ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരായ നീക്കം ജി23 എന്ന വിമത ഗ്രൂപ്പ് കടുപ്പിച്ചു. ഇനി ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് ഗുലാം നബി ആസാദും കൂട്ടരും. സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോര് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ജി 23 യോഗം ചേര്‍ന്നു. അഞ്ചു സംസ്ഥാനങ്ങളിലെ വമ്പന്‍ തോല്‍വിക്കു ശേഷം വിമതര്‍ ചേരുന്ന രണ്ടാമത്തെ യോഗമാണ് ഇത്. ഗുലാം നബി ആസാദിന്റെ വീട്ടില്‍ രാത്രി ഏഴു മണിയോടെയാണ് യോഗം തുടങ്ങിയത്. ശശി തരൂര്‍, മണിശങ്കര്‍ അയ്യര്‍, രാജ് ബബ്ബാര്‍, സന്ദീപ് ദീക്ഷിത്, പ്രണീത് കൗര്‍ എന്നിവരും കേരളത്തില്‍ നിന്ന് പി.ജെ. കുര്യനും പങ്കെടുത്തു.
അതിനിടെ, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാന്‍ സോണിയ നിര്‍ദേശിച്ച പ്രകാരം അഞ്ച് പിസിസി അധ്യക്ഷന്മാരും ഇന്നലെ രാജി നല്കി. പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണം കളഞ്ഞുകുളിച്ചതിന്റെ ചുമതലയേറ്റെടുത്ത് നവജ്യോത് സിങ് സിദ്ദുവാണ് ആദ്യം രാജി നല്‍കിയത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആഗ്രഹ പ്രകാരം താന്‍ രാജിവയ്ക്കുന്നുവെന്ന ഒരുവരി രാജിക്കത്ത് ട്വിറ്ററിലൂടെ സിദ്ദു പുറത്തുവിട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സിദ്ദുവിനെതിരേ പരിഹാസം രൂക്ഷമായി.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ അധ്യക്ഷന്മാരും രാജിക്കത്ത് സോണിയയ്ക്ക് അയച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയ താത്ക്കാലിക അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് പിസിസി പ്രസിഡന്റുമാരോട് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സോണിയ നിര്‍ദേശിച്ചതെന്നാണ് ആക്ഷേപം. അതിനിടെ രാഹുലിനെ കടന്നാക്രമിച്ച വിമത നേതാവ് കപില്‍ സിബലിനെതിരേ സോണിയയുടെ വിശ്വസ്തരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അധീര്‍ രഞ്ജന്‍ ചൗധരിയും ആഞ്ഞടിച്ചു. ജനപിന്തുണയില്ലാത്തയാളാണ് സിബലെന്നും അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: