ലണ്ടന്‍: വ്‌ളാഡിമിര്‍ പുടിന്‍ എന്ന പാശ്ചാത്യലോകത്തിന്റെ അധിശത്വത്തെ വെല്ലുവിളിച്ച വലിയ മീനിനെ കൈകഴുകാതെ കൊല്ലാനാണ് പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ഗൂഢതന്ത്രം. ഉക്രൈന്‍ എന്ന ഇരയില്‍ കൊത്തുക വഴി പുടിന്‍ എന്ന ഏകാധിപതി അധികാരത്തില്‍ നിന്നും താഴെ വീഴുമെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പ്രവചിക്കുന്നു. 20ാം ദിവസമായിട്ടും ഉക്രൈനെ വീഴ്‌ത്താന്‍ കഴിയാതെ പുടിന്‍ വിയര്‍ക്കുന്നതിന് പിന്നിലും യുഎസും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും നാറ്റോയും മുന്‍കൂട്ടി ഉക്രൈനില്‍ വര്‍ഷങ്ങളായി ഒരുക്കിയ യുദ്ധതന്ത്രത്തിന്റെ വിജയം കൂടിയാണെന്ന വിലയിരുത്തലും പുറത്തുവരികയാണ്.
യുഎസും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതികഠിനമായ സാമ്പത്തിക ഉപരോധങ്ങളും വിലക്കും മൂലം റഷ്യയുടെ നാണ്യമായ റൂബിള്‍ തലകുത്തി വീണു. സ്വന്തം കയ്യിലുണ്ടായിരുന്ന 64,000 കോടി ഡോളറിന്റെ വിദേശ കരുതല്‍ ധനം പോലും തൊടാന്‍ കഴിയാതെ റഷ്യ മാന്ദ്യത്തിലേക്ക് പതിച്ചുതുടങ്ങുകയാണ്. പുടിന്റെ കൂട്ടാളികളായ പണക്കാരായ ഒലിഗാര്‍ക്കുകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും വിദേശത്തെ ആസ്തികള്‍ പിടിച്ചെടുക്കുകയും ചെയ്തു. റഷ്യയിലെ ബാങ്കുകളെ വരെ വിദേശരാജ്യങ്ങളില്‍ ഇടപാടുകള്‍ നടത്താനാകാത്ത വിധം ഉപരോധക്കെണിയില്‍ കുടുക്കിയിരിക്കുകയാണ്. ഉപരോധങ്ങള്‍ റഷ്യയെ 30 വര്‍ഷം പിറകോട്ടടിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ആയുധങ്ങള്‍ ഏറെയൊക്കെ പ്രയോഗിച്ചെങ്കിലും പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും മികച്ച മിസൈല്‍ പ്രതിരോധസംവിധാനങ്ങളും സായുധഡ്രോണുകളും ഉപയോഗിച്ച് ഉക്രൈന്‍ കനത്ത ആള്‍നാശവും ആയുധനാശവും റഷ്യയ്‌ക്ക് സമ്മാനിക്കുകയാണ്.
ഉക്രൈന് വേണ്ട അപകടകാരികളായ ആയുധങ്ങളും അത് പ്രവര്‍ത്തിപ്പിക്കാനുള്ള വിദഗ്ധരെയും പാശ്ചാത്യശക്തികള്‍ ദിനംപ്രതിയെന്നോണം ഉക്രൈനില്‍ എത്തിക്കുന്നതായി പറയപ്പെടുന്നു. റഷ്യയുടെ ആയുധശേഖരങ്ങളെ കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള പ്രത്യാക്രമണത്തിനുള്ള വിലകൂടിയ ആയുധങ്ങളാണ് ഉക്രൈന് നല്‍കിയിരിക്കുന്നത്. ഇത് മനസ്സിലാക്കിയതോടെയാണ് വിദേശത്ത് നിന്നും ആയുധങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളെ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം റഷ്യ പ്രഖ്യാപിച്ചത്.
രണ്ട് തെറ്റുകള്‍ പുടിന് സംഭവിച്ചു കഴിഞ്ഞു. ഒന്ന് അതിവേഗം ഉക്രൈന്‍ പിടിക്കാമെന്ന വ്യാമോഹം. ഉക്രൈന്‍ മുഴുവനായി 20 ദിവസമായിട്ടും കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്, പാശ്ചാത്യ ശക്തികള്‍ ഒന്നടങ്കം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന്റെ പ്രത്യാഘാതം പുടിന്‍ കരുതുന്നതിനേക്കാള്‍ എത്രയോ വ്യാപകമായ വിദൂരഫലങ്ങള്‍ സൃഷ്ടിക്കുമെന്നും അത് റഷ്യയെ തകര്‍ക്കുമെന്നും നോബല്‍ സമ്മാന ജേതാവായ പോള്‍ ക്രൂഗ്മാന്‍ വിലയിരുത്തുന്നു.
റഷ്യയെ സഹായിക്കാന്‍ സാധ്യതയുള്ള, സായുധശക്തിയേറെയുള്ള ചൈനയെ ഭീഷണിയും താക്കീതും വഴി അകറ്റി നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരസ്യമായി റഷ്യയെ പിന്തുണയ്‌ക്കാന്‍ ചൈന വരാനുള്ള സാധ്യത വിദൂരമാണ്. യുദ്ധച്ചെലവും സാമ്പത്തിക ഉപരോധവുമാണ് റഷ്യയെ കിതപ്പിയ്‌ക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കുറഞ്ഞ പണത്തിന് ഇന്ത്യയ്‌ക്ക് എണ്ണ നല്‍കാമെന്നുള്ള റഷ്യയുടെ വാഗ്ദാനം. ഒപ്പം ചൈനയോടും റഷ്യ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. തല്‍ക്കാലം ഇത് റഷ്യ നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ല.
ഇതിനിടെ റഷ്യയിലെ സമ്പന്നരുടെ സഹായത്തോടെ തന്നെ ആഭ്യന്തരകലാപം അഴിച്ച് വിട്ട് പുടിനെ വീഴ്‌ത്താനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നത്. ഒരു ആയുധം പോലും ചെലവാക്കാതെ, മറ്റൊരു രാജ്യത്തെ ഉപയോഗിച്ച് റഷ്യയെ ഇഞ്ചിഞ്ചായി കൊല്ലാനാണ് പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.
റഷ്യന്‍ സേനയ്‌ക്കകത്തെ അതൃപ്തി ഉപയോഗിച്ച് പുടിനെ ഒരു സൈനിക അട്ടിമറിയിലൂടെ വീഴ്‌ത്താനും അമേരിക്ക ശ്രമിക്കുന്നതായി പഠനങ്ങളുണ്ട്. യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം തന്നെ ഈയൊരു സാധ്യതയെക്കുറിച്ച് ഈയിടെ പ്രസ്താവിച്ചിരുന്നു. റഷ്യന്‍ സൈന്യത്തില്‍ തന്നെ മുതിര്‍ന്ന പല ഉദ്യോഗസ്ഥരും ഉക്രൈനെ ആക്രമിച്ചതില്‍ അസംതൃപ്തരാണ്. യുദ്ധത്തില്‍ റഷ്യന്‍ സൈനികര്‍ കനത്ത ആള്‍നാശം നേരിടേണ്ടിവരുന്നതില്‍ അതൃപ്തിയുള്ളവരും ഉണ്ടെന്ന് പറയുന്നു. നീണ്ടുനില്‍ക്കുന്ന ഉക്രൈന്‍ യുദ്ധം സൈനിക നേതൃത്വത്തിന് പുടിനോടുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് അദ്ദേഹത്തിനെതിരെ തിരിയാനുള്ള കാരണമാകുമെന്നും ലോകത്തെ സൈനിക അട്ടിമറികളെക്കുറിച്ച് പഠിച്ച നൗനിഹാല്‍ സിങ്ങ് പറയുന്നു. (ഇദ്ദേഹത്തിന്‍രെ സീസിംഗ് പവര്‍ (അധികാരം പിടിക്കല്‍) എന്ന 2017ലെ പുസ്തകം പട്ടാളഅട്ടിമറികളുടെ ഉള്ളറകള്‍ പരതുന്ന ഒന്നാണ്).
റഷ്യന്‍ ദേശീയത എന്ന പുടിന്റെ ആത്മരതിയെ സുഖിപ്പിക്കുന്ന ഒട്ടേറെ സ്തുതിപാഠകരായ ഒരു പിടി നേതാക്കളാണ് പുടിനെ വഴിതെറ്റിക്കുന്നതെന്ന് റഷ്യയിലെ പല ജേണലിസ്റ്റുകളും എഴുതിയിട്ടുണ്ട്. ഇത്രയേറെ പാഴ്‌ചെലവുണ്ടാക്കിയ, രാജ്യത്തെ സമ്പത്തിനെ മുഴുവന്‍ നശിപ്പിക്കുന്ന, ധനികരെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ ഈ യുദ്ധം റഷ്യയിലെ ഉന്നതരാഷ്‌ട്രീയക്കാര്‍ക്കിടയില്‍ അസംതൃപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.
റഷ്യയുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ അസംസ്‌കൃത എണ്ണയുടെ വില്‍പന തന്നെ നിശ്ചലമാക്കാനാണ് യുഎസും യൂറോപ്പും ശ്രമിക്കുന്നത്. ഇതോടെ റഷ്യന്‍ സമ്പദ്ഘടന കീഴ്‌മേല്‍ മറിയും. റഷ്യന്‍ റിപ്പോര്‍ട്ടറായ ഫരീദ റുസ്തമോവ ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയിലെ പട്ടാളമേധാവികള്‍ക്കിടയിലുള്ള അസംതൃപ്തി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഉക്രൈന്‍ ആക്രമണത്തിലെ ആദ്യപാദം പരാജയമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ പേരില്‍ പുടിന്‍ റഷ്യന്‍ രഹസ്യസേനയിലെ ചില ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ ശിക്ഷിച്ചതായി സെന്റര്‍ ഫോര്‍ യൂറോപ്യന്‍ പോളിസി എന്ന തിങ്ക് ടാങ്കിലെ റഷ്യന്‍ വിദഗ്ധനായ ആന്‍ഡ്രെ സോള്‍ഡടോവ് തുറന്നെഴുതിയിരുന്നു. യുദ്ധത്തില്‍ പരാജയമടഞ്ഞാല്‍ ഏകാധിപതികള്‍ കൂടെയുള്ളവരെ കുറ്റപ്പെടുത്തുക സ്വാഭാവികമാണെന്ന് നൗനിഹാല്‍ സിങ്ങ് പറയുന്നു. ഇതോടെ ഉന്നത പട്ടാളോദ്യോഗസ്ഥര്‍ തന്നെ ശിക്ഷ ഭയന്ന് പുടിനില്‍ നിന്നും രക്ഷപ്പെടുന്നതാണ് നല്ലതെന്നും അതിന് അദ്ദേഹത്തെ അട്ടിമറിക്കുന്നതാണ് നല്ലതെന്നും ചിന്തിക്കുമെന്നും നൗനിഹാല്‍ സിങ്ങ് പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: