തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നത് കല്ലിടുന്ന പ്രദേശങ്ങള്‍ക്ക് മാത്രമെന്ന് കെ റെയില്‍ അധികൃതര്‍. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട്. ഇത് കൂടാതെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതൊന്നും പരിഹരിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ റെയിലുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.
സില്‍വര്‍ലൈന്‍ പാത കടന്നുപോകുന്നതിനായി സമതല പ്രദേശത്ത് 15 മീറ്റര്‍ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളില്‍ 25 മീറ്റര്‍ വീതിയിലുമാണ് കെ റെയില്‍ സ്ഥലം ഏറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടും. കെ റെയില്‍ പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരു വശങ്ങളിലുമായാണ് ബഫര്‍ സോണ്‍ മേഖലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. അതായത് കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്.
കൂടാതെ ബഫര്‍സോണില്‍ നിന്നും അഞ്ച് മീറ്ററിനുള്ളില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയുമില്ല. ബാക്കി അഞ്ച് മീറ്ററില്‍ നിര്‍മാണങ്ങള്‍ നടത്തണമെങ്കില്‍ പ്രത്യേക അനുമതിയും വേണം. ഭാവി വികസനവും സുരക്ഷയും പരിഗണിച്ചുകൊണ്ട് മാത്രമേ ഈ അഞ്ച് മീറ്ററില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഫലത്തില്‍ ഈ സ്ഥലത്തിന് നഷ്ടപരിഹാരവും ലഭക്കില്ല. ഭാവിയില്‍ നിര്‍മാണ പ്രവര്‍ത്തനം ഉള്‍പ്പടെ ഒന്നും നടത്താന്‍ സാധിക്കാതെ തരിശ് ഭൂമിയാക്കി ഇടേണ്ടി വരും.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. കല്ലിടല്‍ ഇനിയും തുടര്‍ന്നാല്‍ അതിശക്തമായി പ്രതിരോധിക്കുമെന്ന നിലപാടിലാണ് ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: