സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരില്‍ ആഴ്ചകള്‍ക്ക് മുമ്പേ വമ്പിച്ച പ്രചാരണ കോലാഹലങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കണ്ണൂരിന്റെയും കാസര്‍കോടിന്റെയും സാംസ്‌കാരികചിഹ്നമായി കണക്കാക്കുന്ന തെയ്യത്തെ സമൃദ്ധമായി തന്നെ പ്രചാരണ ബോര്‍ഡുകളിലും മറ്റും ചിത്രീകരിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികളുടേതായാലും ട്രേഡ് യൂണിയനുകളുടേതായാലും സമ്മേളനങ്ങള്‍ കണ്ണൂരിലോ കാസര്‍കോടോ വച്ചുനടക്കുമ്പോള്‍ തെയ്യരൂപങ്ങള്‍ പൂര്‍ണമായോ തെയ്യത്തിന്റെ അണിയലമോ മുഖത്തെഴുത്തോ ഭാഗികമായോ ഒക്കെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് പുതുമയല്ല. ചില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കും മുമ്പ് തെയ്യത്തെ ഉപയോഗിച്ചിരുന്നു. ഇതിന് കാരണം തെയ്യത്തിന്റെ രൂപഭംഗിയും വര്‍ണചാരുതയുമൊക്കെയാണ്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പ്രചാരണത്തില്‍ തെയ്യത്തെ ഉപയോഗപ്പെടുത്തിയതിനെതിരെ ഇപ്പോള്‍ പ്രതിഷേധമുയര്‍ന്നിരിക്കുന്നു. തെയ്യത്തെ ആരാധിക്കുകയും സ്നേഹിക്കുകയുമൊക്കെ ചെയ്യുന്ന ആളുകളുടെ നൂറുകണക്കിന് ഗ്രൂപ്പുകളും പേജുകളും വിവിധ സോഷ്യല്‍ മീഡിയകളിലിന്നുണ്ട്. ഇതിലൂടെയാണ് ശക്തമായ പ്രതിഷേധമുയരുന്നത്. വാണിയ സമുദായസമിതി എന്ന സംഘടന പ്രത്യക്ഷമായി തന്നെ രംഗത്തെത്തി. തങ്ങളുടെ കുലദൈവമായ മുച്ചിലോട്ട് ഭഗവതിയെ വികലമായി ചിത്രീകരിക്കുന്ന പ്രചാരണ ബോര്‍ഡുകള്‍ സിപിഎം പ്രദര്‍ശിപ്പിച്ചു എന്നാണ് അവരുടെ ആരോപണം. ഇവ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് അവര്‍ പത്രസമ്മേളനവും വിളിച്ചുചേര്‍ത്തു.
അപകടം നിറഞ്ഞ ആഖ്യാനങ്ങള്‍
എല്ലാ തെയ്യങ്ങളും ഏതെങ്കിലും ഒരു സമുദായത്തിന്റെയോ ഒന്നിലേറെ സമുദായങ്ങളുടേയോ കുലദേവതയായിരിക്കും. വടക്കേ മലബാറിലെ ജനങ്ങളുടെ ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ് തെയ്യം. അത് കലാരൂപം
എന്നതിലുപരി ഒരു അനുഷ്ഠാനമാണ്. ആ തെയ്യത്തെ പാര്‍ട്ടി ചിഹ്നത്തിനും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ വിവരണത്തിനും നേതാക്കളുടെ ചിത്രങ്ങള്‍ക്കും ഒക്കെ കൂടെ ചേര്‍ത്തുവയ്‌ക്കുമ്പോള്‍ സ്വാഭാവികമായും തെയ്യാരാധനയുമായി ബന്ധപ്പെട്ട സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാകും. ഈ അസ്വസ്ഥതയാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്തെത്തിക്കൊണ്ടിരിക്കുന്നത്. പോസ്റ്ററും ബോര്‍ഡുകളും ഡിസൈന്‍ ചെയ്യുന്ന കലാകാരന്‍ അതിന് ഭംഗികൂട്ടാനും സാംസ്‌കാരികമാനം പകരാനും എടുത്തു ചേര്‍ക്കുന്ന തെയ്യത്തിന്റെ ഫോട്ടോഗ്രാഫുകള്‍ പലപ്പോഴും മാറ്റത്തിന് (modify) വിധേയമാക്കും. ഇങ്ങനെ ചെയ്യുമ്പോഴും വേദനിക്കുന്നത് തെയ്യത്തെ ദൈവമായി ആരാധിക്കുന്നവന്റെ മനസ്സാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ ഏര്‍പ്പാട് തുടങ്ങിയിട്ട് കുറേക്കാലമായി. വടക്കേ മലബാറിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് ഏറ്റവും ശക്തമായി തെയ്യാരാധന നിലനില്‍ക്കുന്നത്. അവിടങ്ങളിലൊക്കെ ശക്തമായ സ്വാധീനമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇക്കാലമത്രയും പരിശ്രമിച്ചിട്ടും ഈയൊരു മതവിശ്വാസത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓരോ ഗ്രാമീണന്റെയും മനസ്സില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ആ വിശ്വാസത്തെ പിഴുതെറിയാന്‍ കഴിയാതെ വന്നപ്പോഴാണ് തെയ്യം എന്നത് പ്രത്യേകമായൊരു മതബോധമാണെന്നും അതിന് ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലെന്നുമൊക്കെ ചില കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. തെയ്യത്തെ ഒഴിവാക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ അനുഷ്ഠാന വശങ്ങളെ ബോധപൂര്‍വ്വം അവഗണിച്ചുകൊണ്ട് അതൊരു കലാരൂപവും കൂട്ടായ്മയുടെ ഒത്തുചേരലിന്റെ ഭാഗവും മാത്രമാണെന്ന രീതിയിലുള്ള ആഖ്യാനങ്ങള്‍ നല്‍കിത്തുടങ്ങുകയായിരുന്നു. ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ നടത്തുന്നതിനായി പാര്‍ട്ടി തന്നെ സജ്ജരാക്കിയ തെയ്യം ഗവേഷകരുണ്ട്. തെയ്യത്തെ കുറിച്ച് പഠിക്കാനോ വിലയിരുത്താനോ കൂടുതല്‍ ആളുകളൊന്നുമില്ലാതിരുന്ന സമയത്തും ഈ ഗവേഷകര്‍ തെയ്യത്തെ മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ മൂശയിലിട്ട് സിദ്ധാന്തവാര്‍പ്പുകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമാണ് തെയ്യത്തിലെ പരാതത്വത്തെ (Spirituality) കുറിച്ചുള്ള പഠനമുണ്ടായത്. അത്തരം പഠനങ്ങളെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിവൃന്ദം അവഗണിക്കുകയും ചെയ്തു
പിന്നില്‍ ഗൂഢ ലക്ഷ്യം
തെയ്യത്തെ അതിന്റെ അനുഷ്ഠാനപരമായ പവിത്രതയില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം സിപിഎം വളരെ പണ്ടുമുതലേ തുടങ്ങിയിരുന്നു. തെയ്യത്തെ അതിന്റെ തനത് പരിസരത്തില്‍ നിന്നു അടര്‍ത്തിയെടുത്ത് മറ്റൊരിടത്ത് കെട്ടുകാഴ്ചയായി അവതരിപ്പിക്കാന്‍ തുടങ്ങിയത് പാര്‍ട്ടിയുടെ ഒത്താശയോടെയാണ്. അതിപ്രഗത്ഭരായ തെയ്യക്കോലക്കാര്‍, അവര്‍ അടിയുറച്ച ദൈവവിശ്വാസികളായിട്ടുപോലും അത്തരം കെട്ടുകാഴ്ചകള്‍ അവതരിപ്പിക്കാന്‍ തയ്യാറായതിന് പ്രധാന കാരണം പാര്‍ട്ടിയുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധമാണ്. മുന്‍കാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായ കോലധാരികള്‍ നിരവധിയുണ്ടായിരുന്നു. പാര്‍ട്ടി അനുശാസിക്കുന്ന യുക്തിവാദവും ഭൗതികവാദവുമൊന്നും അവര്‍ക്കുള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കിലും പാവപ്പെട്ടവര്‍ക്കും അധസ്ഥിതര്‍ക്കും വേണ്ടിയാണ് ഈ പാര്‍ട്ടി എന്നവര്‍ വിശ്വസിച്ചു. കോലധാരിയായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കാവില്‍ തെയ്യം കെട്ടിയ സമയത്ത് സഹപ്രവര്‍ത്തകനായ സഖാവിനെ മുന്നില്‍ കണ്ടപ്പോള്‍ അടുത്തുചെന്ന് തലയില്‍ കൈവച്ച് ‘സഖാവേ, വൈകിട്ട് ഫ്രാക്ഷനുണ്ട്, വരണം’ എന്നു പറഞ്ഞതായി ഒരു കഥ കേട്ടിട്ടുണ്ട്.
എണ്‍പതുകളുടെ അവസാനം കേരള ദിനേശ് ബീഡിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ മുത്തപ്പന്‍ തെയ്യത്തിന്റെ വേഷം കെട്ടിയ ഒരാള്‍ ഒരു താലത്തില്‍ നാട്ടുകാര്‍ക്കെല്ലാം ദിനേശ് ബീഡി വിതരണം ചെയ്തു നടന്നത് ഓര്‍മ്മയുണ്ട്. അന്ന് അതുകണ്ട പലരും നെറ്റി ചുളിച്ചു എങ്കിലും എതിര്‍പ്പുകളോ പ്രതിഷേധങ്ങളോ ഉണ്ടായില്ല. ഏതാണ്ട് അതേ കാലഘട്ടത്തിലാണ് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ ടൂറിസ്റ്റ് വാരാഘോഷങ്ങളുടെ ഭാഗമായി തെയ്യം കെട്ടിയാടുന്നത് ഒരുകൂട്ടമാളുകള്‍ തടഞ്ഞത്. നാടന്‍കലാ ഗവേഷകനും എഴുത്തുകാരനുമായ സി.എം.എസ്. ചന്തേരയുടെ നേതൃത്വത്തിലാണ് അന്ന് തടയല്‍ നടന്നത്. ചന്തേര മാഷ് ഉള്‍പ്പെടെയുള്ളവര്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തു. കലോത്സവങ്ങളില്‍ തെയ്യം മത്സര ഇനമാക്കാനുള്ള നീക്കമുള്‍പ്പെടെ ഇത്തരത്തില്‍ അനുഷ്ഠാനമെന്ന നിലയില്‍ തെയ്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങള്‍ പിന്നീടും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് നിരവധി തവണയുണ്ടായി. മൂന്നു നാലു വര്‍ഷം മുമ്പാണ് പയ്യന്നൂര്‍ ഭാഗത്ത് ചിലയിടങ്ങളില്‍ ദൈവസ്ഥാനങ്ങളിലല്ലാതെയുള്ള തെയ്യം കാര്‍ണിവലുകള്‍ നടത്തിത്തുടങ്ങിയത്. അതിന് പിന്നില്‍ ഡിവൈഎഫ്ഐയും സിപിഎം നേതൃത്വത്തിലുള്ള ചില ക്ലബ്ബുകളുമായിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ക്ക്, തെയ്യത്തെ കാലങ്ങളായി നെഞ്ചേറ്റി വരുന്ന ആ പ്രദേശത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല.
കുലദൈവമായി കണ്ട് ആരാധിക്കുന്ന മൂര്‍ത്തികളുടെ ചിത്രങ്ങള്‍ വികലമാക്കിയും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം അണിനിരത്തിയുമൊക്കെ പ്രദര്‍ശിപ്പിച്ചു കൊണ്ട് സിപിഎം അവരുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണിപ്പോഴും. കണ്ണൂരിന്റെ സാംസ്‌കാരിക ചിഹ്നങ്ങള്‍ മറ്റു പലതും ഉണ്ടായിട്ടും 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രചാരണത്തിന് തെയ്യങ്ങളെ തന്നെ ഫഌക്‌സ് ബോര്‍ഡുകളില്‍ കയറ്റണമെന്ന അവരുടെ നിര്‍ബന്ധത്തിന് പിന്നില്‍ ഒളിച്ചുവച്ച ചില സാംസ്‌കാരിക ലക്ഷ്യങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: