ന്യൂദല്‍ഹി: റഷ്യന്‍ കമ്പനിയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് വാങ്ങുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉപരോധം കടുപ്പിക്കുന്നതിനിടെ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് തയ്യാറെടുക്കുന്നത്.ഉക്രൈനില്‍ റഷ്യയുടെ അധിനിവേശത്തില്‍ പല രാജ്യങ്ങളും ഉപരോധം കടുപ്പിച്ചിരുന്നു. അതിനാല്‍ റഷ്യയില്‍ നിന്നുള്ള ഏത് സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യയില്‍ നിന്നും ഓയില്‍ വാങ്ങാന്‍ യാതൊരു വിലക്കുമില്ല. ഇന്ത്യ നടത്തുന്ന ക്രൂഡ് ഓയില്‍ ഇടപാടുകളെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ തീരുമാനം ഉപരോധങ്ങളുടെ ലംഘനമല്ലെന്നും എന്നാല്‍ റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നതാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. റഷ്യന്‍ നേതൃത്വത്തെ സഹായിക്കുന്ന ഏതൊരു നടപടിയും അവര്‍ നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും സാകി പറഞ്ഞു. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് നിലവില്‍ യാതോരു തടസ്സവുമില്ല. അമേരിക്കയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളും ഇതിനെ ബാധിക്കുകയുമില്ല. റഷ്യക്കെതിരെ ഉപരോധം ശക്തമായതോടെയാണ് തങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ നല്കാന് റഷ്യ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: