ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതില്‍ ചൈന ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യ. കശ്മീര്‍ പിടിച്ചടക്കാന്‍ പാക്കിസ്ഥാനെ സഹായിക്കാമെന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ്യി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ഇന്ത്യയുടെ ഈ മറുപടി.
പാക്കിസ്ഥാനിലെ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. കശ്മീരിലെ മുസ്ലിം സഹോദരങ്ങളുടെ സങ്കടം അറിയുന്നുണ്ടെന്നും പ്രദേശം പിടിച്ചെടുക്കാന്‍ പാക്കിസ്ഥാന് എല്ലാ പിന്തുണയും നല്‍കുമെന്നുമായിരുന്നു വാങ്യി അറിയിച്ചത്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ ചൈനയ്ക്ക് യാതൊരു അവകാശവുമില്ല. ഇന്ത്യന്‍ ഭൂപ്രദേശത്ത് ഒരിഞ്ച് സ്ഥലം പോലും നല്‍കില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഇതിനോട് പ്രതികരിച്ചു.
ഇന്ത്യയിലെ തീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അതില്‍ ചൈന ഇടപെടേണ്ട. അഭിപ്രായം പറയാന്‍ മറ്റൊരു രാജ്യത്തിന് അധികാരമില്ല. നേരത്തെയും കശ്മീര്‍ വിഷയത്തില്‍ ചൈന ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലില്‍ ഇന്ത്യ താക്കീത് നല്കിയിട്ടുള്ളതാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ പരസ്യമായി വിധി പറയുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്നുവെന്ന കാര്യം അവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: