സോണലോഫീസിന്റെ മൂക്കിന് താഴെ ദേശീയ പാതയിൽ അറവുമാടുകളെ തലകീഴായി കെട്ടിതൂക്കി പച്ച മാസം തൂക്കി വിൽക്കുന്നതിന് മൗനാനുവാദം നൽകി കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥർ മാലിന്യത്തിന്റെ പേരിൽ ക്ഷിര കർഷകയുടെ സംരംഭം പൂട്ടിച്ച് കടക്കെണിയിലേയ്‌ക്കും അതുവഴി ആത്മഹത്യയിലേക്കും തള്ളിവിടുന്ന നപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബിജെപി നേമം മണ്ഡലം ജനറൽ സെക്രട്ടറി ശാന്തിവിള വിനോദ് പറഞ്ഞു.
സുനിൽ തളിയൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: