കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഉപഭോഗ ഭ്രാന്താണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്. എറണാകുളം പാലാരിവട്ടത്ത് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് നയിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകദേശം 293 കിലോമീറ്റര്‍ ദൂരത്തില്‍ ഏഴടി പൊക്കത്തില്‍ മണ്ണിട്ട്, കോട്ടകള്‍ ഉണ്ടാക്കി ജനങ്ങളെ രണ്ടായി വേര്‍തിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാലാവസ്ഥാ വൃതിയാനങ്ങള്കൊണ്ട് ജനം കഷ്ടപ്പെടുകയാണ്. കാവുകള്‍ അന്ധവിശ്വാസത്തിന്റെ പേര് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ വെട്ടിനശിപ്പിച്ചു, കാലി സമ്പത്തും നഷ്ടപ്പെട്ടു. പ്രകൃതി ധ്വംസനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
വിദഗ്ധാഭിപ്രായം മാനിക്കാതെ സിപിഎം നേതാക്കളുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആരും തയ്യാറാകുന്നില്ല. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന സ്ഥലം വില്ക്കാന് ആളുകള്‍ തയ്യാറാകുകയാണ്. എത്ര കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇതുവാങ്ങിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ എസ്. സജികുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ.കെ.എസ്. രാധാകൃഷ്ണന്, എ.എന്‍. രാധാകൃഷ്ണന്, ബിജെപി ദേശീയ സമിതിയംഗം പി.എം. വേലായുധന്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി, മോര്‍ച്ച ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: