കോട്ടയം: മുന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള സാമ്പിള്‍ സര്‍വ്വേ സംബന്ധിച്ച് എന്‍എസ്എസ് ഉയര്‍ത്തിയ രണ്ട് വാദമുഖങ്ങളും അംഗീകരിച്ച് സമഗ്ര സര്‍വ്വേ നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ അതിനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
മുന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള സാമ്പിള്‍ സര്‍വ്വേ നിര്‍ത്തിവയ്ക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് എന്‍എസ്എസ് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ ശരിയാണെന്ന് അന്ന് കമ്മിഷനും അംഗീകരിച്ചതാണ്. എന്നിട്ടും സാമ്പിള്‍ സര്‍വ്വേ നടപടികളുമായി മുന്നോട്ടു പോവുകയാണ് കമ്മിഷന് ചെയ്തത്.
ജസ്റ്റിസ് രാമകൃഷ്ണപിള്ള കമ്മിഷന് പറഞ്ഞിരിക്കുന്നതുപോലെ ആകെ ജനസംഖ്യയുടെയും സമഗ്ര സാമൂഹിക-സാമ്പത്തിക-സാമുദായിക സര്‍വേയ്ക്കോ ഓരോ സമുദായത്തിന്റെയും കണക്കെടുപ്പിനോ പകരം ആയിരിക്കരുത് ഈ സാമ്പിള്‍ സര്‍വേയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ സമഗ്രസര്‍വ്വേ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഉന്നതതല തീരുമാനം ആവശ്യമായതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഇതിനിടെ, കോടതിയുടെ തീരുമാനം അറിയുന്നതിനു മുമ്പുതന്നെ കമ്മിഷന് സാമ്പിള്‍ സര്‍വേ പൂര്‍ത്തിയാക്കി, റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍, വിശദ ചര്‍ച്ച വേണമെന്ന് നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. എന്‍എസ്എസ് ഉയര്‍ത്തിയ വാദമുഖങ്ങള്‍, നിയമപരവും വസ്തുതാപരവുമായി ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതു കൂടിയാണ് ഹൈക്കോടതി വിധി.
മുന്നാക്കക്ഷേമം മുന്‍നിര്‍ത്തി കമ്മിഷന് നല്‍കിയിട്ടുള്ള ശിപാര്‍ശകളും നിര്‍ദേശങ്ങളും നടപ്പിലാക്കണമെന്ന അഭിപ്രായമാണ് എന്‍എസ്എസ്സിനുള്ളത്. എന്നാല്‍, മുന്നാക്കസംവരണത്തിന് അടിസ്ഥാനമാവേണ്ട സമഗ്രവും ശാസ്ത്രീയവുമായ സര്‍വ്വേയ്ക്ക് സാമ്പിള്‍ സര്വ്വേഒരിക്കലും പകരമാവില്ല. മാത്രമല്ല, അത് മുന്നാക്ക സംവരണത്തിന് തിരിച്ചടി ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇക്കാര്യം കൂടി പരിഗണിച്ചാവണം സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: