ചങ്ങനാശ്ശേരി: കെ റെയില്‍ കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രൂരമായ നടപടിയില്‍ ഭീതിയിലായ നാട്ടുകാര്‍ക്ക് ആശ്വാസമായി കേന്ദ്രമന്ത്രി വി.മുരളീധരന്.
കേന്ദ്രമന്ത്രിയെ കണ്ടതോടെ കണ്ണീരുമായി നിരവധി സ്ത്രീകളും കുട്ടികളുമാണ് തങ്ങള്‍ നേരിട്ട പോലീസ് നടപടിയെ കുറിച്ച് വിവരിച്ചത്. എല്ലാവരുടെയും സങ്കടങ്ങള്‍ ശ്രദ്ധയോടെ കേട്ട വി.മുരളീധരന് അവരെ ആശ്വസിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിക്ക് അനുമതി കൊടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞു. ഒരു സ്ഥലമേറ്റെടുപ്പിനും സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടില്ല.
പരിസ്ഥിതി ആഘാത പഠനത്തിന് മാത്രമേ അനുമതി കൊടുത്തിട്ടുള്ളൂ. ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനാണ് പരിസ്ഥിതി ആഘാത പഠനത്തിന് വിട്ടത്. ഇത് ചെയ്യാതെ കല്ലിടുന്നത് പ്രതിഷേധാര്‍ഹമാണ്.
ഇനിയും മഞ്ഞക്കല്ലുമായി വന്നാല്‍ അതിനെതിരെ ജനങ്ങള്‍ സംഘടിക്കണം. പിണറായി വിജയന്റെ അഹന്തയുടെ കല്ല് ഈ നാട്ടിലെ ജനങ്ങളുടെ നെഞ്ചത്ത് വയ്ക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം കാണിച്ചത് പോലീസാണ്. ബാലാവകാശ കമ്മീഷന് കേസെടുക്കേണ്ടത് പോലീസിനെതിരെയാണന്നും അദ്ദേഹം പറഞ്ഞു. ഇരയായവര്‍ക്ക് നിയമപരമായി വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്, മധ്യമേഖല വൈസ് പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാര്‍, ട്രഷറര്‍ പി.ഡി.രവീന്ദ്രന്, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജനറല്‍ സെക്രട്ടറിമാരായ പി. ജി.ബിജുകുമാര്‍, രതീഷ് തെക്കേടം, സെക്രട്ടറി സോബിന്‍ലാല്‍, മണ്ഡലം പ്രസിഡന്റുമാരായ രതീഷ് ചെങ്കിലാത്ത്, വി.വി.വിനയകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ബി.ആര്.മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം, ഡോ ശ്രീനിവാസന് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: