മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ പശ്ചിമബംഗാള്‍ നരഹത്യകളുടെ നാടായി മാറിയിരിക്കുന്നു. ബിര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ടിലാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ വീടുകള്‍ ആക്രമിച്ച് എട്ടുപേരെ ചുട്ടുകൊന്നത്. സ്ത്രീകളും കുട്ടികളുമടക്കം പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടു എന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകളില്‍. തൃണമൂല്‍ കോണ്‍ഗ്രസ്സിലെ ഭിന്നതയാണ് ഈ കൂട്ടക്കൊലയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. ഈ പാര്‍ട്ടിയുടെ ഒരു പ്രാദേശിക നേതാവ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ അനുയായികളാണ് രാത്രിയില്‍ സംഘമായെത്തി വീടുകള്‍ക്ക് തീയിട്ടതും, ഉറങ്ങിക്കിടന്നയാളുകള് അതിദാരുണമായി വെന്തുമരിച്ചതും. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും, പ്രാദേശിക പ്രശ്നങ്ങളാണ് കാരണമെന്നും പറഞ്ഞ് ഈ കൊടുംക്രൂരതയെ നിസ്സാരവല്‍ക്കരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതി സ്വയം കേസെടുത്തതോടെ ഈ തന്ത്രം പാളിയിരിക്കുകയാണ്. ഭയാനകമായ സംഭവമാണിതെന്നും നിയമരാഹിത്യവും അക്രമവും സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുന്നതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ജഗദീഷ് ധന്‍കര്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുന്നു. അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ച് വിമര്‍ശനത്തില്‍നിന്ന് രക്ഷപ്പെടാന്‍ മമതാ ബാനര്‍ജി ശ്രമിക്കുന്നുണ്ടെങ്കിലും ഈ അന്വേഷണം വെറും പ്രഹസനമായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ബംഗാളിലെ നരനായാട്ടുകളെ വെള്ളപൂശി ഒരു വിഭാഗം മാധ്യമങ്ങള്‍ സ്വേച്ഛാധിപതിയായ മമതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.
മൂന്നരപതിറ്റാണ്ടോളം കാലം പശ്ചിമബംഗാളില്‍ നിലനിന്ന ഇടതുപക്ഷത്തിന്റെ മൃഗീയ ഭരണത്തില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടിയാണ് മമത ബാനര്‍ജിയെ ബംഗാളിലെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ ഭരണം കയ്യില്‍ കിട്ടി അധികം കഴിയുന്നതിനുമുന്പേ മമത തനിനിറം കാട്ടിത്തുടങ്ങി. പാര്‍ട്ടി ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുകയും കൊലപാതകങ്ങളുടെ പരമ്പര സൃഷ്ടിക്കുകയുമാണ് മമത ചെയ്തത്. ഇടതുഭരണത്തില്‍ അരങ്ങേറിയ എല്ലാ തിന്മകളും ആവര്‍ത്തിക്കപ്പെട്ടു. ലോകാവസാനം വരെ ബംഗാള്‍ ഭരിക്കാന്‍ തനിക്ക് അധികാരം ലഭിച്ചിരിക്കുകയാണെന്നും, മറ്റൊരു പാര്‍ട്ടിയെയും അധികാരത്തിലേറാന്‍ അനുവദിക്കില്ലെന്നുമുള്ള ധാര്‍ഷ്ട്യമാണ് മമതയ്ക്ക്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ എല്ലാവിധ ജനാധിപത്യ മര്യാദകളും മറന്നുകൊണ്ടാണ് മമത പെരുമാറിയത്. സ്വന്തം പാര്‍ട്ടിയില്‍നിന്ന് നേതാക്കളും എംഎല്‍എമാരും ബിജെപിയിലെത്തിയത് മമതയെ ക്രുദ്ധയാക്കി. തൃണമൂല്‍ അണികള്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതക പരമ്പര തന്നെയാണ് ഭരണത്തിന്റെ പിന്‍ബലത്തില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയത്. അണികളെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്തുന്നതിനായിരുന്നു ഇത്. എന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച് ബിജെപി മുഖ്യ പ്രതിപക്ഷമായി ഉയര്‍ന്നു. ജനവിധി അംഗീകരിക്കുന്നതിനുള്ള ജനാധിപത്യബോധം കാണിക്കുന്നതിനു പകരം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ ഗുണ്ടകള്‍ കൊടിയ അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.
മമതാ ബാനര്‍ജി അടിസ്ഥാനപരമായി ജനാധിപത്യ ബോധമുള്ള ഒരു രാഷ്ട്രീയ നേതാവല്ല. കോണ്‍ഗ്രസ്സിലെ ഫയര്ബ്രാന്ഡായിരുന്നപ്പോള് മുതല്‍ അവര്‍ ഇത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായതോടെ മമതയുടെ ജനാധിപത്യ വിരോധവും അധികാര ഗര്‍വും പലമടങ്ങ് വര്‍ധിക്കുകയാണുണ്ടായത്. അഴിമതിയും അക്രമവും കൈമുതലാക്കി ബംഗാള്‍ അടക്കി വാഴാനാണ് അവര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ നാമനിര്‍ദേശ പത്രികപോലും നല്കാന് അനുവദിക്കാതെ തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കിയാണ് മമതയുടെ പാര്‍ട്ടി ജയിക്കുന്നത്. ഭാരത റിപ്പബ്ലിക്കിന്റെ പരമാധികാരത്തെയോ നിയമസംവിധാനങ്ങളെയോ അംഗീകരിക്കാന്‍ മമത തയ്യാറല്ല. ഭരണത്തിന്റെ തണലില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും അഴിമതികളെക്കുറിച്ചും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളെ നിരന്തരം തടസ്സപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ കോടതികളുടെ ഉത്തരവുകള്‍ പോലും മറികടക്കാനുള്ള നീക്കങ്ങളാണ് മമത നടത്തിയത്. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു നേതാവല്ല അവര്‍. അതിനാല്‍ അക്രമം അമര്‍ച്ച ചെയ്യാന്‍ നടപടികളുമുണ്ടാവില്ല. അക്രമം നടത്താന്‍ അണികളെ പ്രേരിപ്പിക്കുക മാത്രമല്ല, അക്രമപ്രവര്‍ത്തനങ്ങളെയും കൊലപാതകങ്ങളെയും ആഘോഷമാക്കി മാറ്റുകയുമാണ്. ക്രമസമാധാനം സംസ്ഥാന വിഷയമാണെങ്കിലും അത് തകര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ അധികാരമുണ്ട്. ബംഗാളിലെ അക്രമവാഴ്ച തുടരുന്നത് നോക്കിനില്‍ക്കാനാവില്ലെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് അനുസൃതമായ നടപടികളുണ്ടാവണം. ജനങ്ങളുടെ ജീവനുംസ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: