ആലപ്പുഴ: പട്ടാഴി ക്ഷേത്രത്തില്‍ തൊഴുന്നതിനിടയില്‍ താലിമാല നഷ്ടമായിതെ തുടര്‍ന്ന് വാവിട്ടുകരഞ്ഞ വീട്ടമ്മയ്ക്ക് ഒരു സ്ത്രീ തന്റെ സ്വര്‍ണ്ണവളകള്‍ ഊരി നല്കി അപ്രത്യക്ഷമായത് വലിയ വാര്‍ത്തയായിരുന്നു. ഈ സ്വര്‍ണ്ണവളകള്‍ നല്‍കിയത് അന്തരിച്ച മോഹനന് വൈദ്യരുടെ ഭാര്യ ശ്രീലതയാണെന്ന് ചൊവ്വാഴ്ച കണ്ടെത്തി.
ഏതോ അദൃശ്യ ദേവീശക്തിയാണ് സ്വര്ണ്ണവളകളുമായി വീട്ടമ്മയുടെ അരികിലെത്തിയ ശേഷം അപ്രത്യക്ഷമായത് എന്ന് വരെ വ്യാഖ്യാനമുണ്ടായി. കണ്ണിന് കാഴ്ചക്കുറവുള്ള ശ്രീലത ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ തൊഴാല്‍ പോയത്. താന്‍ ചെയ്തത് അത്ര മഹത്തായ കാര്യമല്ലെന്നും വേദന കണ്ടപ്പോള്‍ സഹായിച്ചതാണെന്നും ശ്രീലത പറയുന്നു. മനോരമയാണ് ശ്രീലതയാണ് വളകള്‍ നല്‍കിയതെന്ന വിവരം ആദ്യം പുറത്തുവിട്ടത്.
ആദ്യമൊന്നും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്പില് വരാന്‍ തയ്യാറല്ലായിരുന്നു. പിന്നീട് സമ്മര്‍ദ്ദം ഏറിയപ്പോഴാണ് ശ്രീലത മൗനം വെടിഞ്ഞ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. മോഹനന് വൈദ്യരുടെ ഭാര്യ ശ്രീലത ചേര്‍ത്തല സ്വദേശിനിയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പട്ടാഴി ക്ഷേത്രത്തിലെ കുംഭത്തിരുവാതിര. ഉത്സവത്തിലെ തിരക്കില്‍ തൊഴുന്നതിനിടയിലാണ് സുഭദ്രയുടെ രണ്ട് പവന് മാല നഷ്ടമായത്. ഏതോ ഒരു അഞ്ജാത സ്ത്രീ എത്തി തന്റെ വളകള്‍ ഊരിനല്‍കി മറഞ്ഞുപോവുകയായിരുന്നു എന്ന് സുഭദ്ര പിന്നീട് പറഞ്ഞു. ഈ വളകള്‍ വിറ്റ പണം കൊണ്ട് മാല വാങ്ങി ക്ഷേത്ര നടയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം കഴുത്തിലിടണമെന്ന് പറഞ്ഞു അഞ്ജാത സ്ത്രീ മടങ്ങുകയായിരുന്നത്രെ. പിന്നീട് ഈ സ്ത്രീയെ ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. തനിക്ക് വളകള്‍ നല്കിയ സ്ത്രീ ഇനിയെങ്കിലും ക്ഷേത്രനടയില്‍ എത്തണമെന്ന് സുഭദ്ര ആവശ്യപ്പെട്ടിരുന്നു. ഇതും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇനി തുറന്നുപറയാതെ നിവൃത്തിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് ശ്രീലത വീണ്ടും ചേര്‍ത്തലയില്‍ നിന്നും കൊട്ടാരക്കരയില്‍ വന്നത്.
സ്വര്‍ണ്ണവളകള്‍ വിറ്റ് രണ്ട പവന്റെ മാല വാങ്ങിയ ശേഷം സുഭദ്ര ക്ഷേത്രനടയില്‍ എത്തി. ‘നഷ്ടമായ താലിമാല തിരിച്ചുകിട്ടിയാല്‍ പുതിയ മാല ദേവിക്ക് നല്‍കും. സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയത് പട്ടാഴി അമ്മ തന്നെ എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. എവിടെ മറഞ്ഞിരിക്കുകയാണെങ്കിലും മനുഷ്യസ്ത്രീ ആണെങ്കില്‍ ആ നല്ല മനസ്സിന്റെ ഉടമ തിരികെ എത്തണം, നേരിട്ട് കാണണം.’- ഇതാണ് സുഭദ്ര പറഞ്ഞത്. അധികം വൈകാതെ താന്‍ ആരാണെന്ന് വെളിപ്പെടുത്തി ശ്രീലത എല്ലാക്കാര്യവും തുറന്നുപറയുകയായിരുന്നു.
വിവാദ പ്രകൃതി ചികിത്സാവിദഗ്ധനും നാട്ടുവൈദ്യനുമായ ന്തരിച്ച മോഹനന് വൈദ്യര് കേരളത്തില്‍ പ്രശസ്തനായിരുന്നു. അര്‍ബുദം ഉള്‍പ്പെടെ പല മാറാരോഗങ്ങളും തന്റെ നാട്ടുവൈദ്യത്തിലൂടെ സുഖപ്പെടുത്തിയിട്ടുള്ളതായി മോഹനന് വൈദ്യരും ഇദ്ദേഹത്തിന്റെ അടുത്ത് നിന്നും ചികിത്സ ലഭിച്ച ചില രോഗികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചികിത്സ ലഭിക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ ധാരാളം പേര് വടകരയിലെ ചികിത്സാകേന്ദ്രത്തില്‍ എത്തുക പതിവായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തന്റെ 65ാം വയസ്സില്‍ മോഹനന് വൈദ്യര് തിരുവനന്തപുരത്തെ കരമനയിലെ ബന്ധുവീട്ടില്‍ അന്തരിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിന്റെ പേരില്‍ മോഹനന്‍വൈദ്യര്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തികൂടിയാണ് മോഹനന് വൈദ്യര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: