ന്യൂദല്‍ഹി: 2022 ലെ പദ്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രണ്ട് പദ്മ വിഭൂഷണ്‍, എട്ട് പദ്മഭൂഷണ്‍, 54 പദ്മശ്രീ പുരസ്കാരങ്ങള്‍ എന്നിവ സമ്മാനിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, രാധേ ശ്യാം ഖേംക എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ് സമ്മാനിച്ചു. ബിപിന്‍ റാവത്തിന്റെ മക്കളായ ക്രിതിക റാവത്ത്, തരുണി റാവത്ത് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്, പാരാലിമ്പിക്സ് മെഡല്‍ ജേതാവ് ദേവേന്ദ്ര ജജാരിയ, സംഗീതജ്ഞന് റാഷിദ് ഖാന്, മുന്‍ സിഎജി രാജീവ് മെഹ്റിഷി, സിറം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് ഡോ. സൈറസ് പൂനവാല, സച്ചിദാനന്ദ് സ്വാമി, ഗുര്‍മീത് ബാവ (മരണാനന്തരം) എന്നിവര്‍ക്ക് പദ്മഭൂഷണ്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. വെച്ചൂര്‍ പശുക്കളുടെ സംരക്ഷക മലയാളിയായ പ്രൊഫ. ശോശാമ്മ ഐപ്പ് ഉള്‍പ്പെടെ 54 പേര് പദ്മശ്രീ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 28 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: