ബാംബോലിം: ഹൈദരാബാദ് എഫ്‌സി എട്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ മോഹന്‍ ബഗാനോട് തോറ്റെങ്കിലും ആദ്യപാദത്തിലെ മികച്ച വിജയത്തിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ട് പാദമായി നടന്ന സെമിയില്‍ ഹൈദരാബാദ് 3-2 ന് ജയിച്ചുകയറി. ആദ്യപാദത്തില്‍ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് എടികെയെ തോല്‍പ്പിച്ചിരുന്നു.
ഇതാദ്യമായാണ് ഹൈദരാബാദ്് എഫ്‌സി ഐഎസ്എല്ലിന്റെ ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ച ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രണ്ടാം പാദസെമിയുടെ തുടക്കം മുതല്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച എടികെ മോഹന്‍ ബഗാനെ പ്രതിരോധകോട്ട തീര്‍ത്ത് ഹൈദരാബാദ് പിടിച്ചുകെട്ടി. എന്നാല്‍ 79-ാം മിനിറ്റില്‍ഹൈദരാബാദിന്റെ പ്രതിരോധം കീറിമുറിച്ച് റോയ് കൃഷ്ണ ഗോള്‍ നേടി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ എടികെയ്‌ക്ക്് മികച്ചൊരു അവസരം കിട്ടി. ഏഴാം മിനിറ്റില്‍ പന്തുമായി കുതിച്ച് മുന്നേറിയ പ്രബീര്‍ , ജോണി കൗകോയ്‌ക്ക് പാസ് നല്‍കി. കൗകോയുടെ ഷോട്ട്് പക്ഷെ ഹൈദരാബാദ് ഗോളി കട്ടിമണി തട്ടിയകറ്റി. പന്ത് നേരെ പ്രബീറിന്റെ കാലിലേക്കാണ് എത്തിയത്. വിഷമകരമായ ആംഗിളില്‍ നിന്ന് പ്രബീര്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. തുടര്‍ന്ന് റോയ് കൃഷ്ണ, ലിസ്റ്റണ്‍ കൊളാക്കോ, ജോണി കൗകോ തുടങ്ങിയവര്‍ നിരന്തരം ഹൈദാരാബാദിന്റെ ഗോള്‍ മുഖത്ത് അപായ ഭീഷണിയുയര്‍ത്തി. എന്നാല്‍ ഹൈദരാബാദ് പ്രതിരോധം എടികെയുടെ മുന്നേറ്റങ്ങള്‍ ഫലപ്രദമായി തടഞ്ഞു. മുപ്പത്തിയൊന്നാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോ സുവര്‍ണാവസരം പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കൊളാക്കോയുടെ ഷോട്ട് ലക്ഷ്യം കാണാതെ പോയി.
മുപ്പത്തിമൂന്നാം മിനിറ്റില്‍ ഹൈദരാബാദിന്റെ ജാവോ വിക്ടറിനും നല്ലൊരു അവസരം കിട്ടി. എന്നാല്‍ അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. വിക്ടറിന്റെ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. തൊട്ടു പിന്നാലെ അങ്കിത് ജാദവിന്റെ ഹെഡ്ഡറും ലക്ഷ്യം കാണാതെ പറന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും എടികെ മോഹന്‍ ബഗാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഒന്നാം പകുതിയവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (0-0).
രണ്ടാം പകുതിയുടെ തുടക്കത്തിലും എടികെ തകര്‍ത്തുകളിച്ചു. അമ്പതാം മിനിറ്റില്‍ റോയ് കൃഷ്്ണയുടെ ഗോള്‍ ലക്ഷ്യമിട്ടുള്ള ഷോട്ട് ഹൈദരാബാദ് പ്രതിരോധത്തില്‍ തട്ടിതകര്‍ന്നു. പിന്നിട് ലിസ്റ്റണ്‍ കൊളാക്കോയുടെ ഷോട്ടും ഹൈദരാബാദ് പ്രതിരോധം തടഞ്ഞു. തൊട്ടു പിന്നാലെ ഹ്യൂഗോ ബൗമസിന്റെ ഷോട്ട് പുറത്തേക്കു പോയി. നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ എഴുപത്തിയൊമ്പാം മിനിറ്റില്‍ എടികെ മോഹന്‍ ബഗാന്‍ ഗോള്‍ നേടി. ലിസ്റ്റണ്‍ കൊളാക്കോയുടെ പാസ് സ്വീകരിച്ച റോയ് കൃഷ്ണ ഒന്നാരമൊരു ഷോട്ടിലൂടെ പന്ത് ഹൈദരാബാദിന്റെ വലയിലാക്കി. ഗോള്‍ വീണതോടെ ഹൈദരാബാദ് പ്രതിരോധം ശക്തമാക്കി. അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടാനുള്ള എടികെയുടെ നീക്കങ്ങള്‍ ഹൈദരാബാദ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: