കൂട്ടിക്കല്‍: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം മേഖലയിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ബാങ്കുകളുടെ ജപ്തി നോട്ടീസ്. കേരള ബാങ്കിന്റേതടക്കമുള്ള ജപ്തി നോട്ടീസാണ് വീടുകളില്‍ പതിപ്പിച്ചിരിക്കുന്നത്.
അതിതീവ്ര മഴയിലും ഉരുള്‍പൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ട മലയോര മേഖലയിലെ ജനങ്ങള്‍ക്ക് മേലാണ് കേരള ബാങ്കിന്റെ നേതൃത്വത്തില്‍ വീടുകളില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വിദ്യാഭ്യാസ വായ്പയായും, കാര്‍ഷിക വായ്പയായും ഭവന വായ്പയും ചെറുകിട സംരംഭ വായ്പയും ഉള്‍പ്പെടെ നിരവധി പേരാണ് വീടും സ്ഥലവും പണയം വെച്ച് ലോണ്‍ എടുത്തിട്ടുള്ളത്. ഇതാണിപ്പോള്‍ പിഴയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ന്ന് വന്‍ തുകയായി മാറി ജപ്തി നടപടിയിലേക്ക് എത്തിയിരിക്കുന്നത്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഇവര്‍ എങ്ങനെ ഈ പണം തിരിച്ച് അടയ്ക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ്.
പുനരധിവാസം പോലും ഇതുവരെയും എങ്ങുമെത്താത്ത ഇവിടുത്തെ ജനങ്ങള്‍ക്ക് മേലാണ് ഇടിത്തീയായി ജപ്തി നടപടികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഏന്തയാര്‍ വള്ളക്കാട് ദാമോദരനും ഭാര്യ വിജയമ്മയും ചേര്‍ന്ന് വീടുപണിക്കായി 2012ല്‍ എടുത്ത ആറ് ലക്ഷം രൂപ ഇപ്പോള്‍ 17 ലക്ഷം രൂപയായി. ഹൃദ് രോഗിയായ ദാമോദരനോടും കുടുംബത്തോടും മാര്‍ച്ച് 31നു മുമ്പ് പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞ് നോട്ടീസ് പതിച്ചിരിക്കുകയാണ്. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല ഏന്തയാര്‍, കൊടുങ്ങ സ്വദേശി കെ.ജി. ഗംഗാധരന്റെ അവസ്ഥയും ഇതുതന്നെയാണ്. ചികിത്സക്കായി പണം വായ്പ എടുത്ത ഗംഗാധരന്റെയും ഭാര്യയുടെയും പേരിലുള്ള അഞ്ച് ലക്ഷം രൂപ ഇപ്പോള്‍ 9 ലക്ഷമാണ്.
ഇത്തരത്തില്‍ നിരവധി കുടുംബങ്ങളാണ് മേഖലയിലുള്ളത്.പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ എങ്ങനെ വായ്പ തിരിച്ചടുക്കുമെന്ന ആശങ്കയിലാണ്. ജീവിതമാകെ അനിശ്ചിതത്തിലായ ഇവര്‍ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 16നാണ് ജില്ലയുടെ മലയോര മേഖലയെ തകര്‍ത്തെറിഞ്ഞ പ്രളയം ഉണ്ടായത്. നിരവധി വീടുകള്‍ തകരുകയും ഏക്കറുകണക്കിന് കൃഷിയിടം ഒലിച്ചുപോകുകയും ചെയ്തു. പ്രദേശത്തെ ജനജീവിതം ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സര്‍ക്കാര്‍ സഹായങ്ങള്‍ ഇപ്പോഴും പലര്‍ക്കും എത്തിയിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
ഈ ദുരിത ഘട്ടത്തിലാണ് ബാങ്കുകളുടെ ജപ്തി നടപടി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: