കണ്ണൂര്‍: ജില്ലയിലെ ഭക്ഷണ വില്‍പ്പനശാലകളിലെ ഭക്ഷണങ്ങളില്‍ വൃത്തിയും ശുചിത്വവും ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നത് വ്യാപകമാവുന്നതായി പരാതി ശക്തമാണ്. കൊവിഡിനുശേഷം ഹോട്ടലുകളും നിര്‍മ്മാണ യൂണിറ്റുകളും സജീവമായിട്ട് ഏതാനും നാളുകളേ ആയിട്ടുളളൂ. കൊവിഡ് സാഹചര്യത്തില്‍ പരിശോധന കാര്യക്ഷമമായി നടത്തിയിരുന്നില്ല.
എന്നാല്‍ കൊവിഡാനന്തരം ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിനും മറ്റും ലഭിച്ചു കൊണ്ടണ്ടണ്ടിരിക്കുന്നത്.
കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഹോട്ടലുകള്‍, ചെറുകിട ചായ കടകള്‍ എന്നിവിടങ്ങളിലെല്ലാം പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായ പരാതി വ്യാപകമാണ്. കഴിഞ്ഞദിവസം നഗരത്തിലെ ഒരു പ്രധാന ആശുപത്രിക്ക് സമീപമുള്ള കാന്റീനില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവുമുണ്ടായി.
നഗരത്തിലെ ഏതാനും ഹോസ്റ്റല്‍ കാന്റീന്, ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇതില്‍ മിക്ക ഹോസ്റ്റല്‍ കാന്റീനും വൃത്തിഹീനമാണെന്ന് കണ്ടെത്തുകയുണ്ടായി. ഭക്ഷണാവിഷ്ടങ്ങള്‍ അടുക്കളയുടെ സമീപം തന്നെ മാറ്റിയിടുന്നവരുമുണ്ട്. പലയിടത്തും ഫ്രിഡ്ജൊക്കെ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്കി. നിശ്ചിതദിവസത്തിനുള്ളില്‍ ഇവ മാറ്റിയില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഇത്തരം നടപടികള്‍ ജില്ലയിലാകമാനം വ്യാപിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരില്‍ നിന്നും പരാതികള്‍ ലഭിക്കുന്നുണ്ട്. പ്രധാനമായും മത്സ്യത്തിന് കേടായ മണം, ചീഞ്ഞ മീന്‍, ഭക്ഷ്യവിഷബാധയായി തുടങ്ങിയ പരാതികളാണുയരുന്നത്. എന്നാല്‍ ജീവനക്കാരുടെ എണ്ണക്കുറവ് പരിശോധനയ്ക്ക് തടസ്സമാകുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊടുംചൂടില്‍ ഹോട്ടലുകളിലും മറ്റും വെള്ളക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്. വലിയതും ചെറുതുമായ ലോറികളിലാണ് മിക്ക ഹോട്ടലുകളിലും വെള്ളമെത്തുന്നത്. എന്നാല്‍ ഈ വെള്ളം എത്രത്തോളം ഗുണനിലവാരമുണ്ടെന്ന പറയാനാകില്ല. ഒരു തവണ വെള്ളം ടെസ്റ്റ് ചെയ്ത കടലാസാണ് വീണ്ടും ഇവര്‍ കാണിക്കുന്നതെന്ന ആരോപണവും ഉണ്ട്. വെളളക്ഷാമം രൂക്ഷമാകുമ്പോള്‍ പുഴകളില്‍ നിന്നും വെള്ളമെത്തിക്കുന്ന സ്ഥിതിയും ചിലയിടങ്ങളിലുണ്ട്.
കുടിവെള്ള ടാങ്കുകള്‍ വര്‍ഷങ്ങളായി ശുചീകരിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സ്ഥാപനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഭക്ഷണത്തിന് സ്ഥിരമായി ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ഇതു കൊണ്ടുതന്നെ അടിയന്തിരമായി ജില്ലയിലുടനീളം ഭക്ഷ്യശാലകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: