തൊടുപുഴ: ഏഴു വയസുള്ള ചെറുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 64 വയസ്സുകാരന് 73 വര്‍ഷം തടവും 1.6 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. 2019ല്‍ മുരിക്കാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുത്തച്ഛനെ ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വര്‍ഗ്ഗീസ് ശിക്ഷിച്ചത്.
മുത്തശ്ശി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. വിവിധ വകുപ്പുകളിലായി 73 വര്‍ഷത്തെ കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴത്തുക പൂര്‍ണമായും കുട്ടിയുടെ പുനരധിവാസത്തിന് നല്‍കണം. കൂടാതെ അമ്പതിനായിരം രൂപാ വിക്ടിം കോമ്പന്‍സേഷന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശമുണ്ട്.
പ്രതിയെ രക്ഷിക്കാന്‍ കൃത്യത്തിനിരയായ കുട്ടിയുടെ അച്ഛന് വിചാരണാവേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു എന്ന സവിശേഷതയും കേസിനുണ്ട്. പതിമൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 12 പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സനീഷ് എസ്.എസ്. ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: