തിരുവനന്തപുരം: 26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്ര മേളയ്ക്കു തിരിതെളിച്ചു. കോവിഡ് അതിജീവനത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യ ജീവിതങ്ങളുടെ ഉയര്‍ച്ച താഴ്ചകളും മനുഷ്യ മനസിന്റെ സന്തോഷവും സന്താപവുമെല്ലാം പ്രമേയമാക്കിയിട്ടുള്ള വിവിധ ചലച്ചിത്രങ്ങളാകും വരുന്ന ഒരാഴ്ചത്തെ മേളയില്‍ തെളിയുകയെന്നു പ്രതീക്ഷിക്കാമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 25 വരെയാണു മേള.
ഐഎസ് ഭീകരാക്രമണത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നല്കി മുഖ്യമന്ത്രി ആദരിച്ചു. ലിസ ചലാന്റെ ജീവിതവും സര്‍ഗസൃഷ്ടികളും അതിജീവനത്തിന്റെ ഉദാഹരണവും ചെറുത്തുനില്‍പ്പുകളെ ആയുധംകൊണ്ടു നിശബ്ദമാക്കാന്‍ കഴിയില്ല എന്ന സന്ദേശവുമാണു നല്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ലിംഗസമത്വം ഉറപ്പാക്കാന്‍ നടത്തുന്ന ഇടപെടലുകള്‍ക്കും ഊര്‍ജം പകരുന്നതാണ് ഈ അംഗീകാരം.
രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വനിതയാണെന്നത് അഭിമാനകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വനിതാ സംവിധായകര്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്കുന്ന പദ്ധതിപ്രകാരമാണ് ഇതു നിര്‍മിക്കപ്പെട്ടത്. സിനിമ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടി ഭാവന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സിനിമ, സീരിയല്‍ രംഗമടക്കം സമസ്ത മേഖലകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സിനിമ രംഗത്തു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നും ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയുടെ വളര്‍ച്ചയ്ക്കായി 10 കോടി ചെലവില്‍ പുതിയ സിനിമ അക്കാദമി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് ലോക സിനിമയെക്കുറിച്ചും ഇന്ത്യന്‍ സിനിമയെക്കുറിച്ചും പഠിക്കാനുള്ള കേന്ദ്രമായി ഇതു മാറും. ചിത്രാഞ്ജലി സ്റ്റുഡിയോ ആധുനിക ഷൂട്ടിങ് കേന്ദ്രമാക്കി മാറ്റാന്‍ 150 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: