കീവ്: റഷ്യ യുദ്ധത്തില്‍ നിന്നും പിന്മാറുകയാണെങ്കില്‍ പകരം നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി. പുടിനുമായി നേരിട്ട് ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. റഷ്യന്‍ സൈന്യം ഞങ്ങളുടെ രാജ്യത്ത് നിന്നും പിന്മാറണം. യുദ്ധം ഒഴിവാക്കണം, ആക്രമണം തുടരില്ലെന്ന് ഉറപ്പു നല്കുകയാണെങ്കില്‍ നാറ്റോ സഖ്യത്തില്‍ ചേരുന്ന തീരുമാനത്തില്‍ നിന്നും പിന്മാറാമെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രൈനിലെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. താനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ തയ്യാറാവുന്നില്ല. അതിനാല്‍ തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടില്ലെന്നു തന്നെയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ റഷ്യയുടെ സൈന്യത്തെ കീവിലെ മകാരിവില്‍ നിന്ന് ഒഴിപ്പിച്ചതായി ഉക്രൈന്‍ അവകാശപ്പെട്ടു. മരിയൂപോളില്‍ കീഴടങ്ങാന്‍ ഉക്രൈനോട് റഷ്യ ആവശ്യപ്പെട്ടെങ്കിലും ഉക്രൈന്‍ അത് നിരസിക്കുകയായിരുന്നു. അതേസമയം റഷ്യയുടെ ആക്രമണം ഉക്രൈനില്‍ ശക്തമാകുകയാണ്. ഇന്നലെ മാത്രം 700 ലധികം പേര്‍ ഉക്രൈനില്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരിയൂപോള്‍, കീവ് എന്നിവിടങ്ങളില്‍ കടുത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. ജനവാസ കേന്ദങ്ങളിലുള്‍പ്പെടെ ഉക്രൈന്‍ സ്‌ഫോടനങ്ങള്‍ നടത്തി. ഉക്രൈന്റെ കൂടുതല്‍ നഗരങ്ങളിലേയ്‌ക്ക് കൂടി റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 400 പേര്‍ അഭയം തേടിയിരുന്ന അസോവ് പോര്‍ട്ട് സിറ്റിയിലെ സ്‌കൂള്‍ ബോംബ് വച്ച് റഷ്യ തകര്‍ത്തു. കുട്ടികളുള്‍പ്പെടെയുള്ള സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്.
റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇതുവരെ 10,000 റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 15,000 റഷ്യന്‍ സൈനികരെ തങ്ങള്‍ കൊലപ്പെടുത്തിയെന്നാണ് ഉക്രൈന്റെ വാദം. 20,000ത്തിലധികം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉക്രൈന്‍ പ്രതിനിധികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: