കണ്ണൂര്‍: കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തില്‍ പൂരക്കളി കലാകാരനെ അനുഷ്ഠാനത്തില്‍നിന്ന് വിലക്കിയ സിപിഎം, പ്രതിഷേധത്തില്‍ നിന്നു രക്ഷപ്പെടാന്‍ വിലപിക്കുന്നു. മകന് മുസ്ലിം സമുദായത്തില്‍നിന്ന് വിവാഹം ചെയ്തതിന്റെ പേരിലാണ് പൂരക്കളി പണിക്കരെ അവകാശമായ ആചാരാനുഷ്ഠാനത്തില്‍ നിന്ന് ക്ഷേത്ര സമിതി വിലക്കിയത്. പയ്യന്നൂര്‍ കരിവെള്ളൂര്‍ സിപിഎമ്മിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ‘പാര്‍ട്ടി ഗ്രാമ’മാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മുകാര്‍ തന്നെയാണ് പൂരക്കളി കലാകാരനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.
മുപ്പത്തേഴു വര്‍ഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സജീവമായ, അക്കാദമി അവാര്‍ഡ് ജേതാവായ വിനോദ് പണിക്കരുടെ മകന് മുസ്ലിം യുവതിയെ വിവാഹം കഴിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്തെ കാവായ കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും പരിസരത്ത് തന്നെയുള്ള കാവായ കുണിയന്‍ പറമ്പത്ത് ഭഗവതീ ക്ഷേത്രത്തിലുമുള്ള പ്രവേശനത്തിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി.
കരിവെള്ളൂര്‍ കുണിയന്‍, പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിപ്പണിക്കരാണ് വിനോദ്. ഇത്തവണയും രണ്ട് ക്ഷേത്രങ്ങളിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിക്കും മറത്തുകളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു. മകന് വിവാഹം കഴിച്ച ഇസ്ലാം മതത്തില്‍പ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ നിന്ന് ക്ഷേത്ര ചടങ്ങുകള്‍ക്കായി വിനോദിനെ ആചാരപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്ര ഭാരവാഹികളുടെ നിലപാട്.
മറ്റൊരു വീട്ടിലേക്ക് മാറി ചടങ്ങു നടത്തിയാല്‍ പങ്കെടുപ്പിക്കാമെന്ന് വ്യവസ്ഥ വച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. മകനെ വീട്ടില്‍ നിന്ന് ഇറക്കിവിടാനും ഉദ്ദേശിക്കുന്നില്ലെന്ന് വിനോദ് പണിക്കര്‍ പറയുന്നു. അങ്ങനെ മക്കളെ ഇറക്കിവിട്ട് ക്ഷേത്രത്തില്‍ പോകാന്‍ താത്പര്യമില്ലെന്നാണ് പണിക്കരുടെ നിലപാട്. ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധവും വ്യാപകമായി.
കുണിയന്‍ പറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന് പകരം മറ്റൊരാളെ ഏല്‍പ്പിച്ച് കളി നടത്തുകയാണ്. ദേവപ്രശ്ന തീരുമാന പ്രകാരമാണ് വിലക്കെന്നാണ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. വിവാദത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഡിവൈഎഫ്ഐ ക്ഷേത്ര സമിതിക്കെതിരേ പ്രകടനം നടത്തി. സിപിഎം നേതാവ് ഇ.പി. ജയരാജന് സമിതിയെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കി. എന്നാല്‍, സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരേ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: