തിരുവനന്തപുരം; സ്വപ്‌നഭൂമിയിലെ അശാന്തിയും യുദ്ധഭൂമിയിലെ അരക്ഷിതത്വവും കൈയ്യടക്കി കേരള രാജ്യാന്തര മേളയുടെ മൂന്നാം ദിനം. സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായ കശ്മീരിലെ സാധാരണക്കാരുടെ ജീവിതം തുറന്നു കാട്ടുന്ന പ്രഭാഷ് ചന്ദ്രയുടെ ഐ ആം നോട്ട് ദി റിവര്‍ ഝലം ,അസ്‌ഗർ ഫർഹാദിയുടെ ഹീറോ, പെട്രോ അൽമദോറിന്റെ പാരലൽ മദേഴ്സ് ,അനറ്റോളിയൻ ലെപ്പേർഡ് തുടങ്ങിയ സിനിമകൾ പ്രേക്ഷക പ്രീതി നേടി.
യുക്രൈനില്‍ നടക്കുന്ന യുദ്ധത്തിന്റെ വാര്‍ത്തകള്‍ അലോസരപ്പെടുത്തുന്ന വേളയിലാണ് യുദ്ധക്കെടുതികള്‍ ദൃശ്യവല്‍ക്കരിച്ച് പ്രേക്ഷകനെ പിടിച്ചുലയ്‌ക്കുന്ന സിനിമകളും മൂന്നാം ദിനം കൈയടികള്‍ നേടിയത്. ഇറാഖില്‍ നിന്നുമെത്തിയ ഹൈദര്‍ റഷീദിന്റെ യുറോപ്പ, യുദ്ധം സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
തുറക്കാനാകാത്ത സ്‌കൂളുകളും നടത്താനാകാത്ത പരീക്ഷകളും ഭാവി തലമുറകള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമാകുമ്പോഴുണ്ടാകുന്ന ആശങ്ക, സംശയത്തിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുമ്പോഴുള്ള അരക്ഷിത ബോധം, ഭയം തുടങ്ങി പ്രതിസന്ധിയിലായ ഒരു സമൂഹത്തിനെ പൊതുസമൂഹത്തിനു മുന്നില്‍ ചര്‍ച്ചാ വിഷയമാക്കുന്നതില്‍ ഐ ആം നോട്ട് ദി റിവര്‍ ഝലം വിജയിച്ചു.
കനേഡിയന്‍ ചിത്രമായ വാര്‍സ് സൈനിക സേവനം മോഹിച്ച എമ്മയുടെ ജീവിതം തുറന്നു കാട്ടി . പരാതിപ്പെടാന്‍ പോലും കഴിയാതെ പുരുഷാധിപത്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുന്ന എമ്മയുടെ ജീവിതം ഉയര്‍ത്തുന്ന ചോദ്യം ലോകവ്യാപകമായി ഉയരുന്ന ചോദ്യം കൂടിയാണ്.
മത്സര വിഭാഗത്തിലെ താരാ രാമാനുജനന്റെ നിഷിദ്ധോ, മലയാള സിനിമ ഇന്ന് വിഭാഗത്തിലെ ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്നിവയും മൂന്നാം ദിനത്തിൽ പ്രേക്ഷക പ്രീതി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: