റിയാദ്: റഷ്യയില്‍ നിന്നുള്ള എണ്ണ പഴയതുപോലെ വിപണിയില്‍ ലഭ്യമല്ലാതായിത്തുടങ്ങിയതോടെ എണ്ണ വിലയും ഗ്യാസ് വിലയും വിപണിയില്‍ കുത്തനെ കൂടുകയാണ്. ഇതോടെ നെട്ടോട്ടമാരംഭിച്ചിരിക്കുകയാണ് യുകെയും യുഎസും. യുഎസ് തല്ക്കാലം വെനിസ്വെലയില്‍ നി്ന്നും എണ്ണ വാങ്ങാനാണ് തീരുമാനിച്ചത്. ബദ്ധശത്രുക്കളായിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ വെനിസ്വേലയുമായുള്ള ശത്രുത മാറ്റിവെച്ചാണ് യുഎസ് എണ്ണവാങ്ങാന്‍ കരാറുണ്ടാക്കുന്നത്.
റഷ്യ ഉക്രൈന് യുദ്ധം നീളുന്നതോടെ പാശ്ചാത്യരാജ്യങ്ങളുടെ ചങ്കിടിപ്പ് വര്‍ധിക്കുകയാണ്. കാരണം എണ്ണയുടെ കാര്യത്തില്‍ മാത്രമല്ല, സമസ്ത ചരക്കുകളുടെയും സൂപ്പര്‍മാര്‍ക്കറ്റ് പോലെയാണ് റഷ്യ. ചിപ്പുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പല്ലേഡിയം, നിയോണ്‍ എന്നിവയുടെയും മറ്റും വന്‍വിപണിയാണ് റഷ്യ. ഇവ കിട്ടിയില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുടെ വാഹന ഉല്പാദനം വരെ സ്തംഭിക്കും.
ഇതിനിടെ സൗദിയില്‍ നിന്നും കൂടുതല്‍ എണ്ണ ലഭിക്കാന്‍ വേണ്ടി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ബുധനാഴ്ച സൗദിയില്‍ എത്തി.. സൗദിയുടെ എണ്ണയുല്പാദനം കൂട്ടാനാണ് പാശ്ചാത്യരാജ്യങ്ങള്‍ സൗദിയോട് ആവശ്യപ്പെടുന്നത്.
എന്നാല്‍ യുകെയുടെ ഈ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 81 കുറ്റവാളികളെ ഒറ്റദിവസം തൂക്കിലേറ്റിയ സൗദി മനുഷ്യാവകാശലംഘനം നടത്തിയതായി യുകെ വിമര്‍ശിച്ചിരുന്നു. അതുപോലെ യെമനെതിരെ സൗദി നടത്തുന്ന ആക്രമണങ്ങളില്‍ 10,000 കുട്ടികള്‍ മരിച്ചതും കടുത്ത മനുഷ്യാവകാശലംഘനമായി യുകെ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ എണ്ണ ആവശ്യമായി വരുമ്പോള്‍ മനുഷ്യാവകാശലംഘനം നടത്തുന്ന രാജ്യത്തേക്ക് എന്തിന് വരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. യുഎസിനും യുകെയ്ക്കും എണ്ണവില വര്‍ധിക്കുന്നത് ഏത് വിധേയനെയും തടഞ്ഞേ മതിയാവൂ. കോവിഡ് നിയന്ത്രണക്കാലത്ത് എല്ലാം കാറ്റില്‍പ്പറത്തി പാര്‍ട്ടികള്‍ നടത്തിയതിന്റെ പേരില്‍ അധികാരഭ്രഷ്ടനാകാനിരിക്കുന്ന ബോറിസ് ജോണ്സണ് എണ്ണ വില കൂടി കുതിച്ചയുര്ന്നാല് പിന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല. അതുപോലെ യുഎസിനെ സംബന്ധിച്ചിടത്തോലം 2022 അവസാനത്തില്‍ 35 സെനറ്റ് സീറ്റുകളിലേക്കും ജനപ്രതിനിധി സഭയിലേക്കും തെരഞ്ഞെടുപ്പ് വരികയാണ്. ഇതിനിടയില്‍ എണ്ണവിലയില്‍ കുതിപ്പുണ്ടായാല്‍ അത് ബൈഡന്റെ ജനപ്രീതി തകര്‍ക്കും.
സൗദി ഇനി വൈകാതെ എണ്ണക്കച്ചവടം യുവാനിലേക്ക് മാറ്റുകയാണെന്നും അതോടെ ഡോളര്‍ വിവരമറിഞ്ഞോളും എന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഈ വിമര്‍ശനത്തിന് പ്രധാനകാരണം റഷ്യ ഇപ്പോള്‍ യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉപരോധം മൂലം അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ഇപ്പോള്‍ 64,000 കോടി യുഎസ് ഡോളര്‍ വിദേശനാണ്യശേഖരമായി റഷ്യയുടെ കയ്യിലുണ്ട്. എന്നാല്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഒറ്റക്കെട്ടായി റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിന് വിദേശ നാണ്യത്തില്‍ ഇടപാടു നടത്തുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് റഷ്യയെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. ഇത്രയധികം വിദേശനാണ്യശേഖരമുണ്ടായിട്ടും ഒരു ഡോളര്‍ പോലും ചെലവാക്കാനാവാത്ത ഈ സ്ഥിതി വിശേഷം കണ്ടാണ് സൗദി വൈകാതെ യുവാനില്‍ കൂടി എണ്ണ ഇടപാട് നടത്തണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നത്.
പൊതുവേ പാശ്ചാത്യശക്തികളുടെ അവസരവാദ നിലപാടിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: