ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ ഉത്സവത്തിലേതുപോലെ ശിവമൊഗ്ഗയിലെ പ്രമുഖ കോട്ടെ മാരികാംബ ജത്രെയ്ക്കും സ്റ്റാളുകള്‍ ഹിന്ദു കച്ചവടക്കാര്‍ക്ക് നല്കിയാല് മതിയെന്ന് തീരുമാനം. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ ഉത്സവം മാര്‍ച്ച് 22ന് ആരംഭിക്കും. ഹിജാബ് വിവാദത്തോടെ വര്‍ധിച്ച മതപരമായ ചേരിതിരിവാണ് ക്ഷേത്രാധികാരികളുടെ പുതിയ തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു.
നേരത്തെ മാര്‍ച്ച് 18ന് നടന്ന ഉഡുപ്പി ജില്ലയിലെ കൗപ് എന്ന പ്രദേശത്തെ ഹോസ മാരിഗുഡി ക്ഷേത്രത്തില്‍ നടന്ന സുഗ്ഗി മാരി പൂജയ്ക്ക് സ്റ്റാള്‍ നടത്താനുള്ള അധികാരം ഹിന്ദു കച്ചവടക്കാര്‍ക്ക് മാത്രം നല്കിയാല് മതിയെന്ന തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ശിവമൊഗ്ഗയിലും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രസിദ്ധമായ കോട്ടെ മാരികാംബ ജത്രെയ്ക്കും സ്റ്റാളുകള്‍ ഹിന്ദുക്കള്‍ക്ക് മാത്രം നല്കിയാല് മതിയെന്ന തീരുമാനമുണ്ടാവുന്നത്.
ഇക്കുറി കോട്ടെ മാരികാംബ ജത്രെയ്ക്ക് മറ്റ് സമുദായങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ വേണ്ടെന്ന തീരുമാനം ഏകസ്വരത്തിലാണ് ക്ഷേത്ര അധികാരികള്‍ കൈക്കൊണ്ടത്. ആര്‍എസ്എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗ് ദള്‍ എന്നീ സംഘടനകള്‍ക്ക് കരുത്തേറെയുള്ള പ്രദേശമാണ് ശിവമൊഗ്ഗ. ഹാരകെ എടുക്കാനും ഇക്കുറി ഹിന്ദുക്കളെ മാത്രമേ അനുവദിക്കൂ. നേരത്തെ മറ്റു സമുദായങ്ങളിലുള്ളവരും ഹാരകെ എടുക്കുന്ന പതിവുണ്ടായിരുന്നു. ആഗ്രഹം സാധിക്കുന്നതിന് വേണ്ടി എടുക്കുന്ന വഴിപാടാണ് ഹാരകെ.
നേരത്തെ ബിസിനസുകാര്‍ക്ക് സ്റ്റാളുകള്‍ നല്കുന്ന ചുമതല ചിക്കണ്ണയ്ക്കായിരുന്നു. ഇക്കുറി ഹിന്ദു ഗ്രൂപ്പുകളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. “മറ്റ് സമുദായക്കാരെ ഇതുവരെ ഞങ്ങള്‍ എതിര്‍ത്തിരുന്നില്ല. ചില സമുദായങ്ങളിലുള്ളവരുടെ പെരുമാറ്റമാണ് പുതിയ തീരുമാനത്തിന് കാരണം”- ശിവമൊഗ്ഗ സിറ്റി കോര്‍പറേഷനിലെ ബിജെപി നേതാവ് ചന്നബസപ്പ പറഞ്ഞു. ഈയിടെ ശിവമൊഗ്ഗയില്‍ ബജ്രംഗ്ദള് പ്രവര്‍ത്തകനായ ഹര്‍ഷയുടെ കൊലപാതകം വലിയ വിവാദമുണര്‍ത്തിയിരുന്നു. ഹിജാബ് ധരിച്ച് സ്കൂളിലെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുണ്ടായ സമരം പടര്‍ന്ന് പിടിച്ചതിനിടയിലായിരുന്നു ബജ്രംഗ്ദളിന്റെ സജീവപ്രവര്‍ത്തകനായ ഹര്‍ഷയെ കൊല ചെയ്തത്. ഇതും ഇവിടെ സമുദായ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: