Categories: Samskriti

ത്യാഗത്തിന്റെ മഹത്വം

'ഒന്നിനോടും ബന്ധമില്ലെങ്കില്‍ ജീവിതം എങ്ങനെ ആസ്വദിക്കാന്‍ പറ്റുമെന്നു സംശയം തോന്നാം. ബന്ധമില്ലാത്തപ്പോഴാണ് എന്തും കൂടുതല്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നത്. സൂര്യാസ്തമയവും ചന്ദ്രോദയവും കടല്‍ക്കാറ്റുമൊക്കെ നമുക്ക് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നത് അവിടെ തന്റേത്, അന്യന്റേത് എന്ന ചിന്തയില്ലാത്തതുകൊണ്ടാണ്. '

മക്കളേ,  

മനുഷ്യനുണ്ടായിരിക്കേണ്ട ഉത്തമമായ ഒരു ഗുണമാണ് ത്യാഗം. ഉന്നതമായ ഒരു ലക്ഷ്യത്തിനുവേണ്ടി അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കുവേണ്ടി സ്ഥാനമാനങ്ങള്‍, മാനാപമാനങ്ങള്‍ ഇവയൊക്കെ അറിഞ്ഞുകൊണ്ട് ഉപേക്ഷിക്കുന്നതാണ് ത്യാഗം. അതിലൂടെയാണ് നമ്മള്‍ നമ്മുടെ സ്വാര്‍ത്ഥതയെയും അഹങ്കാരത്തെയും ജയിക്കുന്നത്.

തങ്ങള്‍ ത്യാഗം ചെയ്തിട്ട് ഒരു ഫലവുമുണ്ടായില്ലെന്നു ചിലര്‍ പരാതിപ്പെടാറുണ്ട്. ചെയ്തത് വെറുതെ ആയിപ്പോയോ, നഷ്ടക്കച്ചവടമായോ എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നത്. ശരിയായ ത്യാഗബുദ്ധി വരാത്തതാണ് ഇങ്ങനെ ചിന്തിക്കാന്‍ കാരണം. അത്തരം മനോഭാവത്തോടെചെയ്യുന്നപ്രവൃത്തി എങ്ങനെ ത്യാഗമാകും. ബാഹ്യമായി ഒരു വസ്തു ഉപേക്ഷിച്ചതുകൊണ്ടുമാത്രം അതു ശരിയായ ത്യാഗമാവില്ല, നമ്മുടെയുള്ളില്‍ ആ വസ്തുവിനോടുള്ള ബന്ധമില്ലാതാകണം അപ്പോഴേ അതു ത്യാഗമാകൂ.  

ഒന്നിനോടും ബന്ധമില്ലെങ്കില്‍ ജീവിതം എങ്ങനെ ആസ്വദിക്കാന്‍ പറ്റുമെന്നു സംശയം തോന്നാം. ബന്ധമില്ലാത്തപ്പോഴാണ് എന്തും കൂടുതല്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നത്. സൂര്യാസ്തമയവും ചന്ദ്രോദയവും കടല്‍ക്കാറ്റുമൊക്കെ നമുക്ക് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നത് അവിടെ തന്റേത്, അന്യന്റേത് എന്ന ചിന്തയില്ലാത്തതുകൊണ്ടാണ്. ത്യാഗമാണു ശരിയായ ശാന്തിയും ആനന്ദവും നമുക്കു തരുന്നത്.  

വളരെ നാളുകളായി കാണാതിരുന്ന കൂട്ടുകാരന്‍ വരുമ്പോള്‍ സ്‌നേഹപൂര്‍വ്വം നമ്മള്‍ പൂച്ചെണ്ടു നല്കി അയാളെ സ്വീകരിക്കാറുണ്ട്. ആ പൂക്കളുടെ ഭംഗിയും പരിമളവും ആദ്യം ആസ്വദിക്കുന്നതു നമ്മളാണ്. കൊടുക്കുമ്പോഴുള്ള സംതൃപ്തിയും നമുക്കു തന്നെ. അതുപോലെ ത്യാഗപൂര്‍ണ്ണമായ നിഷ്‌കാമകര്‍മ്മത്തിലൂടെ, നമ്മളറിയാതെ തന്നെ നമുക്കു സംതൃപ്തിയും ആനന്ദവും ലഭിക്കുന്നു.

ഒരു രാജ്ഞി ഗര്‍ഭിണിയായി. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഭാവിയെക്കുറിച്ചറിയാന്‍ ജ്യോത്സ്യനെ വിളിച്ചുവരുത്തി. ‘കുട്ടി ഇന്ന സമയത്ത് ജനിച്ചാല്‍ രാജ്യത്തിന് നാശമായിരിക്കും. ആ സമയം കഴിഞ്ഞാലുടനെ ഒരു ശുഭമുഹൂര്‍ത്തമുണ്ട്. ആ സമയത്തു പ്രസവിച്ചാല്‍ കുട്ടി രാജ്യത്തിനു മാത്രമല്ല ലോകത്തിനു തന്നെ ഗുണം ചെയ്യുന്നവനാകും’,ജ്യോത്സ്യന്‍ പറഞ്ഞു. അപ്പോള്‍ രാജ്ഞി ചിന്തിച്ചു, ‘എനിക്കു മരിക്കേണ്ടി വന്നാലും ശരി, രാജ്യത്തെ പ്രജകള്‍ക്ക് ഗുണംചെയ്യുന്ന ഒരു കുട്ടിയെയാണ് ആവശ്യം.’ അങ്ങനെ പ്രസവമടുത്തപ്പോള്‍ തന്നെ തലകീഴായികെട്ടിത്തൂക്കാന്‍ അവര്‍ ഭൃത്യന്മാരോട് ആവശ്യപ്പെട്ടു. അപ്പോള്‍ ചീത്തസമയത്ത് പ്രസവിക്കില്ല, അതു കഴിഞ്ഞ് നല്ല മുഹൂര്‍ത്തത്തിലേ പ്രസവിക്കൂ. ഭൃത്യന്മാര്‍അതനുസരിച്ചു. അവര്‍ നല്ല മുഹൂര്‍ത്തത്തില്‍ തന്നെ പ്രസവിച്ചു. പക്ഷെ രാജ്ഞി മരണമടഞ്ഞു.  

ഈ കഥയിലെ രാജ്ഞിക്ക് ജ്യോതിഷത്തിലുള്ള അമിതമായ വിശ്വാസം കാരണമാണ് അവര്‍ മരിച്ചത് എന്നു ചിന്തിക്കുന്നവരുണ്ടാകാം. ജ്യോതിഷത്തിലെ തെറ്റും ശരിയുമല്ല ഇവിടെ പരിഗണിക്കുന്നത്. താന്‍ മരിച്ചാലും സാരമില്ല, തനിക്കു ജനിക്കുന്ന കുഞ്ഞ് രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുന്നവനാകണം എന്നാഗ്രഹിച്ച അവരുടെ മനസ്സാണ് നമ്മള്‍ മാതൃകയാക്കേണ്ടത്. അതുപോലുള്ള ത്യാഗികളെയാണ് ഇന്നു സമൂഹത്തിന് ആവശ്യം.  

അന്യര്‍ക്കുവേണ്ടി സ്വന്തം സുഖം വെടിയുന്നതില്‍ ആനന്ദം കണ്ടെത്തുന്നതാണ് ആദ്ധ്യാത്മികത. മെഴുകുതിരി സ്വയമുരുകിമറ്റുള്ളവര്‍ക്കു പ്രകാശം നല്കുന്നതുപോലെ, സ്വയം ത്യാഗംസഹിച്ചും, അന്യര്‍ക്ക്  ഉപകാരം ചെയ്യുവാനാണ് ഒരു ആദ്ധ്യാത്മിക ജീവി ആഗ്രഹിക്കുന്നത്. സ്വന്തം കഷ്ടപ്പാടുകള്‍ മറന്ന് അന്യര്‍ക്ക് ആനന്ദം കൊടുക്കാനുള്ള ഒരു മനസ്സ് അതാണവരുടെ ലക്ഷ്യം. അതിനു വേണ്ടിയാണവര്‍ പ്രാര്‍ത്ഥിക്കുന്നത്. അങ്ങനെയുള്ളവരെത്തേടി മുക്തിയെത്തും. മുക്തി ഒരു ദാസിയെപ്പോലെ അവരെ സേവിക്കാന്‍ കാത്തുനില്ക്കും.മറിച്ച്, ത്യാഗബുദ്ധി വരാതെ എത്രയൊക്കെ തപസ്സുചെയ്താലും ഈശ്വരനിലെത്തുകയില്ല. ‘ത്യാഗേനൈകേ അമൃതത്വമാനശുഃ’,ത്യാഗംകൊണ്ടേ അമൃതത്വം പ്രാപിക്കാന്‍ കഴിയുകയുള്ളൂ.

മാതാ അമൃതാനന്ദമയീ ദേവി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക