പാകിസ്ഥാനില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ആ രാജ്യത്തിന്റെ ചരിത്രം അറിയാവുന്ന ആരും അത്ഭുതപ്പെടില്ല. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഈ മാസം അവസാനം ദേശീയ അസംബ്ലിയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സര്‍ക്കാര്‍ താഴെവീഴാനാണ് എല്ലാ സാധ്യതയും. പ്രതിപക്ഷമായ പിഎംഎല്‍-എന്‍, പിപിപി എന്നീ പാര്‍ട്ടികളും പാര്‍ലമെന്റിനു കീഴില്‍ മാത്രമല്ല, ഇമ്രാന്‍ഖാന്റെ സ്വന്തം പാര്‍ട്ടിയായ പാക്കിസ്ഥാന് തെഹരീക്- ഇ-ഇന്‍സാഫില്‍പ്പെട്ടവരും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതായാണ് വിവരം. അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ഇമ്രാന് രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒഐസി രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം പാകിസ്ഥാനില്‍ നടക്കുന്നുണ്ട്. ഇതിനുശേഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ പാക് സൈനിക നേതൃത്വം ഇമ്രാനോട് ആവശ്യപ്പെട്ടിരിക്കുകയാണത്രേ. പാക് സര്‍ക്കാരിലെ അവസാന വാക്ക് ഭരണാധികാരികളല്ല, സൈന്യമാണെന്നിരിക്കെ ഇമ്രാന് അധികാരത്തില്‍ തുടരാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. ഇമ്രാന് എന്നു രാജിവയ്ക്കും എന്നു മാത്രമാണ് അവിടെനിന്നും ലഭിക്കാനുള്ള പുതിയ വാര്‍ത്ത.
ഇമ്രാന്‍ഖാന്റെ ഭരണത്തിന് കീഴില്‍ പാകിസ്ഥാന് വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കടക്കെണിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗം ആ രാജ്യത്തിനു മുന്നില്‍ അടഞ്ഞിരിക്കുന്നു. നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. നയപരമായ പാളിച്ചകളും മറ്റു കാരണങ്ങളുമൊക്കെ ഇതിന് ചൂണ്ടിക്കാട്ടാനാവുമെങ്കിലും അടിസ്ഥാനപരമായ പ്രശ്നം ഇമ്രാന് ഒരു നല്ല ഭരണാധികാരിയല്ലെന്നതാണ്. അഴിമതി നിറഞ്ഞ നവാസ് ഷെരീഫ് സര്‍ക്കാരിന് ബദലായി സ്ഥിരതയുള്ള ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നയാളാണ് ഇമ്രാന്. പറയത്തക്ക രാഷ്ട്രീയ-ഭരണ പരിചയമൊന്നുമില്ലാതിരുന്നിട്ടും ക്രിക്കറ്റ് താരം എന്ന പ്രശസ്തിയുടെ പിന്‍ബലത്തില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് അധികാരത്തിലെത്തിയത്. പാകിസ്ഥാന്റെ ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ ഇമ്രാനു കഴിഞ്ഞില്ലെന്നു മാത്രമല്ല നാലുവര്‍ഷത്തെ ഇന്‍സാഫ് ഭരണത്തില്‍ അവ ഒരിക്കലും പരിഹരിക്കാനാവാത്തവിധം സങ്കീര്‍ണമാവുകയാണുണ്ടായത്. എല്ലാ കാര്യങ്ങള്‍ക്കും ചൈനയെ ആശ്രയിച്ച് ഒരു ഉപഗ്രഹരാജ്യമായി പാകിസ്ഥാന് മാറിയതുമാത്രമാണ് ഇമ്രാന്റെ ഭരണമഹത്വം. ചൈനയാണെങ്കില്‍ ഇമ്രാന്റെ കഴിവുകേട് ശരിക്ക് മുതലെടുക്കുകയും ചെയ്തു. ഭാരതവുമായുള്ള പ്രശ്നങ്ങളിലടക്കം ചൈന എന്തു പറയുന്നോ അതായിരുന്നു ഇമ്രാന്റെ തീരുമാനം. ചൈന നല്കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ച് ഒരുവിധം കാര്യങ്ങള്‍ തട്ടിമുട്ടി കൊണ്ടുപോയ ഇമ്രാന്ഖാന് സ്വന്തം സുഖസൗകര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിച്ചത്. അടുത്തിടെ ആദ്യ ഭാര്യ ഇക്കാര്യങ്ങളൊക്കെ വിളിച്ചു പറയുകയും ചെയ്തു.
ഭാരതത്തോട് താരതമ്യേന മെച്ചപ്പെട്ട സൗഹൃദം പുലര്‍ത്തിയ നവാസ് ഷെരീഫിന്റെ ഭരണത്തിനുശേഷമാണ് ഇമ്രാന്ഖാന് പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ വ്യക്തിപരമായ അടുപ്പവും ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തുടരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോദി മുന്‍കയ്യെടുത്ത് ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതൊക്കെക്കൊണ്ട് ഭാരതത്തോട് നിതാന്തശത്രുത പുലര്‍ത്തുന്ന പാക്സൈന്യവും ചാര സംഘടനയായ ഐഎസ്ഐയും നവാസിനെ അനഭിമതനാക്കി. ഭാരതവിരോധം വളര്‍ത്തി അവസരം മുതലെടുത്ത ഇമ്രാന് സൈന്യത്തിന്റെ പിന്തുണയും ലഭിച്ചു. ഭാരതത്തിനെതിരെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റമുള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനത്തിന്
എല്ലാ പിന്തുണയും നല്കി പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇമ്രാന് സൈന്യത്തിന്റെ ഇഷ്ടക്കാരനായി ഇത്രയും കാലം തുടര്‍ന്നത്. സ്വന്തം താളത്തിന് തുള്ളുന്നയാളായതിനാല്‍ ചൈനയ്ക്കും വേണ്ടപ്പെട്ടവനായി. ഭാരതത്തോടുള്ള ശത്രുതാപരമായ നയം ഉപേക്ഷിക്കാതെ പാകിസ്ഥാന് ഒരു രംഗത്തും മുന്നേറാന്‍ കഴിയില്ല. ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള സത്യമാണിത്. മതത്തെ മുന്‍നിര്‍ത്തിയുള്ള നയരൂപീകരണം ആ രാജ്യത്ത് അസ്ഥിരത മാത്രമേ കൊണ്ടുവരികയുള്ളൂ എന്ന് പാക് ഭരണാധികാരികള്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ സൈന്യം അതിന് അവരെ അനുവദിക്കുന്നില്ല. ഇനിയും സംഭവിക്കാന്‍ പോകുന്നത് ഇതുതന്നെയായിരിക്കും. ഇമ്രാനുശേഷം മറ്റൊരാള്‍ ഭരണാധികാരിയാവും. അധികം വൈകാതെ അയാളും അനഭിമതനാവും. പാകിസ്ഥാന് ഒരു പരാജയപ്പെട്ട രാജ്യമാണ്. പിറവിയില്ത്തന്നെ അതിന്റെ നാശം പ്രവചിക്കപ്പെട്ടതുമാണ്. അതിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആ രാജ്യം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിഗതികളും ഇതിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: