ആലപ്പുഴ: തകര്‍ന്നടിഞ്ഞ പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതില്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്കാണ് ഈ മേഖലയില്‍ ആധിപത്യം. കൂലി കുറവും, തൊഴില്‍ സുരക്ഷയും ഇല്ലാത്ത സാഹചര്യത്തില്‍ പുതുതലമുറ ഈ മേഖലയിലേക്ക് കടന്നു വരുന്നില്ല, വിദഗ്ധരായ തൊഴിലാളികള്‍ പോലും നിര്‍മാണ രംഗം ഉള്‍പ്പടെ മറ്റു മേഖലയിലേക്ക് മാറുകയാണ്.
ഈ സാഹചര്യത്തില്‍ കയര്‍മേഖലയ്ക്കായി കൂടുതല്‍ തുക വകയിരുത്തുമെന്നാണ് ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കയര്‍വ്യവസായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉതകുന്ന പദ്ധതികളോ സഹായങ്ങളോ ബജറ്റില്‍ പ്രഖ്യാപിച്ചില്ല. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാന കാലത്ത് 122 കോടി രൂപയാണ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രത്യേക ബജറ്റില്‍ ഈ തുക തന്നെ വകയിരുത്തിയെങ്കില്‍ ഇപ്പോള്‍ 117 കോടിയാണ് അനുവദിച്ചിരിക്കുന്നത്. പരമ്പരാഗത വ്യവസായമായ കയര്‍മേഖലയ്ക്ക് ഈ തുക അപര്യാപ്തമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കയര്‍ പൊതുമേഖല ാസ്ഥാപനങ്ങള്ക്ക് അനുവദിച്ചിരിക്കുന്ന 10 കോടി രൂപ കൊണ്ട് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല.
വിദേശ കമ്പോളത്തില്‍ ഇടപെടല്‍ നടത്തുന്നതിനും മറ്റുമായി ഈ തുകയും അപര്യാപ്തമാണ്. കയര്‍പിരിമേഖലയിലെ തൊഴിലാളികളുടെ കൂലി 600 രൂപയായി ഉയര്‍ത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല. ചെറുകിട കയര്‍ഫാക്ടറി തൊഴിലാളികളുടെ കാര്യവും മറിച്ചല്ല. തൊഴിലാളികളെ കയര്‍വ്യവസായത്തില്‍ പിടിച്ചു നിര്‍ത്താനുള്ള ഒരു പദ്ധതിയും ആവിഷ്ക്കരിച്ചിട്ടില്ല. ചകിരി ഉത്പാദനം എല്ലാ ബജറ്റിലും പറയുമെങ്കിലും അത് നടപ്പാകുന്നില്ല. കയര്‍ കോര്പ്പറേഷന് വഴി സംഭരിച്ച കയര്‍ ഭൂവസ്ത്രം, ചകിരിത്തടുക്ക്, ചവിട്ടി, കയര്‍ പായ് തുടങ്ങിയ 70 കോടി രൂപയുടെ ഉത്പന്നങ്ങള്‍ നിലവില്‍ കെട്ടികിടക്കുകയാണ്. ഇവ കമ്പോളത്തില്‍ വിറ്റഴിക്കുന്നതിന് യാതൊരു പദ്ധതിയുമില്ല.
കയര്‍ വ്യവസായ മേഖലയില്‍ ഇടനിലക്കാരെ ഒഴിവാക്കാനായി നിര്‍ത്തലാക്കിയ ഡപ്പോസമ്പ്രദായം കൂടുതല്‍ ശക്തമായി തിരിച്ചു വരികയാണ്. ഇത്തവണ വകയിരുത്തിയ 117കോടിയില്‍ സഹകരണ സംഘങ്ങള്‍ക്ക് 12കോടി, സ്വകാര്യ സംരംഭകര്‍ക്ക് 20 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 10 കോടി, വിലവ്യതിയാന ഫണ്ട് 38, മാര്‍ക്കറ്റിങ് വിപുലപ്പെടുത്തല്‍ 10, മറ്റ് പദ്ധതികള്‍ക്ക് 27 കോടി എന്നിങ്ങിനെയാണ് പ്രഖ്യാപനം. മാര്‍ക്കറ്റിങ് വിപുലപ്പെടുത്തല്‍ എന്ന പേരില്‍ കയര്‍കേരള ഉത്സവങ്ങള്‍ നടത്തി കോടികള്‍ പാഴാക്കുന്നതല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: