അന്തിക്കാട് ( തൃശൂർ): മൂന്നര വയസുകാരി നിയ ഗൗരിക്ക് അംഗൻവാടിയിലെത്തി ബാലപാഠങ്ങൾ പഠിക്കുന്നതിനു മുൻപ് നൃത്തച്ചുവടു വെച്ച് കലയുടെ കോവിലിൽ ദീപം തെളിയിച്ച് തുടങ്ങാനാണ് നിയോഗം. കൈകളുടെ ചടുലവേഗം കൊണ്ട് ഭരതനാട്യത്തിലെ 52 സംയുക്ത ഹസ്തമുദ്രകൾ 32 സെക്കന്റു കൊണ്ട് അവതരിപ്പിച്ചതിനുള്ള പുരസ്കാരവും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കി.
അന്തിക്കാട് എടത്തിരി ക്ഷേത്രത്തിനു സമീപം അയ്യാണ്ടിൽ വീട്ടിൽ രഞ്ജിത്കുമാർ – പ്രവ്യ ദമ്പതികളുടെ മകളാണ് നിയ ഗൗരി. പഠിക്കാൻ പോകേണ്ട പ്രായമായപ്പോൾ കോവിഡ് മഹാമാരി മൂലം അംഗൻവാടികളെല്ലാം പൂട്ടി കിടന്നിരുന്നതിനാൽ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകരാൻ നിയക്കായില്ല. അക്ഷര വെളിച്ചം നേടുന്നതിനു മുൻപേ നൃത്തചുവടുകൾ അഭ്യസിക്കുകയായിരുന്നു നിയ ഗൗരി. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും മികച്ചൊരു നൃത്ത അധ്യാപികയുടെ ശിക്ഷണവും കൂടിയായപ്പോൾ നിയ ഗൗരിക്ക് കലാ വൈഭവങ്ങൾക്ക് തിളക്കമേറി.
അന്തിക്കാടുള്ള പൂർണശ്രീ നൃത്ത വിദ്യാലയത്തിലെ ആർഎൽവി ദിവ്യ നിഖിലാണ് നിയ ഗൗരിയുടെ ഗുരു. ദിവ്യയുടെ അരികിൽ നൃത്തം അഭ്യസിക്കാനെത്തുന്ന വിദ്യാർത്ഥികളായ ഏറ്റവും പ്രായം കുറഞ്ഞ ആറ് പേരിൽ ഒരാളാണ് നിയ. ഭരതനാട്യത്തിലെ ഹസ്ത മുദ്രകൾ അനായാസേന പഠിച്ചെടുത്തു. ഭരതനാട്യത്തിലെ 52 സംയുക്ത, അസംയുക്ത ഹസ്തമുദ്രകൾ 32 സെക്കന്റ് കൊണ്ട് അവതരിപ്പിച്ചതിന് നിയഗൗരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അവാർഡും നേടാനായി. പതാക, ത്രിപ്പതാക, അർദ്ധ പതാക, കർത്തരീ മുഖം, മുയൂരം തുടങ്ങിയ ഹസ്തമുദ്രകളാണ് ചടുലവേഗത്തിൽ നിയ ഗൗരി അവതരിപ്പിച്ചതിനാണ് പുരസ്കാരം ലഭിച്ചത്. അംഗൻവാടികൾ തുറന്ന് പ്രവർത്തിച്ചതോടെ കൂട്ടുകാർക്കൊപ്പം കളിയും പഠനവുമായി നിയയും സന്തോഷത്തിലാണ്. സിയ ലക്ഷ്മിയാണ് നിയ ഗൗരിയുടെ സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: