പത്തനംതിട്ട: ശബരിമല ശ്രീധര്‍മശാസ്താവിന് ഇന്ന് പുണ്യപമ്പയില്‍ ആറാട്ട്. രാവിലെ ഉഷഃപൂജയ്ക്ക് ശേഷം ഒന്‍പതു മണിയോടെ സന്നിധാനത്തുനിന്ന് ആറാട്ടെഴുന്നള്ളത്ത് ആരംഭിക്കും.
വെളിനല്ലൂര്‍ മണികണ്ഠന്റെ പുറത്തേറി സന്നിധാനത്തുനിന്ന് പുറപ്പെടുന്ന അയ്യപ്പസ്വാമി പതിനൊന്നരയോടെ പമ്പയിലെ ആറാട്ടുകടവിലെത്തും. തുടര്‍ന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ആറാട്ടു നടത്തി നേദ്യവും കഴിച്ച് പമ്പാഗണപതിക്കോവിലില്‍ വിശ്രമിക്കും. ഉച്ചയ്ക്കു ശേഷം നാലുമണിയോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിയ ശേഷം കൊടിയിറക്കു ചടങ്ങ്. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഉത്സവത്തിന്റെ ഒന്‍പതാം നാളായ ഇന്നലെ സന്നിധാനത്ത് ശരംകുത്തിയില്‍ പള്ളിവേട്ട നടന്നു. രാത്രി ശ്രീഭൂതബലിക്കു ശേഷമാണ് പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് പുറപ്പെട്ടത്. തിരിച്ചെഴുന്നെള്ളിയ ശബരിഗിരിനാഥന് ശ്രീകോവിലിന് പുറത്താണ് പള്ളിയുറങ്ങിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചിന് പള്ളിയുണര്ത്തിക്കഴിഞ്ഞാണ് അകത്തേക്ക് എഴുന്നള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: