തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ തിരുവനനന്തപുരം സബ് സെന്ററില്‍ നിന്നും സംസ്കൃത ഭാഷയെ തുടച്ചു നീക്കാന്‍ ശ്രമം. സംസ്കൃത ഭാഷ പഠിക്കാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം സെന്റര്‍ അടച്ചുപൂട്ടാന്‍ ഇടത് സിന്‍ഡിക്കേറ്റ് ആസൂത്രിത നീക്കം നടത്തുന്നത്.
സര്‍വ്വകലാശാലയുടെ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് പുനക്രമീകരണത്തിന്റെ ഭാഗമായി സംസ്കൃതം കോഴ്സുകള്‍ വെട്ടികുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വരും വര്‍ഷം കോഴ്സുകള്‍ പുനക്രമീകരിക്കണം എന്ന പേരില്‍ തിരുവനന്തപുരം സബ് സെന്ററുകളില്‍ സംസ്കൃതം സാഹിത്യം മാത്രമെ പഠിക്കാന്‍ സാധിക്കുകയുള്ളു. നിലവിലുണ്ടായിരുന്ന വേദാന്ത, വ്യാകരണ, ന്യായ, സംസ്കൃതം ജനറല്‍ തുടങ്ങിയ കോഴ്സുകള്‍ അടുത്ത വര്‍ഷം മുതല്‍ പഠിക്കാന്‍ സാധിക്കില്ല. റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് പാസ്സാക്കുകയും വൈസ് ചാന്‍സിലര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
കോഴ്സുകള്‍ നിര്‍ത്തലാക്കുകയും സെന്റര്‍ അടച്ചു പൂട്ടുന്നതിലൂടെ നിലവില്‍ പഠിക്കുന്നവരുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് നഷ്ടമാകുന്നത്. കോഴ്സുകള്‍ നിര്‍ത്തലാക്കി സര്‍വ്വകലാശാലയില്‍ നിന്നും സംസ്കൃത ഭാഷ പഠിക്കുന്നവരുടെ എണ്ണം കുറക്കുകയെന്ന ഇടത് പക്ഷത്തിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എബിവിപി
സംസ്കൃത കോഴ്സുകള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എബിവിപി കാലടി സര്‍വ്വകലാശാല തിരുവനന്തപുരം സബ്സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് സന്തോഷ് അറിയിച്ചു. നിരവധി വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സംസ്കൃത ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ പേരുടെ അവസരമാണ് സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് തീരുമാനത്തിലൂടെ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: