അരിമ്പൂര്‍ (തൃശൂർ): രണ്ടേക്കര്‍ സ്ഥലത്ത് മഞ്ഞള്‍ കൃഷിചെയ്ത് നൂറു മേനി വിളവ് നേടിയിരിക്കുകയാണ് മധ്യവയസ്‌കനായ കര്‍ഷകന്‍. വെളുത്തൂര്‍ സ്വദേശി കറുത്തേത്തില്‍ ശ്രീനിവാസനാണ് (56) താന്‍ ഒറ്റക്ക് കൃഷി ചെയ്ത മഞ്ഞള്‍ വിളവെടുത്തത്. അരിമ്പൂര്‍ യു.പി. സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു മഞ്ഞള്‍ കൃഷി ചെയ്തത്. ഇതിനാവശ്യമായ മഞ്ഞള്‍ വിത്ത് എറണാകുളം കൃഷിഭവനില്‍ നിന്നും കിലോക്ക് 250 രൂപ നല്‍കിയാണ് വാങ്ങിയത്. തുടര്‍ന്ന് കൃഷിയിടം ഉഴുത ശേഷം കുമ്മായമിട്ട് പൊലി കൂട്ടിയ ശേഷമാണ് പ്രകൃതി, പ്രതിഭ എന്നീ ഇനത്തിലുള്ള മഞ്ഞള്‍ നട്ടത്. അയ്യന്തോള്‍ ഔട്ട് പോസ്റ്റിലുള്ള പൂജിത ഫ്‌ളവേഴ്‌സ് എന്ന സ്ഥാപനത്തിലെ ജോലിക്കിടയിലും ശ്രീനിവാസന്‍ എല്ലാ ദിവസവും കൃഷിയിടത്തിലെത്തും.
ആവശ്യത്തിന് നനക്കലും, ഇടതൂര്‍ന്ന് വളരുന്ന അനാവശ്യ പുല്‍ച്ചെടികളും നീക്കി കൃഷിയിടം മനോഹരമായി സൂക്ഷിക്കാന്‍ ശ്രീനിവാസന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എല്ലുപൊടി, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവയാണ് മഞ്ഞള്‍ കൃഷിക്ക് വളമായി ഉപയോഗിച്ചത്. കൃത്യമായ പരിപാലനത്തിനു ശേഷം അഞ്ച് മാസം കഴിഞ്ഞാണ് ഇപ്പോള്‍ മഞ്ഞള്‍ വിളവെടുപ്പ് നടത്തിയത്. ഒറ്റക്കു തന്നെ കൃഷിയുടെ എല്ലാ വശങ്ങളും നോക്കി പരിപാലിച്ച് വിളവെടുപ്പും ഒറ്റക്ക് തന്നെ പൂര്‍ത്തിയാക്കി. ഇനി മുന്‍കൂര്‍ ആവശ്യപ്പെട്ടവര്‍ക്കും ബാക്കി ചന്തയില്‍ എത്തിച്ചും വില്‍പ്പന നടത്താനുമാണ് ശ്രീനിവാസന്റെ ശ്രമം.
മഞ്ഞള്‍ കൃഷി വിജയമായതിനെ തുടര്‍ന്ന് പരയ്‌ക്കാട് പ്രദേശത്ത് മൂന്ന് ഏക്കര്‍ സ്ഥലത്ത് ഞാലിപ്പൂവനും, കദളിപ്പഴവും കൃഷി ചെയ്യാനുള്ള ശ്രമങ്ങള്‍ ശ്രീനിവാസന്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി കാടുപിടിച്ചു കിടക്കുന്ന ഭൂമി വൃത്തിയാക്കാനും കൃഷിയിറക്കാനും ഇത്തവണ ശ്രീനിവാസന് കൂട്ടായി ഭാര്യ മീനയും മക്കളായ കൃഷ്ണയും ശ്രേയസും കൂടെയുണ്ട്. എസ്.സി. മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് കര്‍ഷകനായ ശ്രീനിവാസന്‍ വെളുത്തൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: