കോട്ടയം : കെ റെയില്‍ സര്‍വ്വേ നടപടികള്‍ക്കായെത്തിയ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മില്‍ കോട്ടയം നാട്ടാശേരിയില് സംഘര്‍ഷം. രാവിലെ ഒമ്പത് മണിയോടെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് സര്‍വ്വേ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
പ്രദേശത്ത് സ്ഥാപിക്കുന്നതിനായി കല്ലുമായി എത്തിയ വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് കെ.റെയില്‍ വാഹനത്തിന് നാട്ടുകാരില്‍ നിന്നും സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
സ്ഥലത്ത് യുദ്ധ സമാനമായ സുരക്ഷ ഒരുക്കി ഒരു ഈച്ചയെപ്പോലും കടത്തി വിടാത്ത സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രദേശത്ത് എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് പോലീസും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്നത്.
പട്ടിണി കിടന്ന് സമരം ചെയ്യുന്നവരോട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ വാശി കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ അവരുടെ ഡ്യൂട്ടി എന്ന പേരില്‍ പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. നഷ്ടമെല്ലാം പാവങ്ങള്‍ക്ക് മാത്രമാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: