പ്രൊഫ. വി.ടി. രമ
ശാരീരിക ശക്തിയും ലഹരിയുടെ സ്വാധ്യായങ്ങളും കാമവെറിയും സാമ്പത്തികക്കൊഴുപ്പും സര്‍വ്വോപരി രാഷ്ട്രീയ സ്വാധീനവും മേല്‍ക്കൈ നല്കുന്ന വര്‍ത്തമാന കേരള സമൂഹത്തില്‍ സ്ത്രീ എവിടെയാണ് നില്‍ക്കുന്നത്? സ്വാഭിമാനത്തിനും സ്വാവലംബനത്തിനും പകരം ആത്മനിന്ദയുടെ ചതുപ്പിലേക്ക് ദിനംപ്രതി കൂപ്പുകുത്തുകയാണ് നമ്മുടെ സ്ത്രീത്വം. പ്രതികരണത്തിന്റെ ആഴവും പരപ്പും കൂട്ടുന്നതോടൊപ്പം സ്ത്രീശക്തിയുടെ ഏകീകരണത്തിലൂടെ, രാഷ്ട്രീയത്തിനപ്പുറത്ത്, പ്രബലമായ ഒരു കൂട്ടായ്മ അനിവാര്യതയായി മാറിക്കഴിഞ്ഞു. സ്ത്രീയുടെ സുരക്ഷ, സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വമാണെന്ന അവബോധം കുറെക്കൂടി കാതലായി പ്രചരിപ്പിക്കേണ്ടതല്ലേ? അപമാനിതമായ പെണ്മയ്ക്കുവേണ്ടി വടക്കുനോക്കി യന്ത്രങ്ങളായി മുറവിളി കൂട്ടുന്നതു കാണാം. പക്ഷേ, കേരളത്തിലെ അമ്മമാര്‍ക്കും ഗര്ഭപാത്രങ്ങളുണ്ടെന്നും പെണ്ണിനെ പെണ്ണാക്കുന്ന ഘടകം അതാണെന്നും അതില്ലെങ്കില്‍ വാക്കെറിയാനും നോക്കെറിയാനും കടിച്ചുകീറാനുമുള്ള അസ്തിത്വത്തിലേക്ക് ആരും ഭൂജാതരാവില്ല എന്നും കേരളത്തിലെ ‘അമ്മവിദ്വേഷി’കളെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഓരോ പെണ്‍ശരീരവും മനസ്സും പീഡനാകുലിതമായി ഭയന്ന്, സഹിച്ച്, തേങ്ങിത്തേങ്ങിക്കരയുമ്പോള്, സമൂഹത്തിലെ സ്ത്രീയെ സംരക്ഷിക്കാനുള്ള ധര്‍മ്മത്തില്‍നിന്ന് അകലാന്‍ ശ്രമിക്കുകയാണ് ഇവിടത്തെ ഭരണകൂടം. തുടക്കത്തില്‍ പറഞ്ഞ മേല്‍ക്കൈകള്‍ സര്‍ക്കാരുമായി താദാത്മ്യത്തിലെത്തുകയും ‘ജനമൈത്രി’ ജനശത്രുവാകുകയും ചെയ്യുന്നതാണ് ആത്യന്തികത!
കാലഭേദങ്ങള്‍ സമൂഹത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാക്കും. സ്വാഭാവികത തന്നെയാണ് അത്. പക്ഷേ, മുന്നോട്ടു നീങ്ങുന്ന കാലത്തിനൊപ്പം രാഷ്ട്രവും സമൂഹവും നീങ്ങേണ്ടത് പുരോഗതിയിലേക്കാണ്. വികാസമാണ് പുരോഗമനത്തിന്റെ മുഖമുദ്ര-സാംസ്കാരികമായും സാമൂഹ്യമായും സാമ്പത്തികമായും ദേശീയമായും ശാസ്ത്രീയമായുമൊക്കെയുള്ള വികാസം. ആ വികസനത്തിന്റെ മുഖ്യപരിപ്രേക്ഷ്യങ്ങള്, ഭാരതത്തെ സംബന്ധിച്ചിടത്തോളം, ധാര്‍മികതയും സദാചാരവും മാനവികതയുമായി ഇന്നും അന്നും ഭാരതം ഈ മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാടുപെടുമ്പോള്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, കൊച്ചുകേരളത്തില്‍ ഈ സങ്കല്പങ്ങള് അരികുവല്‍ക്കരിക്കപ്പെടുകയാണ്. ഒരുകാലത്ത് ഈ മൂല്യങ്ങളായിരുന്നു സംസ്കാരത്തിന്റെയും മനുഷ്യ സുരക്ഷയുടെയും പതാകാവാഹകര്‍. ഇന്ന് ഇവയ്ക്കെതിരെ കുരച്ചുകൊണ്ടേയിരുന്നാല് മാത്രം ‘ആധുനിക’നാവാം. സ്ത്രീയെന്ന വ്യക്തിത്വത്തിന്റെ ആദരവും സദാചാരവും കുടുംബഭദ്രതയും ഒരുക്കിയെടുത്ത സാമൂഹ്യ സമാധാനം നഷ്ടപ്പെടുത്തുന്ന കേരള ഭരണപക്ഷവും പ്രതിപക്ഷവും കണ്ണടയ്ക്കുന്നത് സ്ത്രീപീഡനങ്ങളുടെ യാഥാര്‍ത്ഥ്യത്തോടാണ്. പെണ്ണിന് കിട്ടിക്കൊണ്ടിരുന്ന, കിട്ടേണ്ടിയിരുന്ന സുരക്ഷ ഇന്ന് അവളെ ഉപയോഗിച്ച് വലിച്ചെറിയുന്ന (use and Throw) നിലവാരത്തിലേക്കെത്തിച്ചു.
ലോകസമാധാനത്തെക്കുറിച്ച് വിവശമായ കേരളം സ്വന്തം പെങ്ങളുടെ സമാധാനത്തകര്‍ച്ച, തികച്ചും നിര്‍വ്വികാരമായാണ് നോക്കിക്കാണുന്നത്. പരാതിക്കാരിക്ക് ജനമൈത്രി പോലീസിന്റെ ‘സ്നേഹപൂര്വ്വ’മായ അവജ്ഞയും പ്രതികള്‍ക്ക് നിസ്സാരവകുപ്പുകളിലൂടെ ആഭിജാത്യ സംരക്ഷണവും ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പിനു കഴിയുന്നുണ്ട്. കാലിയായിക്കൊണ്ടിരിക്കുന്ന കേരള ഖജനാവില്‍നിന്ന് രണ്ടുകോടി (തുണിയല്ല, രൂപ…) തുടച്ചെടുത്ത് ലോകസമാധാനം ആഘോഷിക്കുമ്പോള്‍, മൂക്കിനു താഴെയിരുന്ന് ചോരക്കണ്ണീരൊഴുക്കുന്ന സ്ത്രീകള്‍ സര്‍ക്കാരിന്റെ ആരുമല്ലാതാവുന്നു. ‘സ്ത്രീയെ, എനിക്കും നിനക്കും തമ്മിലെന്ത്?’ എന്നതാണ് നയം! സമാധാനത്തിന്റെ ‘ചെറിയ ഒരു കിറ്റ്’ എങ്കിലും ഇവിടെയും കൊടുക്കാമായിരുന്നു! മാതൃത്വത്തിന്റെ പേരില്‍ അഭിമാനിച്ചിരുന്നവള്ക്ക് അതേ ഗര്‍ഭപാത്രത്തിന്റെ പേരില്‍ പിഴപ്പിക്കപ്പെടാനും പഴിക്കപ്പെടാനും വിധിയൊരുക്കലാണോ, കമ്യൂണിസ്റ്റ് തത്വശാസ്ത്രം പഠിപ്പിച്ചത്? കണ്ടവന്റെയൊക്കെ കാമഭ്രാന്തിന് മൂത്തുപഴുക്കാന്‍ കള്ളും കഞ്ചാവും സമൃദ്ധമാക്കുന്ന ഭരണനിസ്സാരതയാണോ തുടര്‍ഭരണത്തിന്റെ ശക്തി? ഇതാണോ വനിതാക്ഷേമം? ശരിയാക്കും! എന്നു പറഞ്ഞത് എല്‍ഡിഎഫ് ആണ്. ശരിയായത്, സ്ത്രീപഡനമാണ്; ശരിയായത്, വെട്ടിക്കൊലയാണ്; ശരിയായത് കേരളത്തെ വെട്ടിമുറിക്കലാണ്; ശരിയായത് മദ്യലഭ്യതയാണ്; ശരിയായത് ലഹരിമരുന്നിന്റെ അനധികൃത വ്യാപാരമാണ്; ശരിയായത് പെണ്ണുടലിന്റെയും പെണ്മനസ്സിന്റെയും കുടുംബത്തിന്റെയും തകര്‍ച്ചയാണ്; ശരിയായത് സ്ത്രീയെ ‘പെണ്ണാ’ക്കുന്ന കാമവെറിയന്മാരുടെ രാത്രികളും പകലുമാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഈ സ്ഥിതിയെങ്കില്‍, അവിടെ തൊട്ടാല്‍ പൊള്ളുന്ന, സര്‍ക്കാര്‍ ഇനാംപറ്റികളായ മാധ്യമങ്ങള്‍ക്കും പൊള്ളും!
രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമായി ഇഎംഎസിന്റെ വരദാനമാണ് മലപ്പുറം ജില്ല. അവിടത്തെ ഒരു നാട്ടിന്‍പുറമാണ് കാവനൂര്‍. അവിടെ ഒരു വാടകക്കൂരയില്‍ തളര്‍ന്നു കിടക്കുന്ന ഒരമ്മയും മാനസിക ദൗര്‍ബല്യമുള്ള ഒരു മകളും അന്തിയുറങ്ങുമ്പോഴാണ്, പാതിരക്കൂറ്റനായ ഒരു കാമഭ്രാന്തന്‍ (നാട്ടുകാരിട്ട പേരുതന്നെ, മുഠാളന് എന്നാണ്) വാതില്‍ ചവിട്ടിത്തുറന്ന് ആ യുവതിയെ പീഡിപ്പിച്ചത്. സ്വന്തം മകളെ കണ്മുന്നിലിട്ട് ഭോഗിക്കുന്ന ക്രൂരത കണ്ട് ചലനമറ്റു കിടക്കേണ്ടിവന്ന നിസ്സഹായയായ ഒരമ്മ! തടുത്ത്, നെഞ്ചെരിഞ്ഞ് കണ്ണീര് വാര്‍ത്ത് കാലുപിടിച്ച പെണ്‍കുട്ടി! ഇതൊന്നും കേരളത്തിലെ പത്രമാധ്യമങ്ങള്‍ക്കോ ഇടതു-വലതു ചര്ച്ചാസിംഹങ്ങള്ക്കോ കാണാനായില്ല. വാളയാറും വണ്ടിപ്പെരിയാറും പിന്നെ ദിവസംതോറും നടക്കുന്ന പീഡനങ്ങളും കേരളത്തില്‍ ‘നിരാശ്രയ’കളെ സൃഷ്ടിക്കുകയാണ്. ശക്തമായ നടപടിയും ശിക്ഷയും കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നെങ്കില്‍ ഒരു പരിധിവരെ പെണ്‍വര്‍ഗ്ഗം ഭയഭീതിയില്‍ നിന്നു രക്ഷപ്പെട്ടേനെ. പക്ഷേ ശിക്ഷയില്‍ നിന്നൂരിപ്പോരാന്‍ ഭരണപ്രതിപക്ഷ നേതൃത്വം സഹായിക്കുമ്പോള്‍, സ്ത്രീയേ, നാം എന്തുപറയും? എന്തു ചെയ്യും?
മറുവശം കൂടി നോക്കൂ. കെ.റെയില്‍ സംവിധാനത്തില്‍ കേരളത്തെ തെക്കുവടക്കായി നെടുകെ വിഭജിക്കാനും കോടാനുകോടിയുടെ കടബാധ്യതാ തുടര്‍ച്ച വരുത്താനും ശ്രമം നടക്കുന്നു. അതും നിയമലംഘനത്തിലൂടെ! കെ റെയില്‍, സര്‍ക്കാരിന്റെ സ്വപ്നാഹങ്കാരമാണെങ്കില്, സ്വന്തം കിടപ്പാടവും ജീവിതവുമാണ് സാധാരണക്കാരന്റെ സ്വപ്നം. അവര്‍ കുടിയിറക്കു ഭീഷണിയില്‍ പ്രതിഷേധിക്കുമ്പോള്‍, പോലീസിനെ ഉപയോഗിച്ചു തല്ലിച്ചതയ്ക്കുന്നതാണോ ജനാധിപത്യം? സ്ത്രീകളെ വരെ വലിച്ചിഴയ്ക്കുന്നു; മര്‍ദ്ദിക്കുന്നു. അതും ആണ് പോലീസുകാര്‍! ‘അമ്മ പെറ്റ മക്കള്‍’ എന്ന പ്രയോഗ സാധുതപോലും ഇനി കേരളത്തിന് അന്യമാണ്. 1921ന് ശേഷം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ട കാലത്തിലെ ഭരണാധികാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിമാനിക്കാം. 2021-22 കാലത്ത് 462 സ്ത്രീപീഡനങ്ങളും 202 ബലാത്സംഗവും 16 തട്ടിക്കൊണ്ടുപോകലും 48 ലൈംഗികാതിക്രമങ്ങളും കണക്കിലുണ്ട്. കണക്കില്‍പ്പെടാത്തവയും പ്രണയക്കൊലകളും ലൗജിഹാദും വേറെയും!
ഇനിയും കണ്ടുനില്ക്കാനാവത്തത്രയും ദുരന്തമായി അഭ്യസ്ത കേരളത്തിലെ സ്ത്രീപര്‍വ്വം ദുശ്ശാസനപര്വ്വമായി മാറുമ്പോള്‍ സ്ത്രീ സുരക്ഷയുടെ പ്രഖ്യാപിത ലക്ഷ്യവുമായി ഭാരതീയ ജനതാപാര്‍ട്ടിയും, മഹിളകളും മുന്നോട്ടുവരികയാണ്. ‘സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ ശക്തി,’ ‘ഞങ്ങള്‍ക്കും ജീവിക്കണം,’ ‘കാവനൂരിലെ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക’ എന്നീ സാമൂഹ്യ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് മണ്ഡലംതോറും സമ്മേളനങ്ങള്‍ നടത്താനും മാര്‍ച്ച് 21ന് പതിനായിരത്തിലധികം മഹിളകള്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. സ്ത്രീ ശക്തി സമാഹരണത്തിലൂടെ സ്ത്രീ സുരക്ഷയുടെ നീതിപര്‍വ്വം പുനഃസ്ഥാപിക്കപ്പെട്ടേ പറ്റൂ. അവിടെയേ ജനാധിപത്യത്തിന്റെ സാംസ്കാരികമുഖം സംരക്ഷിക്കപ്പെടൂ. സ്ത്രീ സ്വാതന്ത്ര്യവാദികളായ പുരോഗമനക്കാരോട് ഒരു വാക്ക്. സദാചാരത്തിന്റെ വലയം ഭേദിച്ച് സ്ത്രീയെ പ്രാപിക്കാന്‍ ശ്രമിക്കുന്നവന് സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കല്‍ മാത്രം പോര. സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കുന്ന, ആത്മാഭിമാനത്തിന്റെയും നിര്‍ഭയതയുടെയും കവചം കൂടി സ്ത്രീക്കാവശ്യമുണ്ട്; അത് അത്യന്താപേക്ഷിതമാണുതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: