മൗലികമായ സംഭാവനകളിലൂടെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകള്‍ നല്കിയ പ്രതിഭാധനനായ സി.വി. രാമന്‍പിള്ള ജീവിതത്തോട് വിടപറഞ്ഞിട്ട് നൂറുവര്‍ഷം തികഞ്ഞിരിക്കുകയാണ്. മലയാള സാഹിത്യത്തിന്റെ കുലപതികളിലൊരാളായ വാക്കിന്റെ ഇൗ വീരഭടനെ അംഗീകരിക്കാനും ആദരിക്കാനും ഇക്കാലയളവ് വേണ്ടതിലേറെയായിരുന്നു. പക്ഷേ എന്തുകൊണ്ടാണെന്നറിയില്ല അതുണ്ടായില്ല. സി.വി. രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ സിവിയുടെ ചരമശതാബ്ദി ആചരിക്കുമ്പോള്‍ ഏറെ വൈകിയാണെങ്കിലും ആ മഹാവ്യക്തിത്വത്തെക്കുറിച്ചും കൃതികളെക്കുറിച്ചും സമൂഹത്തില്‍ പുതിയൊരു അവബോധമുണ്ടാകുമെന്നു വിചാരിക്കാം. അങ്ങനെ സംഭവിക്കുമെന്ന് ആശിക്കുകയും ചെയ്യാം. എണ്ണിപ്പറയാവുന്ന കൃതികള്‍ ഏറെയുണ്ടെങ്കിലും മാര്‍ത്താണ്ഡവര്‍മ, ധര്‍മരാജ, രാമരാജബഹദൂര്‍ എന്നീ നോവല്‍ത്രയത്തിലൂടെ മലയാള നോവല്‍ സാഹിത്യത്തിന്റെ പിതാമഹനായി മാറുകയായിരുന്നു സിവി. തനിക്ക് നേരിട്ടറിയാവുന്ന തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിന്റെ സംഭവബഹുലവും പ്രക്ഷുബ്ധവുമായ ചരിത്രത്തില്‍നിന്ന് ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് സിവി എഴുതിയ ഈ നോവലുകളുടെ ഐതിഹാസിക മാനത്തിന് ഇന്നും തെല്ലുപോലും ഉലച്ചില്‍ തട്ടിയിട്ടില്ല. പലരും തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രമല്ല സിവിയുടെ നോവലുകളില്‍ ആവിഷ്കരിച്ചിട്ടുള്ളത്. പ്രഭുകുടുംബങ്ങളുടെയല്ല, പ്രജാകുടുംബങ്ങളുടെ കഥയാണ് പറയുന്നത്. അധികാര വ്യവസ്ഥയെയും മനുഷ്യസമൂഹത്തെയും സംബന്ധിക്കുന്ന അഗാധമായ ദര്‍ശനങ്ങളുടെ പിന്‍ബലത്തിലായിരുന്നു സിവിയുടെ എഴുത്ത്.
ചന്തുമേനോന്റെ ഇന്ദുലേഖ പുറത്തിറങ്ങിയതിനുശേഷമാണ് സി.വി. രാമന്‍പിള്ളയുടെ ആദ്യനോവലായ മാര്‍ത്താണ്ഡവര്‍മ പ്രസിദ്ധീകരിക്കുന്നതെങ്കിലും മലയാളത്തില്‍ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ പിതൃസ്വരൂപമായി കാണാവുന്നത് സിവിയെത്തന്നെയാണ്. സാമൂഹ്യപരിഷ്കരണം എന്ന ആശയമാണ് ഇന്ദുലേഖ മുന്നോട്ടുവയ്ക്കുന്നതെങ്കിലും നോവലെന്ന നിലയില്‍ വളരെ ദുര്‍ബ്ബലമാണ് ആ കൃതിയെന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം തിരുവിതാംകൂറിന്റെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും പുരാവൃത്തവുമൊക്കെ ഉള്‍ക്കൊള്ളുന്ന സിവിയുടെ നോവല്‍ത്രയത്തെ അതിശയിക്കുന്ന കൃതികള്‍ മലയാളത്തില്‍ അപൂര്‍വമാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയിലും ആഖ്യാനഘടനയിലും സിവി പ്രദര്‍ശിപ്പിച്ച മികവിനു മുന്നില്‍ പിന്മുറക്കാര് പലരും അന്ധാളിച്ചുനില്ക്കുന്നതു കാണാം. സിവിയുടെ കഥാപാത്രങ്ങള്‍ പേറുന്ന പേരുകള്ക്കുപോലുമുണ്ട് അപാരമായ തരംഗദൈര്‍ഘ്യം. ഹരിപഞ്ചാനന യോഗീശ്വരന്, ചിലമ്പിലത്ത് കാളി ഉടയാന്‍ ചന്ത്രക്കാറന്‍, പെരിഞ്ചക്കോട്ട് കുഞ്ഞിമായിറ്റിപ്പിള്ള, ത്രിപുരസുന്ദരികുഞ്ഞമ്മ എന്നിങ്ങനെയുള്ള ഗാംഭീര്യം തുളുമ്പുന്ന വ്യക്തിനാമങ്ങള്‍ മറ്റൊരു നോവലിലും നാം കാണുന്നില്ല. പാറുക്കുട്ടിയെയും സുഭദ്രയെയും പോലുള്ള കഥാപാത്രങ്ങള്‍ തങ്ങള്‍ അബലകളല്ലെന്നു പ്രഖ്യാപിക്കുന്നു. പാത്രസൃഷ്ടിയില്‍ ചന്തുമേനോന്റെ ഇന്ദുലേഖയ്ക്ക് ഈ കഥാപാത്രങ്ങളുടെ അടുത്തെങ്ങും നില്‍ക്കാനാവില്ല. മറ്റു നോവലുകളായ പ്രേമാമൃതവും ദിഷ്ടദംഷ്ട്രവും നിരവധി പ്രഹസനങ്ങളും, ആത്മകഥയായ പ്രേമാരിഷ്ടവുമൊക്കെ മാറ്റിവച്ചാലും ചരിത്രാഖ്യായികകളായ മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജയും രാമരാജബഹദൂറും മാത്രം മതി സിവിയുടെ മഹത്വം മലയാളമുള്ളിടത്തോളം കാലം നിലനില്ക്കാന്.
സി.വി. രാമന്പിള്ളയെ ‘വാക്കിന്റെ വീരഭടന്’ എന്ന് വിശേഷിപ്പിച്ചത് മഹാകവി കുമാരനാശാനാണ്. ഈ വിശേഷണം അര്‍ത്ഥപൂര്‍ണമാണ്. വാക്കുകള്‍ രൂപപ്പെടുത്തുന്ന ശബ്ദപ്രപഞ്ചത്തെ അറിയണമെങ്കില്‍ സിവിയുടെ നോവലുകള്‍ വായിക്കണം. വായന നിര്‍ത്തിയാലും പ്രതിപാദ്യത്തിന്റെ മുഴക്കം കാതുകളില്‍ തങ്ങിനില്ക്കും. എഴുത്തുകാരന് മാത്രമായിരുന്നില്ല സിവി. പത്രാധിപര്‍, ഉദ്യോഗസ്ഥന്, സാമൂഹ്യപരിഷ്കര്‍ത്താവ് എന്നീ നിലകളിലൊക്കെ തന്റേതായ ഭാഗധേയം നിര്‍വഹിച്ചു. കേരളചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായ മലയാളി മെമ്മോറിയലിനു പിന്നിലെ ബുദ്ധി സിവിയാണെന്നറിയുമ്പോള് ആ വ്യക്തിത്വത്തിന്റെ വൈപുല്യം നമുക്ക് മനസ്സിലാവും. ഇങ്ങനെയൊരാള്‍ ജന്മനാട്ടില് യഥോചിതം ആദരിക്കപ്പെടാതിരുന്നത് ഒരു പ്രഹേളികയായി തോന്നുന്നു. പലരുടേയും പ്രതിമകള്‍ സ്ഥാപിച്ചതിനെച്ചൊല്ലിയും സ്ഥാപിക്കാത്തതിനെച്ചൊല്ലിയും വിവാദങ്ങള്‍ അരങ്ങേറിയിട്ടുള്ള തലസ്ഥാനത്ത് സിവിയെപ്പോലുള്ള ഒരു അതികായന്റെ പ്രതിമ എന്തുകൊണ്ട് ഉയര്‍ന്നുവന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. സിവിയുടെ കൃതികള്‍ ചര്‍ച്ച ചെയ്യുന്നതും അതിന്റെ സ്രഷ്ടാവ് ആദരിക്കപ്പെടുന്നതും തങ്ങളുടെ സ്ഥാപിത താല്പര്യം നിലനിര്‍ത്താന്‍ ഉതകില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? തപസ്യ കലാസാഹിത്യവേദി നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രയില്‍ സിവിയുടെ ഭവനത്തിലെത്തി അദ്ദേഹത്തെ അനുസ്മരിച്ചത് ഒരു ധന്യസ്മൃതിയായി ഇന്നും നിലനില്ക്കുന്നു. മാതൃഭാഷാസംരക്ഷണത്തിനായുള്ള മുറവിളി നാലുപാടുനിന്നും ഉയരുമ്പോള്‍, മലയാളത്തിന് ക്ലാസിക് ഭാഷയെന്ന അംഗീകാരം ലഭിച്ചിരിക്കുമ്പോള്‍ ഭാഷാസ്നേഹികള്‍ ഒരിക്കലും മറക്കരുതാത്ത സിവി മുന്‍കാല പ്രാബല്യത്തോടെ എല്ലാ നിലയിലും ആദരിക്കപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: