ചാത്തന്നൂർ: വ്യവസായ സ്ഥാപനത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ തടഞ്ഞ് ഇടത് യൂണിയനുകൾ. ഒന്നരകോടിയോളം രൂപ വായ്‌പ എടുത്ത് തുടങ്ങിയ വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനമാണ് സിഐടിയു, എഐടിയുസി യൂണിയനുകൾ തടസപ്പെടുത്തുന്നത്.
2019 ൽ സ്ഥാപനം ആരംഭിച്ചുവെങ്കിലും ഇടത് തൊഴിലാളി യൂണിയനുകളുടെ സമരം മൂലം സ്ഥാപനം അടച്ചിടുകയായിരുന്നു. തുടർന്ന് കോടതിയുടെ പരിഗണനയിൽ കേസ് എത്തുകയും യന്ത്രം കൊണ്ട് ലോഡ് കയറ്റിയിറക്കാൻ കോടതി അനുവാദം കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വ്യവസായ സ്ഥാപനത്തിന്റെ അകത്ത് കയറ്റിയിറക്ക് നടന്നു കൊണ്ടിരിക്കെയാണ് ഇപ്പോൾ കടയിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ തടയുന്ന സമീപനവുമായി ഐഎൻടിയുസിയും സിഐടിയുവും രംഗത്ത് എത്തിയിരിക്കുന്നത്.
മുൻ ജനപ്രതിനിധി കൂടിയായ സിപിഐ നേതാവ് സ്ഥലത്തെത്തി യുവ വ്യവസായി കൂടിയായ ഉടമയുടെ നേരെ ഭീഷണിയുടെ സ്വരമുയർത്തി. വ്യവസായ സ്ഥാപനത്തിൽ പ്രവേശിക്കാനുള്ള അനുവാദമില്ലെന്നിരിക്കെ കടയിൽ നിന്നും റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ തടയുകയാണ് യൂണിയൻ നേതാക്കൾ. കടയിൽ നിലവിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യന്ത്രം ഉപയോഗിച്ച് കൊണ്ടാണ് കയറ്റിയിറക്ക് നടക്കുന്നത് അതും തടസപ്പെടുത്തുന്ന രീതിയിലാണ് സിഐടിയു, എഐടിയുസി യൂണിയനുകൾ നീങ്ങുന്നത്.
ക്രയിനുകൾ ഉപയോഗിച്ചും മറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചും മാത്രമേ ഇവിടെ പ്രവർത്തനം നടക്കുമെന്നിരിക്കെ യന്ത്രം ഉപയോഗിച്ച് ചെയ്യേണ്ട ജോലികൾ തൊഴിലാളികൾക്ക് കൊടുക്കുകയോ അല്ലെങ്കിൽ നോക്ക് കൂലി കൊടുക്കുകയോ ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കുറച്ചു ദിവസം മുൻപാണ് പ്രവാസി വ്യവസായിയുടെ കെട്ടിടത്തിലേക്ക് കൊണ്ട് വന്ന അഞ്ചു ഷട്ടറുകൾ ഇറക്കുന്നതിന് മൂവായിരം രൂപ നോക്ക് കൂലി ചോദിച്ചു കൊണ്ട് ഇതേ യൂണിയനുകൾ രംഗത്തെത്തിയിരുന്നു.
ഇടത് നേതാക്കൾ തൊഴിലാളികളെ ഉപയോഗിച്ച് രാക്ഷ്‌ട്രീയ ഗുണ്ടായിസം കളിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: