കൊല്‍ക്കൊത്ത: ബംഗാളിലെ ബിര്‍ഭൂമില്‍ രണ്ടു കുട്ടികളടക്കം 10 പേരെ ജീവനോടെ ചുട്ടെരിച്ച സംഭവത്തോടെ ക്രമസമാധാനനില തകര്‍ന്ന ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാക്കള്‍. ഈ ആവശ്യം ഉന്നയിച്ച് ബിജെപി നേതാക്കള്‍ ഒരു നിവേദനം ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ക്ക് നല്കി.
തൃണമൂല്‍ നേതാക്കള്‍ തമ്മിലാണ് ഇവിടെ പരസ്പരം ഏറ്റുമുട്ടുന്നതെന്ന് പറയുന്നു. പൊലീസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗന്വ്യാന്ത് സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. വീടുകള്‍ ശക്തമായ ബോംബുകള്‍ ഉപയോഗിച്ചാണ് കത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ ബംഗാളിലെ എന്‍ ഐഎയുടെ നോഡല്‍ ഏജന്‍സിയായ സി ഐഡിയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേക അന്വേഷണസംഘത്തലവന്‍ ഗന്വ്യാന്ത് സിങ്ങും ബിര്‍ഭുമിലെ റംപൂര്ഹട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
നേരത്തെ തൃണമൂല്‍ നേതാവും ഉപപഞ്ചായത്ത് മേധാവിയുമായ ബാഡു ഷെയ്കിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഇദ്ദേഹത്തിന്റെ അനുയായികള്‍ ബോഗ്ടൂയ് ഗ്രാമത്തിലെ വീടുകള്‍ കത്തിച്ചത്. ഈ അക്രമികളുടെ പക്കല്‍ ബോംബുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. പ്രാദേശി തൃണമൂല്‍ നേതാവിന്റെ രണ്ട് നില വീടിന് നേരെ ഇവര്‍ ബോംബെറിയുകയായിരുന്നു. ഇതാണ് മരണത്തില്‍ കലാശിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയുടെയും സിപിഎമ്മിന്റെയും 52 പേര് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ക്രമാസമാധാന നില തകര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്നുള്ള ആഘോഷങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികളിലെ 303 പേര് കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് തൃണമൂലില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ കല്‍ക്കത്താ ഹൈക്കോടതി ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിബി ഐ അന്വേഷണവും നടക്കുന്നു.
ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങളും സുരക്ഷിതരല്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 27 തൃണമൂല്‍ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ‘കൊല്‍ക്കത്തയ്ക്ക് പുറത്തുള്ള പാനിഹാടില് അഞ്ച് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടതിനാല്‍ പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ്. രാഷ്ട്രീയ അക്രമത്തിന്റെ ഭീകരരൂപമാണ് നടക്കുന്നത്. അതിനാല്‍ രാഷട്രീയ ക്രിമിനലുകള്‍ പൊലീസ് നടപടിയെ ഭയക്കുന്നതേയില്ല.’- ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പറയുന്നു.
സംസ്ഥാനത്തിന് ക്രമസമാധാന നില പാലിക്കാന്‍ കഴിയാത്ത ഈ ഒരു സാഹചര്യത്തില്‍ 356ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ബംഗാളിലെ എല്ലാ വനിതാ എംഎല്‍എമാര്‍ക്കും സുരക്ഷ നല്‍കണമെന്നും ബിജെപി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: