തിരുവനന്തപുരം: പരശുവയ്ക്കല്‍ കളരിയില്‍ ധാര്‍മികം ആശ്രമം മടാധിപതി സ്വാമി ധര്മാനന്ദ സ്വരൂപ ഹനുമാന് ദാസ്ജി ശ്രീരാമ പദം പൂകി. കേരളത്തിന്റെ തനത് ആയോധനകല കളരിപയറ്റ് കളരി മര്‍മ്മ വിജ്ഞാനം കളരി ചികിത്സ എന്നിവയില്‍ അദ്വിതീയ സ്ഥാനമലങ്കരിച്ചിരുന്ന അദ്ദേഹം ഈ കലകളുടെ പ്രചാരണത്തിനായി ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മഹനീയ സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു. അധ്യാത്മികതയിലും ആയോധന കലയിലും സാമൂഹിക സാംസ്കാരിക കാര്‍ഷിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു സ്വാമി ധര്മാനന്ദ സ്വരൂപ ഹനുമാന് ദാസ്ജി.
കുട്ടിക്കാലം മുതല്ക്കേ അയോധനകലയില്‍ പ്രഗത്ഭനായിരുന്ന സ്വാമിജി മാതൃരാജ്യത്തിന്റെ സേവനത്തിനായി സൈനിക സേവനത്തിലൂടെ തന്റെ കര്‍മമേഖല ആരംഭിച്ചു. തുടര്‍ന്ന് ഈ കല അഭ്യസിപ്പിക്കുന്നതിനായി തീരുവിതാംകൂര്‍ രാജകുടുമ്പത്തിന്റെ പ്രത്യേക താല്പര്യ പ്രകാരം, വഴുതയ്ക്കാട് ആസ്ഥാനമായി, ഇന്ത്യന്‍ സ്കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സ് എന്ന അയോധനപരിശീലന കളരി ആരംഭിച്ചു. യുവതീയുവാക്കുകളിലും കുട്ടികളിലും ധാര്‍മിക ബോധം വളര്‍ത്തുവാനും സമൂഹത്തില്‍ നിര്‍ഭയമായും ധാര്‍മ്മികമായും ജീവിക്കുവാന്‍ ഇവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം നേടുവാന്‍ ഈ സ്കൂളിലൂടെ അദ്ദേഹത്തിന് സാധിച്ചു.
തിരുവനന്തപുരത്ത് തമലം മായിരുന്നു ഇദ്ദേഹത്തിന്റ ജന്മ ദേശം. പോലീസ് ട്രെയിനിങ്ങ് കോളേജില്‍ കേരളാ പോലീസിന് വളരെക്കാലം ആയോധനകലയുടെ പരിശീലകനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ദൗത്യം നിര്‍വഹിക്കുന്നതില്‍ അനിതരസാധാരണമായ നേതൃത്വപാഠവമാണ് മാസ്റ്റര്‍ പ്രകടിപ്പിച്ചത്. ബിബിസി, ഡിസ്കവറി, തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചാനലുകളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടികള്‍ കളരിപയറ്റ് എന്ന ആയോധന കലയെ ലോക പ്രസിദ്ധമാക്കി. ആത്മവിശ്വാസവും, ആത്മാഭിമാനവും ചോര്‍ന്നുപോകാത്ത ഒരു വലിയൊരു ശിഷ്യസമ്പത്ത് അദ്ദേഹം വളര്‍ത്തിയെടുത്തു.
ബാല്യകാലം മുതല്‍തന്നെ ഭജനയിലും ഈശ്വരാരാധനയിലും അതീവതല്പരനായ ഇദ്ദേഹം ഹനുമാന്‍സ്വാമിയുടെ തികഞ്ഞ ഒരു ഉപാസകനായിരുന്നു. ബ്രഹ്മശ്രീ. സ്വരൂപാനന്ദ സ്വാമിയില്‍ നിന്നു സന്യാസദീക്ഷ സ്വീകരിച്ച സ്വാമിയുടെ പൂര്‍വാശ്രമ നാമം ബാലചന്ദ്രന് നായര്‍ എന്നായിരുന്നു.
ലോകമെമ്പാടും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും രാഷ്ട്രീയപ്രമുഖരും മഹനീയവ്യക്തിത്വങ്ങളുമടങ്ങുന്ന പതിനായിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയാണ് സ്വാമി. തുടര്‍ന്ന് പരശുവക്കല്‍ കേന്ദ്രമാക്കി കളരിയില്‍ ധാര്‍മ്മികം എന്ന പേരില്‍ ഒരാശ്രമം സ്ഥാപിക്കുകയും ആത്മീയാന്തരീക്ഷത്തില്‍ കളരി പരിശീലനവും, മര്‍മ്മ ചികിത്സയും ഗോപരിപാലനം കൃഷി തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുകയും ചെയ്തുവന്ന ഇദ്ദേഹം നിരവധി തവണ മികച്ച ക്ഷീരകര്‍ഷക അവാര്‍ഡിനര്‍ഹനായി. ആശ്രമജീവിതത്തിലൂടെ കൃഷിയുടെ പ്രാധാന്യം പുതിയ തല മുറയെ പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ശ്രീരാമനാമ പ്രചാരകനായി ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ആശ്രമത്തില്‍ രാമായണ പഠനത്തിനും പാരായണത്തിനും രാമാ നാമ ജപവും തന്റെ ജീവിത വര്ത്തമായി അനുഷ്ഠിച്ചുവന്നു.
ഭാര്യ:
രാമാദേവി
മക്കള്‍:
ഗായത്രീ ബാലചന്ദ്രന്
ഡോ. ഗിരീഷ് ബി ചന്ദ്രന്
മരുമക്കള്‍:
ഷാജി ശ്രീധര്‍
ഡോ. മഞ്ജു ഗിരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: