തലശ്ശേരി: ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച ഏഴു വയസുകാരി ഖോനയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കണ്ടിക്കല്‍ വാതകശ്മശാനത്തില്‍ സംസ്കരിച്ചു. കഴിഞ്ഞദിവസമാണ് ഉത്സവാന്തരീക്ഷത്തിലമര്ന്ന ജഗന്നാഥ ക്ഷേത്രത്തില്‍ ഭക്തരെ നടുക്കിയ അപകടമുണ്ടായത്. ജയ്പൂര്‍ രേന്വാല ഗ്രാമത്തിലെ ഗോപിയുടെയും മംമ്തയുടെയും മകള്‍ ഖോനയാണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട രണ്ട് കുട്ടികളെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ജയ്പൂര്‍ ഫോറന്തിയിലെ രാജേഷിന്റെ മകള്‍ ശിവാനിയെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉത്സവത്തിന് ബലൂണ്‍ വില്പ്പനയുമായെത്തിയവരുടെ മക്കളാണ് കുളത്തില്‍ മുങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് 5.15 നായിരുന്നു അപകടം. കുളപ്പടവില്‍ കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയില്‍ മൂന്ന് കുട്ടികളും വെള്ളത്തില്‍ വീണു. കരയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് ക്ഷേത്രപ്പറമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എപി ഉദ്യോഗസ്ഥരെ വിളിച്ചത്.
ഓടിയെത്തിയ കോണ്‍സ്റ്റബിള്‍മാരായ നൗഫല്‍, ഈലാഫ്, റജിന്, ശ്യാം, റിജു, കാഷിഫ്, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ കുളത്തിലേക്ക് ചാടി പെട്ടെന്ന് തന്നെ രണ്ട് കുട്ടികളെ മുങ്ങിയെടുത്തു. മൂന്നാമത്തെ കുഞ്ഞിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ കുളത്തിലിറങ്ങിയ നഗരസഭാംഗം കെ. അജേഷും സുഹൃത്ത് ശരത്തും കുളത്തിനടിയില്‍ നിന്ന് ഖോനയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖോനയുടെ മരണവിവരമറിഞ്ഞ് തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ അലമുറയിട്ട് കരയുകയായിരുന്ന ബന്ധുക്കള്‍ ഏവരുടെയും നൊമ്പരക്കാഴ്ചയായി.
ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ ആഗ്രഹത്തെ പോലീസും ഡോക്ടര്‍മാരും തടഞ്ഞു. കുട്ടിയുടെ മൃതദേഹം ഒട്ടേറെ ദൂരം കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് ഖോനയുടെ മൃതദേഹം തലശ്ശേരിയില്‍ തന്നെ സംസ്കരിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: