ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ് പരുക്ക് കാരണം പുറത്തിരിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ടീമിന്റെ കരുനീക്കങ്ങളുടെ ചാലകശക്തിയായ നായകന് അഡ്രിയാന്‍ ലൂണ കളത്തിലിറങ്ങിയേക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ആരാധക മനസുകളില്‍ തീ കോരിയിട്ട വാര്‍ത്തയായിരുന്നത്. ലൂണയും സഹലും കളിക്കുമോയെന്നതാണ് എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്. ഗോവയില്‍ എത്തിയ നൂറുകണക്കിന് മഞ്ഞപ്പട ആരാധകരും അറിയാന്‍ ആഗ്രഹിച്ചത് ഇത് തന്നെ. സെമി ഫൈനലില്‍ ജംഷഡ്പുരിനെതിരേ നിറഞ്ഞു കളിച്ച് ബ്ലാസ്റ്റേഴ്സിനെ കലാശക്കളിയിലേക്ക് വഴി നടത്തിച്ച നായകന് ശനിയാഴ്ച വരെ പരുക്കിന്റെ ലാഞ്ചനകളില്ലായിരുന്നു. അതുകൊണ്ടുതന്നെ ഹൈദരബാദിന്റെ കേളീ തന്ത്രങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കമനോവിച്ചിന്റെ സൂത്രമാണിതെന്ന് വിശ്വസിക്കുന്ന ആരാധകര്‍ ഏറെയാണ്. മഞ്ഞപ്പട ഗ്രൂപ്പുകളില്‍ ഈ രീതിയിലുള്ള പ്രതികരണങ്ങളാണ് അധികവും. ലൂണയില്ലാത്ത ബ്ലാസ്റ്റേഴ്സിനെതിരേ തന്ത്രങ്ങള്‍ ഒരുക്കിയേക്കാവുന്ന ഹൈദരബാദ് നീക്കങ്ങളുടെ മുനയൊടിക്കാന്‍ ഇവാന് ഒരു മുഴം മുന്നിലെറിയുകയാണെന്ന കണക്കുകൂട്ടല്‍ പലര്‍ക്കുമുണ്ട്.
സഹലിന്റെ കാര്യത്തിലും കോച്ചിന്റെ സമീപനം ഇതേരീതിയിലാണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പരുക്കില്‍ നിന്ന് ഏറെക്കുറെ മോചിതനായി സഹല്‍ പരിശീലനത്തിനിറങ്ങി. ഫൈനലില്‍ മലയാളിതാരം കളത്തില്‍ ഇറങ്ങിയേക്കുമെന്ന് ഇവാന് സൂചന നല്‍കിയിട്ടുണ്ട്. എല്ലാ മുന്‍വിധികളും കണക്കുകൂട്ടലുകളും തകര്‍ത്ത് ലൂണയും സഹലും കളത്തിലിറങ്ങിയാല്‍ അത്ഭുദപ്പെടേണ്ടതില്ല. മഞ്ഞപ്പട ആരാധകരും പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്. തന്ത്രങ്ങളുടെ ആശാനാണ് ഇവാന് വുകമനോവിച്ച് എന്നതിനാല്‍ എന്തും സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: