ന്യൂദല്‍ഹി: ജനരോഷം ശക്തമായ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ അപേക്ഷയുമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് മുന്നിലേക്ക്. ഇന്ന് രാവിലെ 11ന് കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളും സമരങ്ങളും അഴിമതി ആരോപണങ്ങളും അടങ്ങിയ വിവരങ്ങള്‍ പിഎംഒ ശേഖരിച്ചിട്ടുണ്ട്.
വിവാദമായ പദ്ധതിക്കെതിരേ ബിജെപി സംസ്ഥാന ഘടകം അതിശക്തമായ സമരവുമായി രംഗത്തെത്തുകയും കേന്ദ്ര റെയില്‍ മന്ത്രിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര റെയില്‍ മന്ത്രി തന്നെ പദ്ധതിയെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വഴികള്‍ അടഞ്ഞതോടെ കേന്ദ്ര റെയില്‍ മന്ത്രിക്കെതിരേ വ്യക്തിപരമായ ആക്രമണവുമായി ഇടതുപക്ഷ എംപിമാര്‍ ഇന്നലെ പാര്‍ലമെന്റില്‍ രംഗത്തെത്തി.
കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനും പദ്ധതിക്കെതിരേ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വികസന വിരോധികളെന്ന് പഴിചാരാനാണ് മുഖ്യമന്ത്രിയുടെ നീക്കം. കെ റെയില്‍ എംഡി വി. അജിത് കുമാര്‍ രണ്ടു ദിവസമായി ദല്‍ഹിയില്‍ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളിലാണ് പദ്ധതിക്കെതിരാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന വ്യക്തത ലഭിച്ചത്. നിരവധി സംശയങ്ങളും ആശങ്കകളും റെയില്‍വെ ഉന്നയിച്ചപ്പോള്‍ പലതിനും കെ റെയില്‍ എംഡിക്ക് മറുപടി ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: