ന്യൂദല്‍ഹി: കാലത്തോടൊപ്പം സഞ്ചരിച്ച് ഡിജിറ്റല്‍ യുഗത്തിലും തരംഗം സൃഷ്ടിക്കാന്‍ തയ്യാറെടുപ്പുമായി ടാറ്റ. ഫോണ്‍പേ, ഗൂഗിള്‍ പേയോടെപ്പം മത്സരിക്കാന്‍ സ്വന്തമായി ഡിജിറ്റല്‍ പേയ്മന്റ് ആപ്പ് ആരംഭിക്കാന്‍ ടാറ്റ തയ്യാറെടുത്തതായാണ് വിവരം.
ഇന്റര്‍നെറ്റ് മേഖലയില്‍ ചുവടുറപ്പിക്കാനുള്ള ടാറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് യുപിഐ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കുന്നത്. ടാറ്റ ഡിജിറ്റല്‍ എന്ന കമ്പനിക്ക് കീഴിലായിരിക്കും ആപ്പ്. എന്നാല്‍ ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം ആരംഭിക്കുവാന്‍ ടാറ്റ, നാഷണല്‍ പേയ്മന്റ്സ് കോര്പ്പറേഷന് (എന്‍പിസിഐ) നല്കിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ്.
ബാങ്കിങ് കമ്പനി അല്ലാത്തത് കൊണ്ട് മറ്റു ബാങ്കുകളുമായി സഹകരിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍ പേയും ഫോണ്‍ പേയുമെല്ലാം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ഐസിഐസി ബാങ്കുമായാണ് നിലവില്‍ ടാറ്റ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് കൂടാതെ കൂടുതല്‍ ബാങ്കുകളുമായി കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.
അടുത്തമാസം ആപ്പ് ഉപഭോക്താക്കളില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ബാങ്കിങ് ആപ്പുകള്‍ക്ക് പുറമേ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ കൂടാതെ വാട്സാപ്പ് പേ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പുകള്‍. മറ്റ് ഡിജിറ്റള്‍ പേയ്മെന്റ് ആപ്പുകളുടെ കൂടെ മത്സരിക്കാനും, എന്തൊക്കെ മാറ്റങ്ങളും വ്യത്യസ്തതകളും ടാറ്റ കൊണ്ടുവരുമെന്നും കണ്ട് തന്നെ മനസ്സിലാക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: