ന്യൂദല്‍ഹി: ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എംഎല്‍എ അഗ്നിമിത്ര പോള്‍ ബിജെപി സ്ഥാനാര്‍ഥിയാകും. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്നന്‍ സിന്‍ഹയ്ക്കെതിരെയാണ് അഗ്നിമിത്ര മത്സരിക്കുന്നത്.
അസന്‍സോള്‍ സൗത്ത് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയും ബിജെപി ജനറല്‍ സെക്രട്ടറിയുമാണ് നടി കൂടിയായ അഗ്നിമിത്ര പോള്‍. 2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ സയാനി ഘോഷിനെ തോല്‍പ്പിച്ചാണ് അഗ്നിമിത്ര പോള്‍ എംഎല്‍എ ആയത്.ടെലിവിഷന്‍ അവതാരകയും മഹിളാമോര്‍ച്ച നേതാവുമായ കേയാഘോഷ് ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്കെതിരെ ബാലിഗഞ്ച് നിയമസഭാമണ്ഡലത്തില്‍ ബിജെപിസ്ഥാനാര്‍ഥിയായി മത്സരിക്കും. ബാബുല്‍ സുപ്രിയോ ബിജെപിയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുന്‍ ബിജെപി നേതാവായ ശത്രുഘ്നന്‍ സിന്‍ഹ 2019ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും പട്നയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി രവിശങ്കര്‍ പ്രസാദിനോട് പരാജയപ്പെട്ടു. തുടര്‍ന്ന് തൃണമൂലില്‍ ചേക്കേറുകയായിരുന്നു. ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 16ന് വിധി അറിയാം. അസന്‍സോള്‍ ലോക്സഭാ സീറ്റിലേക്കും പശ്ചിമ ബംഗാളിലെ ബാലിഗഞ്ച്, ഛത്തീസ്ഗഡിലെ ഖൈരഗഡ്, ബീഹാറിലെ ബോച്ചഹാന്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: