തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ റെയിലിനെതിരായ ബിജെപി പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ കെ റെയില്‍ കല്ലുകള്‍ പിഴുത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സ്ഥാപിച്ചു. പത്തോളം ബിജെപി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന്റെ പിന്‍വശത്തു കൂടി ക്ലിഫ്ഹൗസില്‍ പ്രവേശിച്ച് കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു. കല്ലുകള്‍ സ്ഥാപിച്ച ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചപ്പോഴാണ് സംഭവം പോലീസ് അറിഞ്ഞത്. ഇതോടെ പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.
രാവിലെ വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് കെ റെയില്‍ സര്‍വേയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കുറ്റികള്‍ പിഴുതത്. രാവിലെ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷിന്റെ നേതൃത്വത്തില്‍ മുരുക്കുംപുഴയില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. എല്ലാ മന്ത്രിമാരുടെയും വീടുകളില്‍ രാത്രിയും പകലുമായി കല്ലുകള്‍ കൊണ്ടിടാനാണ് ബിജെപിയുടെ തീരുമാനമെന്ന് വി.വി രാജേഷ് പറഞ്ഞു. ലാവ് ലിന് കേസില്‍ കമ്മീഷന് വാങ്ങിയ പിണറായി വിജയന്റെ അവസാനത്തെ കളിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
മുരിക്കുംപുഴയില്‍ നിന്ന് കല്ലുകള്‍ പിഴുത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയായിട്ടാണ് നഗരത്തിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധമാര്ച്ചില്ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: