ന്യൂദല്‍ഹി: സോണിയയ്ക്കും ഗാന്ധി കുടുംബത്തിന്റെ കോണ്‍ഗ്രസിലെ അധീശത്വത്തിനും എതിരെ പ്രതികരിക്കുന്ന ജി-23 യോഗത്തില്‍ ശശി തരൂര്‍ എംപിയും പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ ഒപ്പുവെച്ച നിവേദനത്തില്‍ ശശി തരൂരും ഉണ്ടായിരുന്നു. ഈ സംഘമാണ് പിന്നീട് ജി-23 എന്ന പേരില്‍ അറിയപ്പെട്ടത്. പൊതുവേ ജി-23നെ സോണിയാഗാന്ധിയും കുടുംബവും തങ്ങളുടെ അധീശത്വത്തിനെതിരായ ഗ്രൂപ്പായാണ് കാണുന്നത്. ഇതില്‍ ശശി തരൂര്‍ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് അദ്ദേഹം പരസ്യപ്രസ്താവനകള്ക്കോ യോഗം ചേരുന്നതിനോ മുതിര്‍ന്നിരുന്നില്ല.
ഇതിന് തൊട്ടുമുന്‍പ് ശശി തരൂര്‍ ട്വിറ്ററില്‍ വിചിത്രമായ ഒരു പോസ്റ്റിട്ടു: ‘തെറ്റുകളില്‍ നിന്നും ഞാന്‍ ഒട്ടേറെ പാഠങ്ങള്‍ പഠിച്ചു. ഞാന്‍ കുറച്ചു തെറ്റുകള്‍ കൂടി ചെയ്യാന്‍ ആലോചിക്കുന്നു’- ഇതായിരുന്നു അര്‍ത്ഥവത്തായ ട്വീറ്റ്. ഒരു പക്ഷെ ജി-23 യോഗത്തില്‍ പരസ്യമായി പങ്കെടുക്കുന്നതായിരിക്കാം ശശി തരൂര്‍ തെറ്റ് എന്നത് കൊണ്ടുദ്ദേശിച്ചത് എന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പരാജയത്തിന് ശേഷം നടക്കുന്ന ജി-23 യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കുന്നത്. ഗുലാം നബി ആസാദിന്റെ വീട്ടില്‍ അത്താഴവിരുന്നില്‍ കപില്‍ സിബല്‍, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹുഡ, അഖിലേഷ് പ്രസാദ് സിങ്ങ്, പൃഥ്വിരാജ് ചവാന്, രാജ് ബബ്ബാര്‍, പി.ജെ. കുര്യന്, മണി ശങ്കര്‍ അയ്യര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ മണി ശങ്കര്‍ അയ്യരും പൊതുവേ ഇരുപക്ഷത്തിനും പിടികൊടുക്കാതെ നിന്നിരുന്ന ശശി തരൂരും യോഗത്തില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ കലാപം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ്.
നേരത്തെ കപില്‍ സിബലിന്റെ വീട്ടില്‍ യോഗം ചേരാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗാന്ധി കുടുംബത്തിനെതിരെ കപില്‍ സിബല്‍ ഈയിടെ തുറന്ന ആക്രമണം നടത്തിയതിനാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഗുലാം നബി ആസാദിന്റെ വീട്ടിലേക്ക് യോഗം മാറ്റുകയായിരുന്നു. ഗാന്ധി കുടുംബാംഗങ്ങള്‍ മാറി നില്‍ക്കണമെന്നും കോണ്‍ഗ്രസിലെ മറ്റാരെയെങ്കിലും പാര്‍ട്ടി ചുമതല ഏല്‍പ്പിക്കണമെന്നും കപില്‍ സിബല്‍ തിങ്കളാഴ്ച തുറന്നടിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കപില്‍ സിബല്‍ നിരാശനായിരുന്നു. യോഗം സോണിയയുടെ മേല്‍ വിശ്വാസം ഉറപ്പിച്ച് പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: