1931 മാര്‍ച്ച് 23…ആരാണ് ആദ്യം കഴുമരച്ചുവട്ടില്‍ കയറേണ്ടതെന്നതിനെ പറ്റി മത്സരിക്കുകയായിരുന്നു മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധ വിപ്ലവം നടത്തിയ ആ ധീര ദേശാഭിമാനികള്‍. ആദ്യം സുഖ്ദേവ് പിന്നെ ഭഗത് സിങ്, രാജ് ഗുരു എന്ന ക്രമത്തില്‍ തീരുമാനിക്കപ്പെട്ടു. വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കി അവര്‍ ജയില്‍ മുറികളില്‍ നിന്നും പുറത്തെത്തി. സഹ തടവുകാരുടെ ഏറ്റു വിളികളില്‍ ജയിലറകള്‍ പ്രകമ്പനം കൊണ്ടു. കയര്‍ കുരുക്കുകള്‍ അവര്‍ സ്വയം കഴുത്തിലണിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ കഴുമരത്തട്ടിന്റെ പലക നീങ്ങി. ‘സ്വാതന്ത്ര്യം തന്നെ ജീവിതം അടിമത്തമോ മരണം’ എന്ന സന്ദേശം ഭാവി ഭാരതത്തിനു നല്കി അവര്‍ അനശ്വരരായി.
ഭഗത് സിങ്, രാജ ഗുരു, സുഖ് ദേവ്. ഭാരതത്തിലെ ഓരോ മണ്‍തരിക്കും സുപരിചിതമായ പേരുകള്‍. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന വിപ്ലവത്തിന്റെ അഗ്നി നക്ഷത്രങ്ങള്‍. വധ ശിക്ഷയുടെ തീയതി അടുത്തുവരുന്തോറും കൂടുതല്‍ ആഹ്ലാദവാന്മാരായി അവര്‍ മാറി. മാതൃഭൂമിയുടെ കാല്ക്കല് എത്രയും പെട്ടെന്ന് തങ്ങളുടെ ജീവിതകുസുമങ്ങള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മൂന്ന് പേരും. തന്റെ മകന്റെ ജീവിതം നീട്ടിത്തരണമെന്ന് വൈസ്രോയിയോട് അച്ഛന് ആവശ്യപ്പെട്ടതിന്റെ ദേഷ്യം ഭഗത് സിംഗ് മരണം വരെ കാത്ത് സൂക്ഷിച്ചിരുന്നു. അച്ഛന് തന്നെ പിന്നില്‍ നിന്ന് കുത്തി എന്നാണ് ആ ധീരദേശാഭിമാനി അതിനെപ്പറ്റി വിലപിച്ചത്.
യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് 24 ആയിരുന്നു വധ ശിക്ഷ നടപ്പാക്കേണ്ട ദിവസം . എന്നാല്‍ രക്തസാക്ഷികള്‍ക്ക് ലഭിക്കാന്‍ പോകുന്ന പിന്തുണ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ ഒരു ദിവസം മുന്‍പേ ശിക്ഷ നടപ്പാക്കുകയായിരുന്നു . ജയിലിലെ ഏറ്റവും ദുഖപൂര്‍ണമായ ദിവസമായിരുന്നു അത്. ഒരൊറ്റ തടവുകാരനും ഭക്ഷണം പോലും കഴിക്കാനായില്ല. രണ്ട് ദിവസം കഴിഞ്ഞ് ഭഗത് സിംഗിന്റെ അച്ഛനെ സന്ദര്‍ശിച്ച ജയില്‍ ഉദ്യോഗസ്ഥനായ സാഹിബ് മുഹമ്മദ് അക്ബര്‍ ‘ഒരു പിടിച്ചോറിനു വേണ്ടി ഞങ്ങള്‍ അടിമകളായെന്ന്’ വിലപിച്ചു.
1931 ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഗാന്ധിജിയെ കരിങ്കൊടി വീശിയും കരിഞ്ഞ പുഷ്പങ്ങള്‍ വര്‍ഷിച്ചുമാണ് അന്ന് പ്രതിനിധികള്‍ വരവേറ്റത് . ഭഗത് സിംഗിന്റെ മോചനത്തിനായി ഗാന്ധിജി ഒന്നും ചെയ്തില്ല എന്ന് ആരോപിച്ചു കൊണ്ടായിരുന്നു അത്. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അവസാന സായുധ പോരാട്ടം നടത്തിയ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്ന് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഇങ്ങനെ പറഞ്ഞു.
‘സങ്കടത്തിന്റെയും ദുഖത്തിന്റെയും കനത്ത നിഴലുകളിലാണ് നാമിന്നിവിടെ ചേര്‍ന്നിരിക്കുന്നത്. സര്‍ദാര്‍ ഭഗത് സിങ്ങും, രാജഗുരുവും, സുഖ് ദേവും തീര്‍ച്ചയായും വിപ്ലവത്തിന്റെ പ്രതീകങ്ങളാണ്. അവര്‍ പോയിരിക്കാം. പക്ഷേ അവരെ പ്രതീകമാക്കിയ ചേതന എക്കാലവും അജയ്യമായി നിലനില്ക്കും’.
അതെ’ ജീവിതം ഉദിച്ചുയരുന്നത് മൃത്യുവില്‍ നിന്നാണ്. സചേതനമായ രാഷ്ട്രങ്ങളുയിര്‍ക്കുന്നത് രാജ്യസ്നേഹികളായ സ്ത്രീ പുരുഷന്മാരുടെ ശവക്കല്ലറകളില്‍ നിന്നാണ്’ എന്ന് ഐറിഷ് ദേശീയവാദിയായ പാട്രിക്ക് പിയേഴ്സ് പറഞ്ഞത് എത്ര ശരിയാണ്!.
ഭഗത് സിംഗിന്റെയും രാജഗുരുവിന്റെയും സുഖ് ദേവിന്റെയും പട്ടടകളില് നിന്നും കൊളുത്തിയെടുത്ത ദീപശിഖ പിന്‍ഗാമികള്‍ ഏകസ്ഥിതരായി ഏറ്റുവാങ്ങിയതിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ധീര ബലിദാനികളേ നിങ്ങളുടെ നിസ്വാര്‍ത്ഥത ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തന്നു. നിങ്ങളുടെ വിയര്‍പ്പില്‍, ചോരയില്‍ ഞങ്ങള്‍ സ്വാതന്ത്ര്യം രുചിച്ചു നിങ്ങള്‍ക്ക് സ്വതന്ത്രഭാരതത്തിന്റെ ശതകോടി പ്രണാമങ്ങള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: