ഭാരതത്തില്‍, ഒരു വിവാഹം നടത്തുന്നതിന് പിന്നില്‍ ഒരു സമ്പൂര്‍ണ്ണ ശാസ്ത്രം തന്നെയുണ്ട്. രണ്ട് വ്യക്തികള്‍ വിവാഹിതരാവാന്‍, കുടുംബങ്ങളും ശരീരങ്ങളും തമ്മിലുള്ള പൊരുത്തം മാത്രമല്ല, അവര്‍ തമ്മിലുള്ള ഊര്‍ജ്ജങ്ങളുടെ ആഴമേറിയ പൊരുത്തം കൂടിയാണ് നോക്കിയിരുന്നത്. അതിന് ശേഷമേ വിവാഹം ഉറപ്പിക്കുമായിരുന്നുള്ളൂ. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും, വിവാഹദിവസം വരെ, വിവാഹിതരാകുന്നവര്‍ പരസ്പരം കണ്ടിട്ട് കൂടിയുണ്ടാകില്ല. പക്ഷെ അത് കാര്യമാക്കപ്പെട്ടിരുന്നില്ല. കാരണം, വധൂവരന്മാരേക്കാളേറെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവരാരോ ആണ് അവര്‍ തമ്മിലുള്ള പൊരുത്തം നോക്കി തീരുമാനിച്ചിരുന്നത്.
വിവാഹത്തിനായി വധൂവരന്മാര് ഒരുമിച്ചിരിക്കുമ്പോള്‍ ഒരു മംഗള്‍സൂത്ര (മംഗല്യസൂത്രം) തയ്യാറാക്കപ്പെടുമായിരുന്നു. ”മംഗള്‍സൂത്ര” എന്നാല്‍ ”പവിത്രമായ ചരട്’. ഇതു തയ്യാറാക്കുന്നത് വിശാലമായൊരു ശാസ്ത്രാടിസ്ഥാനത്തിലാണ്. അസംസ്കൃതമായ കുറച്ച് പരുത്തിനൂലുകളെടുത്ത്, ചന്ദനവും മഞ്ഞളും പുരട്ടി, ഒരു സവിശേഷ രീതിയില്‍ ചൈതന്യവത്താക്കുന്നു. അത് കെട്ടുന്നതോടെ ജീവിതമാകെയും അതിനപ്പുറവും ഒരുമിക്കുന്ന രീതിയിലായിരുന്നു അതിന്റെ നിര്‍മ്മാണം. ജന്മങ്ങളോളം ഒരേ ദമ്പതികള്‍ ഒരുമിച്ച് ജീവിച്ച സാഹചര്യങ്ങളുണ്ടായിട്ടുണ്ട്, അങ്ങനെയായിരിക്കുകയെന്നത് അവരുടെ ബോധപൂര്‍വ്വമുള്ള തീരുമാനമായിരുന്നു കാരണം ശാരീരികവും വൈകാരികവുമായ തലങ്ങളില്‍ ഒതുങ്ങാതെ അവര്‍, അവരുടെ നാഡികളും ബന്ധിക്കുന്നവിധത്തില്‍ ആളുകള്‍ പ്രയോഗിച്ചിരുന്നു.
ശാരീരികവും മാനസികവും ഊര്‍ജ്ജപരവുമായ തലങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ മരണശേഷവും നിലനില്‍ക്കുന്നത് ഊര്‍ജ്ജ തലത്തില്‍ നിങ്ങള്‍ ചെയ്തിട്ടുള്ളവയാണ്. അതിന് ഒരുതരത്തിലുമുള്ള പുനരാലോചനയുടെ ചോദ്യമേയുണ്ടായിരുന്നില്ല. കാരണം അത്യധികം ആഴത്തിലുള്ള, നിങ്ങളുടെ ഗ്രഹണശേഷിക്കുമപ്പുറത്തുള്ള എന്തിനേയോയാണ്, അതേക്കുറിച്ച് ക്കുറിച്ച് അറിവുള്ളവര്‍ ഒരുമിച്ച് കെട്ടിയിട്ടത്. അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിവില്ലാത്തവര്‍ ഇന്നും അതേ പ്രക്രിയ ചെയ്യുന്നുണ്ട്. പക്ഷെ ഇന്ന് അതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. കാരണം അതിന് പിന്നിലെ ശാസ്ത്രം നഷ്ടപ്പെട്ടുകഴിഞ്ഞു.
ഇന്നത്തെക്കാലത്ത്, ആളുകള്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത് അതിന്റെ വികാരപരമായ വശത്തെക്കുറിച്ച് മാത്രമാണ്. ആധുനിക സംസ്കാരത്തില്‍, നിങ്ങളുടെ ജീവിതത്തിലുടനീളം ഒരു പങ്കാളിയോടൊപ്പം മാത്രമേ ജീവിക്കാവൂ എന്നൊരു നിര്‍ബന്ധവുമില്ല. കാര്യങ്ങള്‍ ഒരുപാട് മാറിയിരിക്കുന്നു- ഒരു നിശ്ചിത കാലാവധിയോടുകൂടിയാണ് ഒരു പങ്കാളി എത്തുന്നത്. ഒരു ബന്ധത്തിലേക്ക് പ്രവേശിച്ചപ്പോള്‍ നിങ്ങള്‍ കരുതിയത്, ”ഇത് എന്നെന്നേക്കുമുള്ളതാണ്” എന്നാണ്. പക്ഷെ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ചിന്തിക്കും, ‘കഷ്ടം! ഞാന്‍ എന്തിന് ഇവരോടൊപ്പം ജീവിക്കണം?”കാരണം ഇതെല്ലാം ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും പുറത്തുള്ള തീരുമാനങ്ങളാണ്. ഇത്തരമൊരു ബന്ധത്തില്‍ നിങ്ങള്‍ നരകിക്കുകയേയുള്ളൂ. ഇത്തരം അസ്ഥിരവും, ഇടവിട്ടുമുള്ള ബന്ധങ്ങള്‍ മുറിയുമ്പോള്‍, ഭീമമായ വേദനയിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും നിങ്ങള്‍ കടന്നു പോകും.
ഒരിക്കല്‍ രാജസ്ഥാനില്‍ വിക്രമാദിത്യന് എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തോട് ഒരുപാട് സ്നേഹവും അര്‍പ്പണമനോഭാവവുമുള്ള ഒരു യുവതിയായിരുന്നു ഭാര്യ. പക്ഷെ രാജാക്കന്മാര്ക്ക് എന്നും ധാരാളം വെപ്പാട്ടികളുണ്ടായിരുന്നു. തന്റെ ഭാര്യയ്ക്ക് തന്നോടുള്ള നിരന്തര ദൃഢാസക്തി രാജാവിന് ബാലിശമായാണ് തോന്നിയത്. ഭാര്യ നല്കിയ ശ്രദ്ധയില്‍ അദ്ദേഹം സന്തോഷവാനും പ്രസന്നനുമായിരുന്നുവെങ്കിലും, ചില നേരങ്ങളില്‍ അതല്പ്പം കൂടിപ്പോകുമ്പോള്‍ അദ്ദേഹം അവരെ അകറ്റി നിര്‍ത്തുമായിരുന്നു. എന്നിരുന്നാലും, ആ സ്ത്രീ അദ്ദേഹത്തോട് എന്നും ദൃഢാനുരക്തയായിരുന്നു.
രാജാവിനും രാജ്ഞിക്കും രണ്ട് മൈന പക്ഷികളുണ്ടായിരുന്നു. ഒരു ദിവസം, അതിലൊന്ന് പ്രതീക്ഷിക്കാതെ ചത്തു. മറ്റേ പക്ഷി ആഹാരമൊന്നും കഴിക്കാതെ അവിടെ തന്നെയിരുന്നു. ആ പക്ഷിയെ ഭക്ഷണം കഴിപ്പിക്കാന്‍ ആവുന്നതെല്ലാം രാജാവ് ചെയ്തെങ്കിലും, കഴിക്കാന്‍ പക്ഷി കൂട്ടാക്കിയില്ല. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അത് ചത്തു പോയി. ഇത് രാജാവിനെ ആഴത്തില്‍ സ്പര്‍ശിച്ചു. കാരണം, ആദ്യം സ്വന്തം ജീവന് വില കല്‍പ്പിക്കുകയെന്നത് ഏതൊരു ജീവിയെ സംബന്ധിച്ചിടത്തോളവും സ്വാഭാവികമാണ്. ഇതേക്കുറിച്ച് രാജാവ് പത്നിയോട് സംസാരിച്ചപ്പോള്‍, അത് വളരെ സ്വാഭാവികമാണെന്നായിരുന്നു അവരുടെ പ്രതികരണം. ‘ഒരാള്‍ മറ്റൊരാളെ ശരിക്കും സ്നേഹിക്കുമ്പോള്‍, ഒരാള്‍ ഇഹലോകം വെടിയുമ്പോള്‍ മറ്റേയാളും ആദ്യത്തെയാളോടൊപ്പം പോകുക എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. കാരണം പങ്കാളിയില്ലാത്ത ജീവിതം അവര്‍ക്ക് അര്‍ത്ഥശൂന്യമാണ്. രാജാവ് തമാശയ്ക്ക് ചോദിച്ചു, ‘നിനക്കും അങ്ങനെയാണോ? നിനക്ക് എന്നോട് അത്രയ്ക്ക് സ്നേഹമുണ്ടോ?’ രാജ്ഞി മറുപടി പറഞ്ഞു, ‘അതെ, എനിക്ക് അങ്ങനെ തന്നെയാണ്’. രാജാവിന് അതൊരു തമാശയായി തോന്നി.
ഒരു ദിവസം, രാജാവ് സുഹൃത്തുക്കളോടൊപ്പം നായാട്ടിന് പോയപ്പോള്‍, പക്ഷികളുടെ മരണത്തെക്കുറിച്ചുള്ള ചിന്തയും അതേക്കുറിച്ച് തന്റെ ഭാര്യയുടെ പ്രതികരണവും രാജാവിന്റെ മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് അതൊന്നു പരീക്ഷിച്ചു നോക്കണമെന്ന് തോന്നി. അദ്ദേഹം തന്റെ വസ്ത്രങ്ങള്‍ ഊരി, അവ രക്തമയമാക്കി കൊട്ടാരത്തിലേക്ക് തിരിച്ചു വിടുകയും, ‘രാജാവിനെ ഒരു പുലി ആക്രമിച്ചു കൊന്നു’ എന്ന് അവിടെ പ്രഖ്യാപിപ്പിക്കുകയും ചെയ്തു. ഒരിറ്റ് കണ്ണുനീര് പോലുമില്ലാതെ, കുലീനതയോടെ രാജ്ഞി വസ്ത്രങ്ങള്‍ സ്വീകരിച്ചു. അവര്‍ ഒരു കെട്ട് വിറക് നിരത്തി രാജാവിന്റെ വസ്ത്രങ്ങള്‍ വിരിച്ചശേഷം, അതിന്റെ മുകളില്‍ കിടക്കുകയും, മരിക്കുകയും ചെയ്തു. ഈ വാര്‍ത്ത രാജാവിലേക്ക് എത്തിയപ്പോള്‍, അദ്ദേഹം തകര്‍ന്ന് പോയി. ഒരു ചപല നിമിഷത്തില്‍ കാണിച്ച തമാശയായിരുന്നുവെങ്കിലും, അവള് ശരിക്കും പോയ്മറഞ്ഞു – ആത്മഹത്യ ചെയ്തുകൊണ്ടല്ല – അവള് വെറുതെ യാത്രയായി.
ഈ കഥ ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്. കാരണം, മറ്റെവിടെയോ രണ്ട് ജീവനുകള്‍ ഒന്നിച്ചു ചേര്‍ന്നിരുന്നു. തുണയില്ലാതെ മറ്റൊരാള്‍ക്ക് ജീവിക്കാന്‍ കഴിയാത്തവിധം ജീവിച്ച ഒരുപാട് വ്യക്തികളുണ്ടായിട്ടുണ്ട്. ഒരു ‘മംഗള്‍സൂത്ര’യുപയോഗിച്ച്, രണ്ട് ജീവനുകളെ ഒരു സവിശേഷ തരത്തില്‍ ആളുകള്‍ ബന്ധിപ്പിച്ചിരുന്നു. രണ്ട് ജീവനുകള്‍ ഒന്നായി സ്ഥിതി ചെയ്യുന്ന വിധത്തിലാണ് മറ്റൊരു മനുഷ്യജീവിയോടുള്ള നിങ്ങളുടെ ബന്ധമെങ്കില്‍, നിലനില്‍പ്പുള്ളതിന്റെ അതിമനോഹര രൂപമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: